എന്നെ പറ്റി

Sunday, July 01, 2018

ദേവസ്പര്‍ശമേറ്റ ദേവ്കുണ്ഡ്...

                  പശ്ചിമഘട്ട മലനിരകള്‍ക്ക് മണ്‍സൂണ്‍ മഴക്കാലം പകര്‍ന്നു നല്‍കുന്ന സ്വര്‍ഗീയ ദൃശ്യാനുഭൂതി ആരെയും വിസ്മയിപ്പിക്കാന്‍ പോന്നതാണ്. കേരളത്തിലും കര്‍ണ്ണാടകത്തിലും മാത്രമല്ല, കൊങ്കണ്‍ തീരത്തോട് ചേര്‍ന്നു നില്‍ക്കുന്ന മാറാട്ട ഭൂമിയിലും നൂറുകണക്കിന് ജലധാരകള്‍ മണ്‍സൂണ്‍ മഴ രൂപപ്പെടുത്താറുണ്ട്. 

                   മഹാരാഷ്ട്രയിലെ റായ്ഗട് ജില്ലയില്‍ കുന്തലിക നദിയുടെ ഉദ്ഭവഭാഗത്ത് ഉള്ള പ്രശസ്തമായ വെള്ളച്ചാട്ടമാണ് ദേവ്കുണ്ഡ്. മറക്കാനാകാത്ത ദൃശ്യാനുഭവം ഓരോ സഞ്ചാരിയുടെ മനസ്സിലും എഴുതിച്ചേര്‍ക്കും ഇവിടേക്കുള്ള യാത്ര. ദേവ്കുണ്ഡിനെ കുറിച്ച് ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ ആദ്യം തന്നെ ശ്രദ്ധയാകര്‍ഷിച്ചത് 'The virgin place with clear water' എന്ന വാക്യം ആണ്. 

                 കഴിഞ്ഞ വര്‍ഷം മനസ്സില്‍ ഉറപ്പിച്ചതാണ് ദേവ്കുണ്ഡ് ട്രെക്കിംഗ്. എന്നാല്‍ ഞാന്‍ പോകാന്‍ ഉദ്ദേശിച്ച സമയത്ത് ചിലരുടെ അപകടമരണം അവിടെ സംഭവിച്ചതിനാല്‍ യാത്രാനിരോധനം ഉണ്ടായിരുന്നു . അത് ഒക്ടോബര്‍ മാസം വരെ തുടര്‍ന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്.
        
                       ഈ വര്‍ഷത്തെ കാലവര്‍ഷാരംഭത്തില്‍ ഭൂമി പച്ചപ്പട്ടണിഞ്ഞു സുന്ദരിയായി കഴിഞ്ഞിരിക്കുന്നു. പിന്നെയെന്താലോചിക്കാന്‍... ജൂലൈ 1 ഞായറാഴ്ച രാവിലെ ആറരക്കു തന്നെ പൂനെ നിന്നും ഞാനും ഭാര്യയും ബൈക്കില്‍ യാത്ര തുടങ്ങി. എന്നത്തേയും പോലെ ഗൂഗിള്‍മാപ്പ് തന്നെ വഴികാട്ടി. നേരം പുലര്‍ന്നു വരുന്നതല്ലേ ഉള്ളൂ, നഗരത്തില്‍ തിരക്ക് നന്നേ കുറവ്. എഴുമണി ആയപ്പോഴേക്കും നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ പരിസരത്തോട് കൂടി നഗരത്തോട് വിട പറഞ്ഞു യാത്ര തുടര്‍ന്നു. പൌട്, മുല്ഷി സ്ഥലങ്ങളെ അടയാളപെടുത്തി കൊണ്ടുള്ള സൂചനാബോര്‍ഡുകള്‍ ദൃശ്യമായതോടെ നാവിഗേഷന്‍ ഓഫ്‌ ചെയ്തു. ഇനി അങ്ങോട്ട്‌ ഉള്ള പ്രധാന സ്ഥലങ്ങളെ മനസ്സില്‍ പലയാവര്‍ത്തി ഉറപ്പിച്ചു വച്ചിരുന്നു ഞാന്‍. മനോഹരമായ നെല്‍പ്പാടങ്ങള്‍ക്ക് നടുവിലൂടെയുള്ള സഞ്ചാരം... ദൂരത്തു പ്രഭാതസൂര്യകിരണങ്ങള്‍ ഏറ്റു തിളങ്ങി നില്‍ക്കുന മലനിരകള്‍. ഭൂഗാവ്- പിരന്‍ഗുഡ്- പൌട് വഴി മുല്ഷി ഡാം പരിസരത്തേക്കു എളുപ്പം തന്നെ എത്തിച്ചേര്‍ന്നു. മഴക്കാലം ആയി വരുന്നതല്ലേ ഉള്ളൂ.. റിസര്‍വോയറില്‍ ജലനിരപ്പ് തീരെ കുറവ്. മുതലകളുടെ ആക്രമണം സൂക്ഷിക്കുക എന്ന് രേഖപ്പെടുത്തിയ ബോര്‍ഡുകള്‍ പലിടത്തും കണ്ടു. 
അധികം നേരം അവിടെ സമയം ചിലവഴിച്ചില്ല... ലക്ഷ്യസ്ഥാനം വേറെയാണല്ലോ... 
              
                   മനോഹരമായ താമ്ഹിനിഘട്ട് വഴിയാണ് ഇനി യാത്ര. റോഡരികില്‍ ഒട്ടനേകം കൊച്ചുജലധാരകള്‍... 
താംമ്ഹിനി ഘട്ടില്‍ കണ്ട ജലധാര 
വിജനമായ റോഡിനു ക്ലാസിക് ലുക്ക്‌ സമ്മാനിച്ചു കൊണ്ട് മഹാരാഷ്ട്ര റോഡ്‌ കോര്‍പറെഷന്‍റെ പഴഞ്ചന്‍ ബസ്സുകള്‍ ഇടയ്ക്കു ചുരം കടന്നു വരുന്നു. കോട ഉണ്ടായിരുന്നതുകൊണ്ട് തന്നെ വിദൂരദൃശ്യഭംഗി ആസ്വദിക്കാന്‍ കഴിഞ്ഞില്ല. താമ്ഹിനിഘട്ട് കഴിഞ്ഞു എത്തിയത് വര്‍ച്ചിവാടി എന്ന സ്ഥലത്തേക്കാണ്‌. ദേവ്കുണ്ഡ് എന്ന് ചോദിക്കുമ്പോള്‍ തന്നെ ഭീറഗാവ് എന്നും പറഞ്ഞു വഴി കാണിച്ചു തന്നു വൃദ്ധനായ ഒരു ഗ്രാമീണന്‍. 

                          കുറച്ചു കൂടി സഞ്ചരിച്ചു കഴിഞ്ഞപ്പോള്‍ പാട്നുസ് എന്ന പ്രദേശം എത്തി. ചിലര്‍ റോഡില്‍ നില്‍ക്കുന്നു. 10 രൂപയുടെ ടിക്കറ്റ് എടുക്കണം ഇനി മുന്നോട്ടു പോകാന്‍ പോലും. ദേവ്കുണ്ഡ് സന്ദര്‍ശിക്കുന്ന യാത്രികരെ മാത്രം ഉദ്ദേശിച്ചു അവിടുത്തെ ഗ്രാമപഞ്ചായത്ത് നിയമപ്രകാരം ഏര്‍പ്പെടുത്തിയത് ആണ് ഈ പത്തുരൂപ പിരിവ്.  ഒരു കിലോമീറ്റര്‍ കൂടി സഞ്ചരിച്ചു കാണും... ഭീരഗാവ് എത്തിയിരിക്കുന്നു. ഒരു ഡാം, അതിനോട് ചേര്‍ന്ന ചില ഭക്ഷണശാലകള്‍, വിശ്രമകേന്ദ്രങ്ങള്‍, പാര്‍ക്കിംഗ്, എടിഎം പിന്നൊരു പെട്രോള്‍ പമ്പും ഇതാണു ആ ഗ്രാമം... റോഡ്‌ അവസാനിച്ചിരിക്കുന്നു. ഹോട്ടല്‍ പരിസരത്ത് ഗാര്‍ഡ് ആയി ഇരുന്ന ഒരു കറുത്ത കുള്ളന്‍ സര്‍ദാര്‍ജി ടുവീലര്‍ പാര്‍ക്കിംഗ് ചൂണ്ടിക്കാണിച്ചു തന്നു.  അദ്ദേഹത്തെ സന്തോഷിപ്പിക്കാന്‍ പഞാബി ഭാഷയില്‍ 'ധാന്‍ബാദ് പാജി' എന്നു നന്ദിയും പറഞ്ഞു ഞാന്‍ പാര്‍ക്കിങ്ങ് ലക്ഷ്യമാക്കി വണ്ടി തിരിച്ചു. 

                      പാര്‍ക്കിങ്ങില്‍ വലിയ തിരക്കില്ല. സമയം ഒന്‍പതര ആകുന്നതെ ഉള്ളൂ... 30 രൂപയാണ് ബൈക്കിനു പാര്‍ക്കിംഗ് ചാര്‍ജ്ജ്. അവിടെ ഉണ്ടായിരുന്ന തട്ടുകടയില്‍ നിന്നും മറാട്ടികളുടെ പ്രിയ വിഭവം ആയ 'പോഹ' (നമ്മുടെ അവല്‍ ഉപ്മാവ്) യും ചായയും കഴിച്ചു ട്രെക്കിംഗ് പ്രവേശനസ്ഥലത്തേക്ക് തിരിച്ചു. ഒരാള്‍ പോകുന്ന ആളുകളുടെ വ്യക്തിവിവരം ശേഖരിക്കുന്നു. സ്ത്രീകള്‍ കൂടെയുള്ളവരോട് ഐഡന്റിറ്റി പ്രൂഫ്‌ ചോദിക്കുന്നുമുണ്ട്. ട്രെക്കിംഗ് വഴി ഉണ്ടാകുന്ന അപകടങ്ങള്‍ക്കു വേറെ ആരും ഉത്തരവാദി ആയിരിക്കില്ല എന്നും പറഞ്ഞു ഒപ്പിട്ടു വാങ്ങുന്നുണ്ടായിരുന്നു അവിടെ. പണ്ടു പഠിച്ച ഹിന്ദി ടീച്ചര്‍മാരെ മനസ്സില്‍ ധ്യാനിച്ച്‌ ഞാനും എഴുതി മുഴുവന്‍ മനസ്സിലാകാന്‍ സാധിക്കാത്ത മറാട്ടി ഭാഷയില്‍ ഒരു സ്റ്റേറ്റ്മെന്‍റ്. ഗൈഡ് സൗകര്യം ലഭ്യമാണ്, ഗ്രൂപ്പ് ആയി പോകുന്നവര്‍ക്ക് 150 രൂപ/ഹെഡ് നിരക്കിലും അല്ലാത്തവര്‍ക്ക് 1000 രൂപ നിരക്കിലും. എന്തായാലും ഗൈഡ് വേണ്ടെന്നു വച്ചു.  
ആയിരക്കണക്കിന് യാത്രികരുടെ കാല്പാടുകള്‍ പതിഞ്ഞ ഇടുങ്ങിയ വഴിത്താരയിലൂടെ ഞങ്ങളും യാത്ര തുടങ്ങി. കേരളത്തിലെ പശ്ചിമഘട്ട മലനിരകളില്‍ കണ്ടു പരിചയം ഉള്ള സസ്യലതാതികളാല്‍ സമ്പന്നമായ പുഴയോരം.. ഇടയ്ക്കു ചില കൊച്ചു കൊച്ചു ജലധാരകള്‍. രാത്രി പെയ്ത മഴയില്‍ മണ്ണ് നനഞ്ഞിരുന്നതിനാല്‍ നടത്തം അത്ര എളുപ്പം ആയിരുന്നില്ല. എന്നിരുന്നാലും ആരംഭശൂരത്വം കാരണം അതൊന്നും ഒരു പ്രശ്നമേ ആയിരുന്നില്ല. 
                     

                         പുഴയോരം ചേര്‍ന്ന ഒരു സമതലഭൂമി. നന്നേ തെളിഞ്ഞ കാലാവസ്ഥ.. ഇടയില്‍ ചെറിയ കൂരയില്‍ പണിത ചായക്കടകള്‍ മാത്രമായിരുന്നു മനുഷ്യനിര്‍മ്മിതമായി ഉണ്ടായിരുന്നത്. യാത്ര വളരെ എളുപ്പമേറിയതായി തോന്നി...  എന്നാല്‍ ഒരു വലിയ നീര്‍ച്ചാലോടു കൂടി ആ ചിന്തക്ക് ശമനം വന്നു. അരക്കൊപ്പം വെള്ളം കുതിച്ചൊഴുകുന്ന ഒരു കൊച്ചരുവി.. ചെങ്കുത്തായ പാറയിടുക്കില്‍ വളരെ ശക്തിയില്‍ ആണ് ജലം പ്രവഹിക്കുന്നത്... അതിനു കുറുകെ മരക്കമ്പുകള്‍ കൂട്ടിക്കെട്ടി ഉണ്ടാക്കിയ ഒരു കൊച്ചുതൂക്കുപാലം. ഒരാള്‍ 20 രൂപ നിരക്കില്‍ പണം ഈടാക്കുന്നു പാലം കടക്കാന്‍.. അതും ഒരു വരുമാനമുള്ള തൊഴില്‍ !!!! 
                                  പോകുന്ന സഞ്ചാരികളില്‍ വളരെ കുറച്ചു പേര്‍ മാത്രമേ ആ പാലം വഴി പോകുന്നുള്ളൂ... മിക്കവരും ട്രെക്കിംഗ് ആസ്വദിക്കാന്‍ എത്തിയവര്‍ ആയതുകൊണ്ട് തന്നെ ഒരല്‍പ്പം സാഹസികതയ്ക്കു വേണ്ടി അരയോളം വെള്ളത്തില്‍ പാറയിടുക്കിലൂടെ നടന്നു പോകുന്നു. ഞങ്ങളും പാലം വേണ്ടെന്നു വച്ചു.... 

    ഭൂപ്രകൃതി ആകെ മാറിയിരിക്കുന്നു. സമതലപ്രദേശങ്ങള്‍ക്ക് വിട. ചെങ്കുത്തായ വഴി. പാറയില്‍ കാലൊന്നു തെന്നിയാല്‍ നേരെ താഴേക്കു.. സമയം 11 മണി കഴിഞ്ഞിരിക്കുന്നു. ഞങ്ങള്‍ വളരെ ആയാസപ്പെട്ടു കയറുമ്പോള്‍ കൂട്ടം കൂട്ടമായി ചിലര്‍ തിരിച്ചുവരുന്നുണ്ടായിരുന്നു. ആഗ്രഹിച്ച കാഴ്ച്ച കണ്‍കുളിര്‍ക്കെ കണ്ടതിന്‍റെ സന്തോഷം അവരുടെ കണ്ണുകളില്‍ പ്രതിഫലിക്കുന്നുണ്ടായിരുന്നു. പിന്നെയും ഏകദേശം മുക്കാല്‍ മണിക്കൂര്‍ നടന്നു കാണും, പ്രകൃതി പിന്നെയും മാറിയിരിക്കുന്നു. ഇടതൂര്‍ന്നു വളരുന്ന കൂറ്റന്‍ മരങ്ങളും വള്ളിപ്പടര്‍പ്പുകളും... പലിടത്തും വെയില്‍വെളിച്ചം പോലും കടന്നു ചെല്ലാത്ത ഇരുട്ട്... ചെളി നിറഞ്ഞ കാനന പാതയില്‍ കാല്‍ പൂഴ്ന്നു പോകാതിരിക്കാന്‍ കരിങ്കല്‍ കഷണങ്ങള്‍ പാകിയിരിക്കുന്നു ചിലയിടങ്ങളില്‍.                        വെള്ളച്ചാട്ടത്തിന്‍റെ ഇരമ്പല്‍ കാതില്‍ പരന്നപ്പോള്‍ അറിയാതെ ഞങ്ങളുടെ കാലുകള്‍ക്ക് വേഗത കൂടി. വെള്ളച്ചാട്ടത്തെ പുണര്‍ന്നു നില്‍ക്കുന്ന ആളുകളുടെ  ഹര്‍ഷാരവം കൂറ്റന്‍ പാറകളില്‍ തട്ടി പ്രതിധ്വനിക്കുന്നുണ്ടായിരുന്നു. 
അതെ ഞങ്ങള്‍ ദേവ്കുണ്ട് വെള്ളച്ചാട്ടത്തില്‍ എത്തിയിരിക്കുന്നു... ഒട്ടനേകം മീറ്റര്‍ അകലത്തേക്ക് വരെ ചാറ്റല്‍ മഴയായി ദേവ്കുണ്ട് യാത്രികരെ മാടിവിളിക്കുന്നു... കുറച്ചധികം നേരം ആ ദൈവീക ഭൂമിയുടെ ഭംഗി ആസ്വദിച്ചു മടക്ക യാത്ര... 

                   മനുഷ്യസ്പര്‍ശം അധികം ഏല്‍ക്കാത്ത ചരിത്രത്തില്‍ ആരും അടയാളപ്പെടുതാത്ത  ഓരോ പ്രദേശത്തേക്കും ഉള്ള യാത്ര എന്നില്‍ സമ്മാനിക്കുന്ന മനസംതൃപ്തി അനിര്‍വചനീയമാണ്...    ദേവ്കുണ്ട് യാത്രയെ കുറിച്ച് കൂടുതല്‍ അറിയാന്‍ https://www.devkundwaterfall.com/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം. പാര്‍ക്കിംഗ് സ്ഥലത്തെ ഹോട്ടലില്‍ 7378737819 അല്ലെങ്കില്‍ 8793811870 നമ്പരുകളില്‍ വിളിക്കാം.