കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മനസ്സില്‍ ഉറപ്പിച്ചതാണ് ഒരു ഹിമാചല്‍ യാത്ര. എന്തൊക്കെയോ
കാരണങ്ങള്‍ കൊണ്ട് അതങ്ങനെ നീണ്ടു നീണ്ടു പോയി. ഒടുവില്‍ ഒരുപാട്
സ്വപ്നങ്ങള്‍ നെയ്തുകൂട്ടി ആ സ്വര്‍ഗ്ഗഭൂമിയിലേക്ക് പ്രവേശിക്കാന്‍ ഈ കഴിഞ്ഞ
ഒക്ടോബര്‍ മാസം വരെ കാത്തിരിക്കേണ്ടി വന്നു എനിക്ക്.
എന്റെ പ്രിയസുഹൃത്ത് കണ്ണനും കൂടെ ഉണ്ടായിരുന്നു ആ മനോഹരഭൂമിയുടെ അനിര്‍വചനീയമായ
സൗന്ദര്യം നുകരാന്‍. ആദ്യം ചണ്ഡിഗഢ് നഗരത്തില്‍ നിന്നും ബസ് വഴി കല്‍ക്കയിലേക്ക്. ഹിമാലയതാഴ്വാരത്തു
കാളീദേവിയുടെ അനുഗ്രഹത്താല്‍ സമ്പന്നമായ ചെറു പട്ടണം. ഹിമാചലിലേക്കുള്ള
കവാടം ആയി അറിയപ്പെടുന്ന സ്ഥലം. മുന്‍പ് പട്യാല രാജവംശത്തില്‍ നിന്നും ബ്രിട്ടിഷുകാര്‍
കീഴടക്കി തങ്ങളുടെ വേനല്‍ക്കാല വിശ്രമ കേന്ദ്രങ്ങളായ ഷിംല, ഡല്‍ഹൗസി
എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാനുള്ള ഇടത്താവളമാക്കി ഈ പ്രദേശം. കല്‍ക്കയില്‍
നിന്നും ഷിംല വരെ ദുര്‍ഘടമായ ട്രെയിന പാത നിര്‍മ്മിച്ചു കഴ്സണ് പ്രഭു . അതിപ്പോഴും
ഇവിടുത്തെ ഒരു പ്രധാന ആകര്‍ഷണം തന്നെയാണ്.
 |
കല്‍ക്ക സ്റ്റേഷനില്‍ ട്രെയിന്‍ കയറാന്‍ തയ്യാറായി നില്ക്കുന്ന കണ്ണന് |
2008 ജൂലൈ
7ന് യുനെസ്ക്കോ അവരുടെ വേള്‍ഡ് ഹെരിട്ടെജ് പ്രോപ്പര്‍ട്ടി ആയി
പ്രക്യാപിച്ചിട്ടുണ്ട് ഇതിനെ.
ഹിമാലയന്‍ ക്വീന്‍ എന്ന ട്രെയിന്‍ ആണ് ഞങ്ങള്‍ ആ സ്വപ്നയാത്രക്ക്
തെരഞ്ഞെടുത്തത്. മുന്‍പ് റിസര്‍വേഷന്‍ ചെയ്തതിനാല്‍ അധികം കഷ്ടപ്പെടേണ്ടി
വന്നില്ല സീറ്റ് തരപ്പെടുത്താന്‍. 864 പാലങ്ങളും 107 തുരങ്കങ്ങളും കൊണ്ട് സമ്പന്നമായ 96 കിലോമീറ്റര്‍ ദൂരം കീഴടക്കാന്‍
ആറു മണിക്കൂറോളം സമയം എടുക്കും എന്ന് മനസ്സിലാക്കി ചില ലഘുഭക്ഷണ പദാര്‍ഥങ്ങള്‍
കയ്യില്‍ കരുതാന്‍ മറന്നില്ല ഞങ്ങള്‍. ട്രെയിനില്‍ കയറി.
 |
പുറംകാഴ്ച കാണാന്‍ പറ്റുന്ന രീതിയിലുള്ള ടോയ്ട്രെയിന് സിറ്റിംഗ് |
ഇരുന്നു കൊണ്ട്
തന്നെ ഇരുവശങ്ങളിലെയും പ്രകൃതി മനോഹാരിത നുകരാന്‍ പറ്റും വിധമാണ് സീറ്റ്
ക്രമീകരണം. ഒരു നൂറ്റാണ്ട് മുന്‍പുള്ള ഇംഗ്ലീഷ് സിനിമയെ
അനുസ്മരിപ്പിക്കുന്ന വിധമാണ് ട്രെയിനിന്റെ രൂപം. യൂറോപ്യന്മാരായ
സഹയാത്രക്കാരും അതിനു മോടി കൂട്ടി. തീര്‍ത്തും ക്ലാസ്സിക് എന്ന് വിശേഷിപ്പിക്കാം.
 |
പ്രകൃതിഭംഗി ക്യാമറയില്‍ ഒപ്പിയെടുക്കുന്ന വിദേശസഞ്ചാരി |
യാത്ര തുടങ്ങി. ഏങ്ങി വിളിച്ചും കിതച്ചും കയറ്റം കയറുന്ന കല്‍ക്കരി എന്ജിന്
എന്നെ ആദ്യം ഒന്ന് ഭയപ്പെടുത്തി. വളരെ പതുക്കെയാണ് യാത്ര. പലപ്പോഴും ഇറങ്ങി
നടന്നാലോ എന്ന് തോന്നിപ്പോകും. ഇരുവശത്തും പ്രകൃതി മനോഹാരിത ഏറിവരുന്നു. ചെന്കുതായ പര്‍വതങ്ങളും
താഴ്വരകളും ചെറിയ നദികളും തീര്‍ക്കുന്ന ഹിമാലയന്‍ സൗന്ദര്യം നുകര്‍ന്ന് അങ്ങനെ
ഇരുന്നു കുറെ നേരം.
 |
സോളന്‍ നഗരത്തെ തൊട്ടുരുമ്മിയുള്ള യാത്ര |
ഉത്തരേന്ത്യന്‍ സമതലഭൂമിക്ക് വടക്കായി ഒരു പ്രകൃതിനിര്‍മ്മിത കോട്ടയായി
നിലകൊള്ളുന്ന ഹിമാലയസാനുക്കള്‍ തന്നെയാണ് ഹിമാചലിന് സൗന്ദര്യം ആവാഹിച്ചു നല്‍കുന്നത്
എന്ന സത്യം ആരെയും ബോധ്യപ്പെടുത്തും ഇവിടുത്തെ ദൃശ്യങ്ങള്‍.
വഴിയില്‍ പലിടത്തും ഷിംല ഹൈവേ ഞങ്ങളെ തൊട്ടുരുമ്മി കടന്നു
പോകുന്നുണ്ടായിരുന്നു.
 |
സമാന്തരമായി കടന്നു പോകുന്ന ഷിംല ഹൈവേ |
എന്റെ അടുത്തിരുന്ന യാത്രികരില്‍ ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യന്‍ ജോഡികള്‍
ഇന്ത്യന്‍ റോഡിന്റെ അപകടസാധ്യതയെ പറ്റി സംസാരിക്കുന്നത് കേട്ട് ഞാനും അവരുടെ ചര്‍ച്ചയില്‍
ഭാഗഭാക്കായി. അശാസ്ത്രീയമായ റോഡിന്റെ ചരിത്രത്തെ പറ്റിയും ഇന്ത്യയിലെ
മോട്ടോര്‍ വാഹന വകുപ്പിന്റെ അനാസ്ഥയെ പറ്റിയും ഒക്കെ എന്നേക്കാള്‍ അറിവ് ആ
വിദേശീയരായ യാത്രക്കാര്‍ക്ക് ഉണ്ടായിരുന്നു എന്നത് എന്നെ അദ്ഭുതപ്പെടുത്തി. റോഡില്‍ സര്‍ക്കസ്
കാണിക്കുന്ന ഡ്രൈവിംഗ് ഭ്രമം അവര്‍ എത്ര ഭീതിയോടെയാണ് നോക്കിക്കാന്നുന്നത് എന്ന് ആ ഫ്രഞ്ച് സുന്ദരിയുടെ കണ്ണുകളില്‍
നിന്നും വ്യക്തമായിരുന്നു. ഡ്രൈവിംഗ് ടെസ്റ്റ് എന്തെന്ന് പോലും കേട്ടറിവില്ലാത്ത
സ്ഥലങ്ങള്‍ ഇന്ത്യയില്‍ ഉണ്ടെന്നു അപമാനത്തോടെ ആണെങ്കിലും സമ്മതിച്ചു കൊടുക്കേണ്ടി
വന്നു എനിക്ക്. ലോകത്തു തന്നെ ഏറ്റവും അധികം റോഡപകടമരണങ്ങള്‍ ഉണ്ടാക്കുന്ന
രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മുന്നിട്ടു നില്ക്കുന്ന എന്ന യാഥാര്‍ത്ഥ്യം നമ്മുടെ ഭരണവ്യവസ്ഥയുടെ പരാജയമായി കണ്ടു
കുറ്റസമ്മതം നടത്താനേ എനിക്ക് കഴിഞ്ഞുള്ളു...
യാത്ര തുടര്‍ന്നു. പത്തു പേരോളം വരുന്ന ഒരു
ബംഗാളി കുടുംബം അവരുടെ യാത്ര ആഘോഷമാക്കുന്നുണ്ടായിരുന്നു.. മറ്റു യാത്രികര്‍ക്ക്
അവര്‍ ഒരു ശല്യമായി മാറുന്നുണ്ട് എന്ന ചിന്ത തരിമ്പും ഇല്ലാത്ത വിധത്തില്‍. ഞാന്‍ ക്യാമറയും
തൂക്കി പുറം കാഴ്ചകളില്‍ ഒതുങ്ങിക്കൂടി. തൊട്ടടുത്ത സീറ്റില്‍ ആ റഷ്യന്‍ സുന്ദരിയും തന്റെ
യാത്രയെ ക്യാമറയില്‍ ആക്കുന്ന തിരക്കിലായിരുന്നു. കണ്ണന് ആവട്ടെ
എന്റെ പ്രവര്‍ത്തികളെ ക്യാമറയില്‍ പകര്‍ത്തുന്നതില്‍ അതീവ ശ്രദ്ധ
ചെലുത്തിക്കൊണ്ട് അവന്റെ സ്വദസിദ്ദമായ പുഞ്ചിരിയുമായി തൊട്ടടുത്ത് ഉണ്ട്.
സ്റ്റേഷനില്‍ നിന്നും പുറത്തിറങ്ങിയ ഉടന്‍ പ്രതീക്ഷിച്ചത് പോലെ കുറെ പേര്
വട്ടം കൂടി. യാത്രയും താമസവും തരപ്പെടുത്തിതരാം എന്ന വാക്കോടെ. ആരുടെയും വാക്ക്
വകവെക്കാതെ ഞങ്ങള്‍ നടന്നു. കുറച്ചു ദൂരത്തു ചെന്ന് ഒരു കടയില്‍ക്കയറി. ഞാനെന്റെ
പതിവ് സൂത്രം പുറത്തെടുത്തു. പഹാടിയും പഞാബിയും കലര്‍ത്തി ഒരു സംസാരം. ഒരുത്തന്
വശത്തായി. വിലപേശി ഒടുവില്‍ ഒരു ഹോട്ടല്‍ റൂം പറഞ്ഞുറപ്പിച്ചു. നേരെ റൂമിലേക്ക്.
ചൂട്വെള്ളത്തില്‍ ഒരു കുളിയും പാസാക്കി ക്യാമറയും തൂക്കി പുറത്തേക്ക്. വൈദ്യുതവിളക്കുകളാല്‍ പ്രകാശപൂരിതമായ ഷിംല നഗരം
ഏതു സഞ്ചാരിയെയും ഭ്രമിപ്പിക്കുംവിധം ജ്വലിച്ചുനില്ക്കുന്നു. കുറേ നടന്നു.
 |
ഗോള്‍ഡന്‍ കാസില്‍ |
ആദ്യം ശ്രദ്ധ ആകര്‍ഷിച്ചത് ഗോള്‍ഡന്‍ കാസില്‍. 1904 ല്‍ പണിതീര്‍ത്ത ഗോര്‍ട്ടണ്‍ കാസില്‍ ഗോതിക് നിര്‍മാണ രീതിയുടെ
ഉത്തമ അടയാളമാണ്. ബ്രിട്ടീഷ് ആര്‍ക്കിടെക്ടറായിരുന്ന സര് സ്വിന്‍ടണാണ് ഗോര്‍ട്ടണ്‍
കാസിലിന്റെ ശില്പി. ബ്രിട്ടീഷുാരുടെ വേനല്‍ക്കാല ആസ്ഥാനമായിരുന്നു ഗോര്‍ട്ടണ്‍
കാസില്‍. മൂന്ന് നിലകളിലായി 125 മുറികളുണ്ട് ഗോര്‍ട്ടണ്‍ കാസിലിന്.
സഞ്ചൗലി കല്ലുകളാണ് ഗോര്‍ട്ടണ്‍ കാസില്‍ നിര്‍മിക്കാനായി ഉപയോഗിച്ചിരിക്കുന്നത്.
‘മലകളുടെ രാജ്ഞി’ എന്ന വിളിപ്പേരില്‍ ചെങ്കുത്തായ മലനിരയില്‍ സ്ഥിതിചെയ്യുന്ന
നഗരം കാല്‍നട യാത്രക്ക് ഒട്ടും അനുയോജ്യമല്ല എന്ന് മനസ്സിലാക്കി മാള്‍ റോഡില്‍ ആ
സഞ്ചാരം അവസാനിപ്പിച്ചു.
 |
മാള്‍ റോഡ് |
വഴിയില്‍ കണ്ട പഴയകെട്ടിടങ്ങള്‍ ഒക്കെ
പാശ്ചാത്യകെട്ടിടനിര്മ്മാണശൈലിയെയും കൊളോണിയല്വ്യവസ്ഥയെയും അനുസ്മരിപ്പിക്കുന്നതായിരുന്നു.
ഭക്ഷണം കഴിച്ചു രാത്രി ഏറെ വൈകി ജനത്തിരക്കൊഴിയും വരെ നഗരത്തില്‍ സമയം ചിലവഴിച്ചു
ഹോട്ടല്‍ റൂമിലേക്ക് മടങ്ങി..
രാവിലെ എഴുന്നേറ്റു. ഉച്ചയാകും വരെ മാത്രമേ സമയം ഉള്ളൂ.. ഷിംല പെട്ടെന്ന്
കണ്ടു കുളുവിലെക്ക് യാത്രയാവണം. ആദ്യ യാത്ര പ്രശസ്തമായ റിഡ്ജിലേക്ക്. ഷിംല
നഗരത്തിന്റെ സിറ്റിസെന്റര്‍ ആണ് റിഡ്ജ്. നഗരത്തില്‍ കാണാവുന്ന നിരപ്പായ ഏക സ്ഥലം
ഇത് മാത്രം ആണ്. ഒരു ബാസ്കെറ്റ് ബോള്‍ കോര്‍ട്ടിന്റെ വലുപ്പം കാണും. പടിഞ്ഞാറ് വശത്ത് സ്കാന്‍ഡല്‍ പോയന്റും കിഴക്ക് വശത്ത് ലക്കാര്‍
ബസാറുമാണ് റിഡ്ജിന്റെ അതിര്‍ത്തികള്‍. മഞ്ഞുകാലത്ത് ഇത് ഒരു സ്കേറ്റിംഗ്
പരിശീലനകേന്ദ്രമായി മാറും.
കൊളോണിയല്‍ ശില്പവൈവിദ്യത്തിനു പുറമേ ഒട്ടനേകം ഹിന്ദു ആരാധനാലയങ്ങളും
ഷിംലയില്‍ ഉണ്ട്. കാളിദേവിയുടെ മറ്റൊരു പേരായ ശ്യാമള എന്ന
വാക്കില്‍ നിന്നാണ് ഷിംല എന്ന പേര് തന്നെ രൂപപ്പെട്ടതെന്നാണ് കരുതുന്നത്. കാളിദേവിക്ക് സമര്‍പ്പിക്കപ്പെട്ടിട്ടുള്ള കാളി ബാരി
ക്ഷേത്രമെന്ന ഹിന്ദു ആരാധനാലയവും നിരവധി സഞ്ചാരികളെ ആകര്‍ഷിച്ചുകൊണ്ട് ഇവിടെ
സ്ഥിതിചെയ്യുന്നു. ദീപാവലി, നവരാത്രി, ദുര്‍ഗാപൂജ തുടങ്ങിവയാണ് ഇവിടത്തെ പ്രധാന ആഘോഷങ്ങള്‍. വിവിധ സംസ്കാരങ്ങളുടെ സംഗമസ്ഥലം കൂടിയാണ്
ഷിംല. നിയാംഗ്മ രീതിയിലുള്ള ഡോര്‍ജെ ഡ്രാക് മൊണാസ്ട്രി ആണ് ഇവിടത്തെ പ്രമുഖമായ
ടിബറ്റന്‍ ബുദ്ധിസ്റ്റ് കേന്ദ്രം. കേണല്‍ ജെ ടി ബോയിലിയു നിര്‍മിച്ച മനോഹരമായ ഒരു കൃസ്ത്യന്‍
പള്ളിയും ഷിംലയിലുണ്ട്. ഹിമാചല്‍ സ്റ്റേറ്റ് മ്യൂസിയം ആന്‍ഡ് ലൈബ്രറിയില്‍ പഹാരി
മീനിയേച്ചര്‍, മുഗള്‍, രാജസ്ഥാനി പെയിന്റിംഗുകള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
ഇതെല്ലാം തിരക്കിട്ട് കണ്ട ശേഷം ഞങ്ങള്‍
അതിപ്രശസ്തമായ ജാക്കു മലയിലേക്ക് പുറപ്പെട്ടു. തീരെ ഇടുങ്ങിയ റോഡുകള്‍ ആരെയും
ഭയപ്പെടുത്തും വിധം വളഞ്ഞും തിരിഞ്ഞും നിര്‍മിക്കപ്പെട്ടതാണ്. ഞങ്ങളുടെ ഡ്രൈവര്‍
ഭിസ്റ്റ് അദ്ദേഹത്തിന്റെ ജോലി വളരെ മനോഹരമായി നിറവേറ്റി. തിരക്ക് മാനിച്ചു
മലമുകള്‍ വരേയ്ക്കും പെട്ടെന്ന് ഞങ്ങളെ എത്തിച്ചു. പലിടത്തും വണ്ടി റിവേര്‍സ്
എടുത്തു വളക്കേണ്ട വിധം ഉള്ള കര്‍വുകള്‍ ഉണ്ടായിരുന്നു. സമുദ്രനിരപ്പില്‍ നിന്നും ഏതാണ്ട് 8000 അടി ഉയരത്തിലാണ്
ജാക്കുമല സ്ഥിതിചെയ്യുന്നത്. അത്കൊണ്ട് തന്നെ ജാക്കുമല
മുകളില്‍ നിന്നും ഷിംല നഗരം മനോഹരമായി ദര്‍ശിക്കാം.
 |
ജാക്കു മലയിലേക്കുള്ള യാത്രക്കിടെ ഷിംല നഗരത്തിന്റെ വിദൂര ദൃശ്യം |
യക്ഷന് എന്ന പുരാണ കഥാപാത്രത്തില്‍നിന്നാണ് ജാക്കു എന്ന പേര്
വന്നതെന്നാണ് വിശ്വാസം. മൃതസഞ്ജീവനി തേടിവന്ന ഹനുമാന് ഈ മലയിലാണ് വിശ്രമിച്ചത്
എന്നാണ് ഐതിഹ്യം. ജാക്കുക്ഷേത്രത്തിലെ ഹനുമാന് പ്രതിമ 100 അടിയോളം ഉയരം ഉള്ളതാണ്. ലോകത്തെ തന്നെ ഏറ്റവും ഉയരമുള്ള ഹനുമാന് പ്രതിമ
ആണിത്. ക്ഷേത്രത്തിലെ വഴിയില്‍ നൂറു കണക്കിന് വാനരന്മാര് സ്വൈര്യവിഹാരം
നടത്തുന്നു. കുരങ്ങന്മാരില് നിന്നും ക്യാമറ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് തന്നിരുന്നു മുന്നുഭായി. ക്യാമറ പിടിച്ചെടുക്കാനുള്ള കുരങ്ങന്മാരുടെ ശ്രമത്തിനിടയിലും അതീവ കൌശലത്തോടെ ഒരു ഫോട്ടോ ക്യാമറയില്‍ ഒപ്പിയെടുത്തു ഞാന്‍.
 |
ജാക്കുമലയിലെ പടുകൂറ്റന്‍ ഹനുമാന്‍പ്രതിമ |
അവിടെ നിന്നും തിരിച്ചു നേരെ പോയത് കുഫ്രിയിലേക്ക്. ഹിമാലയന്‍ വന്യജീവികളുടെ ഒരു
മൃഗശാല ഉണ്ടിവിടെ. പലതരം കരടികളും മാനുകളും... നമുക്ക് സുപരിചിതരായ ജീവികള്‍ കുറവ് തന്നെ.
വ്യത്യസ്തമായ അനുഭവം ഏതു യാത്രികനും സമ്മാനിക്കും ഈ ജൈവവൈവിദ്ധ്യം. ഒരു
ഉരുളക്കിഴങ്ങ് ഗവേഷണകേന്ദ്രവും കൂടി ഉണ്ട്
കുഫ്രിയില്‍. അതിന്റെ ഓരം ചേര്‍ന്ന് നടന്നു.
 |
ഉരുളക്കിഴങ്ങ് ഗവേഷണകേന്ദ്രം |
തിരിച്ചു വേഗം ഹോട്ടലിലേക്ക്.
റൂം കാലിയാക്കി
നേരെ ഷെയര്‍ടാക്സിയില്‍ കുളുവിലേക്ക് പുറപ്പെട്ടു. ബിലാസ്പൂര്‍,
മണ്ടി വഴി കുളുവിലേക്ക്. നാഷണല്‍ ഹൈവേ 88 ഞങ്ങളുടെ ഡ്രൈവര്‍ മുന്നു
ഭായിക്ക് സുപരിചിതം. വര്‍ഷങ്ങളായി അദ്ദേഹം ഈ വഴിയില്‍ തന്റെ ജോലി മനോഹരമായി
നിറവേറ്റി കൊണ്ടിരിക്കുന്നു. ഹിമാചലിലെ റോഡില്‍ ഡ്രൈവ് ചെയ്യാന്‍ പ്രത്യേകം കഴിവ്
തന്നെ വേണം. ഞാന്‍ മുന്നേ പറഞ്ഞ പോലെ പുറം നാട്ടില്‍ നിന്നും വരുന്നവര്‍ക്ക് അത്ര
എളുപ്പമാവില്ല ഇവിടുത്തെ സഞ്ചാരം.
 |
വഴിയിലെ ഒരു കൊടുംവളവ് |
അതിനു തെളിവെന്നോളം യാത്രക്കിടയില്‍ ഒട്ടനേകം
അപകടത്തില്‍പ്പെട്ട വാഹനങ്ങളും ഞങ്ങള്‍ കാണുക ഉണ്ടായി. മണ്ടി എന്ന നഗരത്തിലേക്ക്
പ്രവേശിച്ചു ഞങ്ങള്‍. ‘ഹിമാചലിലെ കാശി’ എന്ന് വിളിപ്പേരുള്ള നഗരം. കാശിയില്‍ 80 ക്ഷേത്രങ്ങള്‍ ആണെങ്കില്‍
ഇവിടെ അത് 81 ആണ് !!!! ബിയാസ്
നദിക്കരയില്‍ ഗാന്ഡര്വ്വപര്വതങ്ങളാല് ചുറ്റപ്പെട്ട മനോഹര നഗരം. ഇന്ത്യയില്‍
ഏറ്റവും അധികം വൈദ്യുതഉല്പാദനം നടത്തുന്ന പ്രദേശമാണിത്. ഒറ്റപ്പെട്ടു കിടക്കുന്ന
മലയോരകുഗ്രാമങ്ങളില് പോലും വൈദ്യുതവെളിച്ചം ജ്വലിപ്പിക്കുന്ന ഹിമാചല്‍ ഇന്ത്യയിലെ
മറ്റു സംസ്ഥാനങ്ങള്‍ക്ക് അസൂയ ജനിപ്പിക്കുന്ന വിധം വേറിട്ട് നില്ക്കുന്നതും ഇത്
കൊണ്ട് തന്നെ.
 |
മണ്ടി പട്ടണത്തിനടുത്ത് കണ്ട ഒരു ഡാം റിസര്‍വോയര്‍ |
മണ്ടി നഗരത്തിന്റെ പ്രത്യേകതകള്‍
പറഞ്ഞും തീരും മുന്‍പേ ഞങ്ങള്‍ നാഷണല്‍ ഹൈവേ
21 ലേക്ക് പ്രവേശിച്ചു. കുളു ലക്ഷ്യമാക്കി. വഴിയില്‍
മനോഹരമായ ഡാമുകള്‍ സ്ഥിരം കാഴ്ചയായി.. ഇടയില്‍ 3.5 കിലോമീറ്റര്‍ നീളമുള്ള ഒരു
തുരങ്കവും യാത്രയിലെ വേറിട്ട അനുഭവമായി ഞങ്ങള്‍ക്ക്.
 |
ചെങ്കുത്തായ പാറയിടുക്കിലെ റോഡ് |
ഒടുവില്‍ കുളു എത്തി. ബിയാസ് നദീ തീരത്തെ കുളു എന്ന ഈ കൊച്ചു പട്ടണം ‘ദേവന്മാരുടെ താഴ്വാരം’
എന്നാണ് അറിയപ്പെടുന്നത്.. പേരില്‍ തന്നെ ഉണ്ടല്ലോ ഒരു കുളിര്.. എന്നാല്‍ അതിന്റെ
പേരിന്റെ ഉത്ഭവം മറ്റൊരു കഥയാണ്. ‘കുളന്ത്പിത്ത’ എന്ന വാക്കിനര്‍ത്ഥം ‘വാസയോഗ്യമായ
അവസാനസ്ഥലം’ എന്നാണ്. അതില്‍ നിന്നാണ് കുളു എന്ന സ്ഥലപ്പേര് ലോപിച്ച് ഉണ്ടായത്. റിവര്‍റാഫ്റ്റിംഗ്
ആണ് ഇവിടുത്തെ പ്രധാന വിനോദം. തണുത്തുറഞ്ഞ ഹിമാലയന്‍ നദിയാണല്ലോ ബിയാസ്(വ്യാസ്).
പാറക്കെട്ടുകള്‍ കൊണ്ട് അനിര്‍വചനീയ സൗന്ദര്യം ആവാഹിച്ച ആ നദിയില്‍ ഒരു യാത്ര
ആരാണ് ആഗ്രഹിച്ചു പോവാതിരിക്കുക.
 |
ബിയാസ് നദിയിലെ പാറക്കെട്ടുകള്‍ക്കിടയില്‍ |
റിവര്‍റാഫ്റ്റിംഗ് നടത്തുന്ന ഒട്ടനേകം
കേന്ദ്രങ്ങള്‍ നദീതീരത്തും റോഡരികിലും ആയി കാണാമായിരുന്നു. അവിടെ ബുക്ക് ചെയ്യണം.
സുരക്ഷക്കായി ഒരുക്കിയ സംവിധാനങ്ങള്‍ പ്രശംസനീയം തന്നെ. ആറുപേര്‍ ചേര്‍ന്ന്
സംഘമായി യാത്ര. പൈന്‍ മരങ്ങളും ദേവദാരു മരങ്ങളും മനോഹാരിത സമ്മാനിക്കുന്ന നദീതീരം
വശ്യമനോഹരിതയുടെ പൂര്‍ണ്ണത ആവാഹിച്ചിരുന്നുവെങ്കിലും പാറക്കെട്ടുകളും എല്ല്
തുളച്ചു കയറുന്ന തണുപ്പും യാത്രക്ക് അവിസ്മരണീയതക്കപ്പുറം ഭീതി
സമ്മാനിക്കുന്നതായിരുന്നു. ഒടുവില്‍ ഫിനിഷിംഗ്പോയിന്റ് എത്തി.
പെട്ടെന്ന് തന്നെ യാത്ര
തുടങ്ങി മനാലിക്ക്. പ്രത്യേകത തോന്നിയ ചില വഴിയോര ക്ഷേത്രങ്ങലില്‍ മുന്നുഭായ്
ബ്രേക്കിട്ടു. മലമുകളിലെ ഗ്രാമങ്ങളിലേക്ക് അവശ്യവസ്തുക്കള്‍ കൊണ്ട്പോകാന്‍
പ്രത്യേകം സജ്ജമാക്കിയ സംവിധാനം എന്നെ വല്ലാതെ ആകര്‍ഷിച്ചു. കിലോമീറ്റര്‍
അപ്പുറത്തെ ഗ്രാമത്തിലേക്ക് നിമിഷനേരം കൊണ്ട് കമ്പിയും കപ്പിയും വച്ച്
ചാക്ക്കെട്ടുകള്‍ വലിച്ചു കയറ്റുന്ന ഗ്രാമീണര്‍ ആരെയാണ് അദ്ഭുതപ്പെടുതാതിരിക്കുക. എന്നാല്‍
റെസ്ക്യൂ ഓപ്പരേഷന് വേണ്ടി വാലിഫ്ലയിംഗ്
നടത്തുമ്പോള്‍ യാതൊരു മുന്‍കരുതലും ഇല്ലാതെ ഇത്തരം കമ്പിയില്‍ കുടുങ്ങി ജീവിതം
പൊലിച്ച നൂറു കണക്കിന് എയര്‍ഫോഴ്സ്, ആര്‍മി
ഉദ്യോഗസ്ഥരെ വിസ്മരിക്കാന്‍ കഴിയില്ല എന്ന ദു:ഖസത്യം എന്റെ മനസ്സില്‍ വേദനയും
അതിനപ്പുറം രാജ്യസ്നേഹവും ജനിപ്പിച്ചു.
കുളു വിമാനത്താവളം കടന്നു
ഞങ്ങള്‍ യാത്ര തുടര്‍ന്നു. ആപ്പിള്‍ മരങ്ങളും ഓറഞ്ച് മരങ്ങളും നിറഞ്ഞ വഴിയരിക്
എനിക്ക് ഒരു പുതിയ അനുഭവമായി. ഇരുട്ടിത്തുടങ്ങി.. മനാലി അടുത്തു വരുന്നു.
മുന്നുഭായി ഒരല്പം ചരിത്രം വിവരിക്കാന്‍ തുടങ്ങി. പുരാതന ഹിന്ദു ദൈവമായ മനുവിൽ
നിന്നാണ് മനാലി എന്ന പേരുണ്ടായത് എന്നാണ് ഐതിഹ്യം എന്നൊരല്‍പ്പം അഹങ്കാരത്തോടെ
മന്നുഭായ് പറഞ്ഞു തന്നു. മനാലി ‘ദൈവങ്ങളുടെ താഴ്വര’ എന്നാണ് അറിയപ്പെടുന്നത്.
പുരാതന കാലത്ത് പ്രധാനമായും ഇവിടെ താമസിച്ചിരുന്നത് ‘രാക്ഷസ’ എന്നറിയപ്പെട്ടിരുന്ന
വേട്ടക്കാരായിരുന്നു. പിന്നീട് കാംഗ്ഡയിൽ നിന്നും വന്നെത്തിയ ആട്ടിടയന്മാർ ഇവിടെ
താമസിച്ച് കൃഷി തുടങ്ങി. ബ്രിട്ടീഷ് ഭരണ കാലത്ത് ഇവിടെ ആപ്പിൾ കൃഷി വൻതോതിൽ
തുടങ്ങി. അക്കാലത്തും പിന്നീടും ആപ്പിൾ കൃഷി ഇവിടുത്തെ കർഷകരുടെ ഒരു പ്രധാന
കൃഷിയായി മാറി. പിന്നീട് 1980 ലെ കാശ്മീർ സൈനിക അധിനിവേശത്തിനു ശേഷം മനാലി ഒരു
പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമായി മാറുകയായിരുന്നു. അതിനു ശേഷം മനാലി
ഹോട്ടലുകളും റെസ്റ്റോറന്റുകളും കൊണ്ട് നിറഞ്ഞു.
 |
മനാലിയിലെ പ്രധാനസ്ഥലം - മാള്‍ റോഡ് |
ഹിമാചൽ പ്രദേശിലെ നാലിലൊന്ന്
സഞ്ചാരികൾ എത്തുന്നത് മനാലിയിലാണ്. ഞങ്ങള്‍ മനാലി എത്തിയിരിക്കുന്നു.
പുറത്തിറങ്ങി. കൊടും തണുപ്പ്. നേരെ ഹോട്ടല്‍ റൂമിലേക്ക്. രാവിലെ വരെ സുഖനിദ്ര.
തണുപ്പ് മനുഷ്യനെ അലസനാക്കും എന്നത് ഒരു സത്യമാണെന്ന് ബോദ്ധ്യമായി രാവിലെ വൈകി
എണീറ്റപ്പോള്‍.
മനാലിയിലെ പ്രധാന സഞ്ചാരആകര്ഷണകേന്ദ്രങ്ങള്
കണ്ടെത്താന്‍ ഗൂഗിളിനെ തന്നെ ആശ്രയിച്ചു. ഹോട്ടലിന്റെ അടുത്തായി നടന്നെത്താന്‍
പറ്റിയ ദൂരത്തില്‍ ഹഡിംബി ദേവിക്ഷേത്രം. മഹാഭാരതകഥാകാലത്ത് പാണ്ഡവര്‍ ഇവിടം സന്ദര്‍ശിച്ചു.
അന്ന് ഇവിടം അടക്കിവാണിരുന്ന ഹടിമ്പന് എന്ന രാക്ഷസനെ പരാജയപ്പെടുത്തി
അദ്ദേഹത്തിന്റെ സഹോദരിയായ ഹഡിംബിയെ ഭീമസേനന് വിവാഹം ചെയ്തു. അവര്‍ക്ക് പിറന്ന
പുത്രനാണ് ഘടോല്‍ക്കജന്‍. ഹഡിംബിദേവി
തപസ്സു ചെയ്ത ഗുഹയ്ക്ക് പുറമേ പതിനഞ്ചാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം നിര്‍മിക്കപ്പെട്ടത്.
 |
ഹടിമ്പി ദേവിക്ഷേത്രം |
അത്കൊണ്ട് തന്നെ ഈ ക്ഷേത്രത്തിന്റെ നിര്‍മ്മാണരീതി തീര്‍ത്തും വ്യത്യസ്തമാണ്.
ചെറിയ ദേവി പ്രതിഷ്ടയോടെ ഗുഹ ഒത്ത നടുവില്‍. ചുറ്റുമായി അമ്പലം പണിതിരിക്കുന്നു.
മരം കൊണ്ടാണ് ചുവരും മേല്‍ക്കൂരയും. ചുവരില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മാന്തലയോട്ടികള്
പതിച്ചിരിക്കുന്നു. ആരിലും ഭീതി ഉയര്‍ത്തുന്ന രാക്ഷസവംശത്തില്‍ പിറന്ന ദേവിയെ
ആരാധിക്കാന്‍ പറ്റിയ നിര്‍മ്മാണഘടന തന്നെ.
ക്ഷേത്രത്തില്‍ നിന്നും 70മീറ്റര്‍
ദൂരെ ഘടോല്‍ക്കജനെ പ്രതിഷ്ടിച്ച ഒരു മരം ഉണ്ട്. ആയിരക്കണക്കിന് ശൂലങ്ങള്‍ അതില്‍
നിക്ഷിപ്തമാണ്. കുറെപേര് അവിടെ പ്രാര്‍ത്ഥനാനിര്‍ഭരരായി നില്ക്കുന്നുണ്ടായിരുന്നു.
 |
ഘടോല്ക്കാജ പ്രതിഷ്ഠ |
ഏക്കറുകള്‍
വ്യാപിച്ചുകിടക്കുന്ന വനമേഖലയിലൂടെ മലയിറങ്ങി മനാലി പട്ടണത്തിലേക്ക്. നേരെ പോയത്
അടുത്ത ക്ഷേത്രത്തിലേക്ക്. മനുക്ഷേത്രം. നേരത്തെ പറഞ്ഞിരുന്നല്ലോ മനാലി എന്ന പേര്
തന്നെ മനുവില്‍ നിന്നാണ് ഉണ്ടായത് എന്ന്. ഭൂമിയിലെ മനുഷ്യവര്‍ഗത്തിന്റെ
ശ്രഷ്ടാവായി അറിയപ്പെടുന്ന മനു മഹര്‍ഷി അദ്ദേഹത്തിന്റെ വേദസമ്പത്ത് ഇവിടെ
ഒളിപ്പിച്ചു വച്ചിരുന്നു പോലും. ഒരു വലിയ വെള്ളപ്പൊക്കം ഉണ്ടായി മനുഷ്യവര്‍ഗം
നശിച്ചു പോയപ്പോള്‍ അദ്ദേഹം ഇവിടെയാണ് വേദസംഹിതകളും മറ്റും സൂക്ഷിച്ചതെന്നും
അങ്ങനെ ആണ് അത് കലിയുഗത്തിലേക്ക് കൈമാറാന്‍ ശേഷിക്കപ്പെട്ടതെന്നുമൊക്കെയാണ്
വിശ്വാസം. മനുമഹര്‍ഷി ഭൂമിയില്‍ അവതരിച്ച ശേഷം ഇവിടെ തപസ്സനുഷ്ടിച്ചിരുന്നു എന്ന്
വേറൊരു വിശ്വാസം.
 |
മനുക്ഷേത്രം |
എന്തൊക്കെ ആയാലും ബിയാസ് നദീതീരത്തെ ഈ ശാന്തസുന്ദര ക്ഷേത്രം
ഇന്ത്യയിലെ ഏക മനുക്ഷേത്രമാണ്. ഇന്നത്തെ രീതിയില്‍ അത് പുതുക്കിപ്പണിതത് 1992ല്‍
ആണ്.
തിരിച്ചു പ്രധാന മാര്‍ക്കെറ്റ്
ആയ മാള്‍റോഡിലേക്ക് വന്നു. അവിടെ അടുത്തായി ടിബറ്റന്‍ മോന്സ്ട്രി ഉണ്ട്. അത്
ലക്ഷ്യമാക്കി നടന്നു. ഹിന്ദു സംസ്ക്കാരത്തോടു ഇടതൂര്‍ന്നു നില്ക്കുന്ന പാരമ്പര്യം
ഉള്ളതും എന്നാല്‍ വ്യത്യസ്തതകള്‍ നിറഞ്ഞതുമായ ആരാധനാരീതിയാണ് ഇവിടെ. മംഗോളിയന്‍
വംശത്തിന്റെ കാരണഭൂതരായ ടിബറ്റന്‍ വംശത്തില്പെട്ട ഒട്ടനേകം സന്യാസിവര്യന്മാര്
പ്രാര്ഥനാനിര്ഭരരായി ഇരിക്കുന്നു.
കുറെപേര് തങ്ങളുടെ പരമ്പരാഗത കമ്പിളി
വ്യവസായത്തില്‍ വ്യാപൃതരാണ്. ലാമകള്‍ ഒരുപാട് പേരുണ്ട്. ടിബറ്റന്‍ സംസ്ക്കാരം
ആരെയും ആകര്‍ഷിക്കുന്നതാണ്. പുരുഷന്മാര്ക്ക് തുല്യമായ പരിഗണന സ്ത്രീകള്‍ക്കും നല്കുന്ന
പാരമ്പര്യം തന്നെ എന്നെ ആകര്‍ഷിച്ചത്. കച്ചവടം നടത്തുന്നവര്‍ മിക്കവാറും സ്തീകള്‍
തന്നെ. നേരം വൈകിതുടങ്ങിയിരിക്കുന്നു. കുറെനേരം പട്ടണത്തില്‍ ചിലവാക്കി
ഹോട്ടലിലേക്ക് മടങ്ങി.
അടുത്ത ദിവസം രോഹതാങ്ങ്പാസ്
ആണ് ലക്ഷ്യം. ഞങ്ങളുടെ എജെന്റ്റ് കം ഡ്രൈവര്‍ മനുഭായിയോട് സമയം പറഞ്ഞുറപ്പിച്ചു. രാവിലെ
നേരത്തെ പുറപ്പെടണമെന്നു അദ്ദേഹം. മനാലിയിലെ കാലാവസ്ഥയും ബോംബെയിലെ ഫാഷനും പ്രവചിക്കുക
സാധ്യമല്ലെന്നാണ് ചൊല്ല്. രാവിലെ 5മണിക്ക് തന്നെ എണീറ്റു.
ആറുമണിക്ക് മുന്നേ യാത്ര തുടങ്ങി. മനാലി പട്ടണം പിന്നിട്ടു ബിയാസ് നദിക്ക് കുറുകെ
പാലം കടന്നു ഞങ്ങള്‍ ലേ ഹൈവേയിലേക്ക് കയറി. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന
സഞ്ചാരപാതയിലേക്ക്. കുറച്ചു ദൂരത്തു സ്ഥിതി ചെയ്യുന്ന വസിഷ്ഠക്ഷേത്രത്തിലേക്ക്
ആണ് ആദ്യം പോയത്.
 |
വസിഷ്ട ക്ഷേത്രം |
വര്‍ഷത്തിലെ എല്ലാകാലത്തും ചൂടുവെള്ളം വരുന്ന ഉറവകളാണ് ഇവിടുത്തെ
പ്രധാന ആകര്‍ഷണം. സള്‍ഫര്‍ മൂലകത്തിന്റെ നിക്ഷേപമാണ് ഇതിനു കാരണം. കുറെ
പ്രദേശങ്ങളിലെ ഉറവകള്‍ ഒന്നിച്ചു ചേര്‍ത്ത് കുളിക്കാനും കുടിക്കാനും ഒക്കെ ഉള്ള
സംവിധാനം ഒരുക്കിയിരിക്കുന്നു. ആരും ഒന്നതിശയിക്കും തണുത്തുറഞ്ഞ മലഭൂവിലെ
പ്രകൃതിദത്ത ചൂടുവെള്ള ഉറവ കണ്ടാല്‍.. ഇവിടുത്തെ ഉഷ്ണജലം ഏതു ത്വക്ക് രോഗവും
മാറ്റാന്‍ ശേഷിയുള്ളതാണ് പോലും. വസിഷ്ഠമഹര്‍ഷിയുടെയും രാമദേവന്റെയും
രണ്ടംമ്പലങ്ങള് ഇവിടെ ഉണ്ട്. അവിടെ നിന്നും നോക്കിയാല്‍ അങ്ങ് ദൂരെ മഞ്ഞുമൂടിയപര്വതങ്ങല്ക്കിടയിലൂടെ
സൂര്യന് ഉദിച്ചു വരുന്ന നയന മനോഹരമായ കാഴ്ച കാണാം.
തിരിച്ചു വണ്ടിയില്‍ കയറി യാത്ര
തുടര്‍ന്നു. റോഡിന്റെ വലത് വശത്തായി പര്വതാരോഹണപരിശീലനകേന്ദ്രം കണ്ടു. കുറച്ചു
കൂടി പോയപ്പോള്‍ വലതു വശത്ത് ഒരു വലിയ ആപ്പിള്‍മരം നിറയെ കായ്ച്ചു നില്ക്കുന്നു.
എന്തോ ആചാരമാണ് പോലും. അതിലെ ആപ്പിള്‍ ആരും പറിക്കില്ല.
 |
കായ്ച്ചുനില്ക്കുന്ന ആപ്പിള്‍ മരം |
റോഡരികില്‍ തന്നെ ‘കൃഷ്’
സിനിമ ചിത്രീകരിച്ച വീടും കണ്ടു. ഓര്‍ക്കുന്നുണ്ടാവുമല്ലോ ആ പ്രകൃതിമനോഹരമായ
പ്രദേശത്തെ മരം കൊണ്ട് നിര്‍മ്മിതമായ കൊച്ചുവീട്. കുറച്ചുദൂരം കൂടി സഞ്ചരിച്ചു
ഞങ്ങള്‍ പ്രാതല്‍ കഴിക്കാന്‍ ഒരു ഹോട്ടലിന് മുന്നില്‍ ഇറങ്ങി. എങ്ങോട്ട്
നോക്കിയാലും പ്രകൃതിമനോഹാരിത തന്നെ. ബ്രേക്ക്ഫാസ്റ്റും കഴിച്ചു മഞ്ഞത്ത്
ധരിക്കാനുള്ള വസ്ത്രങ്ങളും വാടകയ്ക്ക് എടുത്തു ഞങ്ങള്‍ യാത്ര തുടര്‍ന്നു.
മലയിടുകള്, ചെങ്കുത്തായ പര്‍വതങ്ങള്‍, അവയ്ക്കിടയില്‍ ഒരു ചെറിയ അരുവി വളഞ്ഞു
പുളഞ്ഞു പോകും പോലെ റോഡുകള്‍, ഇടയ്ക്കു ചില മനോഹരവെള്ളച്ചാട്ടങ്ങള്.... അതില്‍
രഹല്ല വെള്ളച്ചാട്ടം പേരെടുത്ത് പറയേണ്ടതാണ്. ഇവയെല്ലാം കൂടി സമ്മാനിക്കുന്ന സ്വര്‍ഗാനുഭൂതി.
ആകാംഷയോടെ യാത്ര തുടര്‍ന്നു. ഭൂമി വരണ്ടു തുടങ്ങിയിരിക്കുന്നു. മനുഷ്യവാസമുള്ള
ഇടങ്ങള്‍ ഇവിടം കൊണ്ടാവസാനിക്കുന്നു. ഇനി യാത്ര സ്വര്‍ഗത്തിലൂടെയാണ്. പലിടത്തും
റോഡ് ഇല്ല എന്ന് തന്നെ പറയാം. അപ്രതീക്ഷിതമായ മഞ്ഞു വീഴ്ചയില്‍
ഇല്ലാതായികൊണ്ടിരിക്കുന്നതാണ് ഇവിടുത്തെ റോഡുകള്‍.
ഇന്ത്യന്‍ആര്‍മിയുടെ
ഉടമസ്ഥതയില്‍ ഉള്ള ഈ റോഡ് ആഴ്ചയില്‍ രണ്ടു ദിവസം അറ്റകുറ്റപണികള്‍ക്കായി
അടഞ്ഞിരിക്കും. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയേ പ്രവേശനമുള്ളൂ. കുറെദൂരം
പിന്നിട്ടു. ഇടക്ക് ചിലര്‍ കഴുതപ്പുറത്തും കുതിരപ്പുറത്തും മലകയറി പോകുന്നത്
കാണാമായിരുന്നു.
റോഡരികില്‍ ചിലിടത്തു റോഡുനിര്‍മ്മാണത്തില്‍ മഞ്ഞുവീഴ്ച കൊണ്ട്
അകാലമൃത്യു വരിക്കേണ്ടി വന്ന സൈനികരുടെ ഓര്‍മ്മക്കായി ശിലകള്‍
സ്ഥാപിച്ചിരിക്കുന്നു. 1999 ലെ
കാര്‍ഗില്‍ യുദ്ധകാലത്ത് ലേ-ലഡാക്കിലേക്കുള്ള ഏക സഞ്ചാരമാര്‍ഗമായി ഇത് മാറി. 2010ല്‍
ഇന്ത്യഗവണ്മെന്റ് 320 ദശലക്ഷം
യുഎസ് ഡോളര്‍ ചിലവ് പ്രതീക്ഷിക്കുന്ന 8.5 കിമി നീളമുള്ള രൊഹ്താന്ഗ്
തുരങ്കത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു. ഇപ്പോഴും അത് പാതി വഴിയിലാണ്. ആ തുരങ്കം
നിര്‍മിക്കപ്പെട്ടുകഴിഞ്ഞാല്‍ ലഡാക്കിലേക്കുള്ള റോഡ് യാത്രയുടെ സമയവും ദൂരവും
കുറെയധികം കുറഞ്ഞു കിട്ടും.
ഒടുവില്‍ ഞങ്ങള്‍
സ്വപ്നതുല്യമായ രോഹതാങ്ങ്പാസിലേക്ക് എത്തിച്ചേര്‍ന്നു.
സമുദ്രനിരപ്പില്‍ നിന്നും 13500
അടി ഉയരത്തില്‍ മഞ്ഞുമൂടി കിടക്കുന്ന പ്രദേശം. പരവതാരോഹണവും പാരാഗ്ലൈടിംഗും സ്കേടിംഗും
ഒക്കെ ആഗ്രഹിച്ചു വരുന്ന സഞ്ചാരികളുടെ പറുദീസ തന്നെ ഇവിടം. പാര്‍ക്കിംഗില്‍
നിന്നും 2കിലോമീറ്റര്‍
ദൂരം നടന്നു കയറണം പ്രധാന മഞ്ഞു തട്ടിലേക്ക്. ഓരോ ദിവസത്തെയും മഞ്ഞുവീഴ്ചയുടെ
വ്യത്യാസം ഈ യാത്രയുടെ ദൂരം കൂട്ടിയും കുറച്ചും എന്നൊക്കെ വരാം.
സ്നോസ്കൂട്ടര്
ആഗ്രഹിക്കുന്നവര്‍ക്ക് അങ്ങനെ ആവാം യാത്ര. കുതിരപ്പുറത്തോ കഴുതപ്പുറത്തോ വേണേല്‍
അങ്ങനെ ആവാം. നടന്നു കയറുന്നവര്‍ക്ക് വേണ്ടി വാകിംഗ്സ്റ്റിക്കും വാടകയ്ക്ക് ഉണ്ട്.
ഞങ്ങള്‍ എന്തായാലും വാകിംഗ് സ്റ്റിക്ക് ഇല്ലാതെ തന്നെ നടന്നു കയറാന്‍
തീരുമാനിച്ചു. ഒരല്പം സാഹസികത ഇല്ലെങ്കില്‍ പിന്നെന്തു ഹിമാലയന്‍ യാത്ര. കുറെപേരുടെ
വാക്കുകള്‍ക്ക് ചെവി കൊടുക്കാതെ ഞങ്ങള്‍ മലകയറിത്തുടങ്ങി. ഇടക്ക് വിശ്രമം
അനിവാര്യമായിരുന്നു. മര്‍ദ്ദവ്യതിയാനം
ശ്വാസോച്ഛ്വാസം ദുഷ്കരമാക്കി എങ്കിലും വളരെ പെട്ടെന്ന് തന്നെ ഞങ്ങള്‍ ആ ദൂരം
പിന്നിട്ടു.
ആദ്യം സ്കേറ്റിംഗ് പരീക്ഷണമായി.
വിഷമം പിടിച്ച പണി തന്നെ. അതീവ ശ്രദ്ധയോടെ ശ്രമിച്ചിട്ടും ചെറിയ ദൂരം പോലും ബാലന്‍സ്
ചെയ്തു നീങ്ങാന്‍ വിഷമിച്ചു ഞങ്ങള്‍.
പിന്നെ മഞ്ഞുമൂടിയ ഭൂമിയിലെ ഫോട്ടോ എടുപ്പായി
ഞങ്ങളുടെ ജോലി. പ്രകൃതിമനോഹാരിത പകര്‍ത്തുന്നതോടൊപ്പം കണ്ണനും ഞാനും പരസ്പരം
മോഡലുകളായി.
മണിക്കൂറുകള്‍ കഴിയും തോറും തിരക്ക് ഏറി വരുന്നു. ചായയും കാപ്പിയും
കച്ചവടം ചെയ്യുന്ന ഏതാനും ചിലര്‍ ഉണ്ടായിരുന്നു അവിടെ. സമയം
ഉച്ചയാവാറായിരിക്കുന്നു. വേഗം മടങ്ങി. വഴിയില്‍ പാരാഗ്ലയ്ടിംഗ് നടത്തുന്ന കുറെ
അധികം എജെന്റുകള്‍ ഞങ്ങളെ വളഞ്ഞു. വിലപേശി നോക്കി. ഒടുവില്‍ ഞാന്‍ പറഞ്ഞ വിലക്ക്
അവര്‍ സമ്മതിച്ചപ്പോള്‍ പറക്കുകയല്ലാതെ എന്ത് ചെയ്യാന്‍. ധൈര്യം സംഭരിച്ചു കൂറ്റന്‍
ബലൂണിന്റെ ബെല്‍റ്റ് അരയിലും നെഞ്ചിലും മുറുക്കി. ഗ്ലയിഡിംഗ് പൈലറ്റ് എന്നെയും
കൂട്ടി ഉയരത്തില്‍ നിന്നും ഊളിയിട്ടു. ഹൃദയധമനികള്‍ സ്തംഭിച്ചു പോയോ എന്നറിയില്ല.
ഞാന്‍ സ്വബോധം വീണ്ടെടുക്കാന്‍ കുറച്ചു കഷ്ടപ്പെട്ടു. താഴെ ദൂരത്തു മനാലി
താഴ്വാരവും അങ്ങോട്ടുള്ള വളഞ്ഞു പുളഞ്ഞ റോഡും നയനചാരുത സമ്മാനിച്ച്കൊണ്ട്പട്ടുവിരിച്ചു നില്ക്കുന്നു.
മിനുട്ടുകള്‍ കൊണ്ട് താഴ്വാരത്തു ലാന്‍ഡ് ചെയ്തു.
ഞങ്ങളുടെ ടാക്സി അവിടെഎത്താന്‍ കുറച്ചു സമയം കാത്തിരിക്കേണ്ടിവന്നു. കുറേ അധികം
പേര് ഗ്ലയിഡിംഗ് വഴി താഴേക്ക് വരുന്നുണ്ടായിരുന്നു. എന്നാല്‍ രോഹതാങ്ങ്പാസില്
കണ്ട സഞ്ചാരികളുടെ എണ്ണം വച്ച് നോക്കുമ്പോള്‍ ഗ്ലയിഡിംഗ് നടത്തുന്നവരുടെ എണ്ണം
തുലോം തുച്ഛമാണ്.
തിരിച്ചു ആപ്പിള്‍ തോട്ടങ്ങള്‍ക്കിടയിലൂടെ
മടങ്ങുമ്പോള്‍ മനസ്സില്‍ ഒരു അനിര്‍വചനീയ അനുഭൂതി നിരഞ്ഞിരിക്കയായിരുന്നു. സ്വപ്നസാക്ഷാത്ക്കാരത്തിന്റെതായ
ഒരു സ്വര്‍ഗ്ഗ ലോകത്തായിരുന്നു എന്റെ മനസ്സ്. തിരിച്ചു മനാലിയില്‍ എത്തി മനുഭായിയോട്
വിട പറഞ്ഞു. ഉടുപ്പി ഹോട്ടലില്‍ നിന്നും തനി കര്‍ണാടക സ്റ്റൈല്ഫുഡും കഴിച്ചു നേരെ
പോയി ഹോട്ടല്‍ ചെക്ക്ഔട്ട് ചെയ്തു. ബസ് സ്റ്റാന്റ് ആയിരുന്നു അടുത്ത ലക്ഷ്യം.
 |
വന്‍വിഹാര്‍ ഉദ്യാനം |
 |
ഓര്‍മകളുടെ പുസ്തകതാളില്‍ സൂക്ഷിക്കാന്‍ |
ഇടക്ക്
ലഭിച്ച ഒരു മണിക്കൂര്‍ സമയം മനോഹരമായ വന്‍വിഹാര്‍ ഉദ്യാനത്തില്‍ ചിലവിട്ട് സമയത്ത്
തന്നെ ബസ് കയറി. ടിക്കറ്റ് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തത് കൊണ്ട് കാര്യങ്ങള്‍
എളുപ്പമായി. പുലര്‍ച്ചെ തന്നെ ഡല്‍ഹി എത്തി. വീണ്ടും ആ മഹാനഗരത്തിന്റെ തിരക്കിലേക്ക്...
അന്ന് വൈകീട്ട് തന്നെ നാട്ടിലേക്കും... എന്നിലെ സഞ്ചാരിക്ക് അനുഭവത്തിന്റെ പുതിയ
ഏടുകള്‍ ജീവിതപാഠപുസ്തകത്തില്‍ എഴുതിചേര്ക്കാന് പോന്നതിലുപരി വര്‍ഷങ്ങള്‍
മനസ്സില്‍ കാത്തുസൂക്ഷിച്ച ഒരു സ്വപ്നം സാക്ഷാത്കരിച്ച സംതൃപ്തിയാണ് ഹിമാചല്‍
യാത്ര സമ്മാനിച്ചത്.