എന്നെ പറ്റി

Saturday, May 31, 2014

മുംബൈ ചരിത്രത്തിന്‍റെ അവശേഷിപ്പുകളിലേക്ക് ഒരു ഏകാന്ത ബൈക്ക് യാത്ര

       എന്‍റെ മിക്കവാറും യാത്രകള്‍ യാദൃശ്ചികമായാണ് സംഭവിക്കാര്. വളരെ കുറച്ചു യാത്രകളെ പ്ലാന്‍ ചെയ്തു നടപ്പിലാക്കാന്‍ ഇതുവരെ സാധിച്ചിട്ടുള്ളൂ. ഫോട്ടോഗ്രാഫിയിലുള്ള അതിയായ താല്പര്യമാണ് പല യാത്രകളുടെയും ഉള്‍പ്രേരണ എന്നത് കൊണ്ട് തന്നെ അത് ഏതു തരത്തിലുള്ളതായാലും മനസ്സിന് സംതൃപ്തി നല്‍കാന്‍ പ്രാപ്തമാകാറുണ്ട് എല്ലായ്പ്പോഴും.
            മുംബൈ മഹാനഗരത്തിലൂടെ ഒരുപാട് യാത്രകള്‍ ഞാന്‍ നടത്തിയിട്ടുണ്ട്. ബെങ്കളൂരു കഴിഞ്ഞാല്‍ എന്‍റെ ഏറ്റവും പ്രിയപ്പെട്ട നഗരം ഇതുതന്നെഎന്നാല്‍ എലഫന്റ ദ്വീപിലേക്ക് ഒരു യാത്ര നടത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. കഴിഞ്ഞ കുറെനാളുകയായി മനസ്സില്‍ കരുതി വച്ചതാണ് ആ യാത്ര. അതുതന്നെയാണ് ഈ പ്രാവശ്യം എന്‍റെ ഏകാന്തസഞ്ചാരത്തിനുള്ള മാനസിക പ്രേരണയും.
         തീര്‍ച്ചയായും പൂനെ നിവാസിയായ എന്നെ പോലൊരു മലയാളിക്ക്‌ മുംബൈ യാത്ര ഒരു വലിയ കാര്യമേ അല്ല. വെറും നാല് മണിക്കൂര്‍ ട്രെയിന്‍ യാത്രയോ മൂന്നു മണിക്കൂര്‍ ഡ്രൈവിങ്ങോ കൊണ്ട് കീഴടക്കാവുന്ന വെറും 160 കിലോമീറ്റര്‍ ദൂരം. എന്നാല്‍ വ്യത്യസ്തമായ വഴി തിരഞ്ഞെടുക്കാന്‍ എന്നും വെമ്പല്‍ കൊള്ളാറുള്ള എന്‍റെ മനസ്സ് ഈ യാത്ര ബൈക്ക് വഴി ആക്കാന്‍ ശരീരത്തിന് നിര്‍ദ്ദേശം നല്‍കി.
         തലേന്ന് രാത്രി തന്നെ ഒരു ഏകദേശയാത്രാപ്ലാന്‍ തയ്യാറാക്കി. പോകേണ്ട സ്ഥലങ്ങളെ ഗൂഗിള്‍ മാപ്പിലും പേപ്പറിലും അടയാളപ്പെടുത്തി. എക്സ്പ്രസ് വേ വഴി ബൈക്ക് അനുവദനീയം അല്ല എന്നത് കൊണ്ട് തന്നെ NH-4 വഴിയാണ് എന്‍റെ യാത്ര.വേനല്‍ചൂടിന്റെ കാഠിന്യത്തില്‍ നിന്നും പൂനെ നഗരത്തിന്‍റെ ട്രാഫിക്‌ കുരുക്കില്‍ നിന്നും രക്ഷപ്പെടുക എന്നീ ഉദ്ദേശങ്ങളോടെ ഞാന്‍ അതിരാവിലെ അഞ്ചുമണിക്ക് തന്നെ എന്‍റെ ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്തു. കട്ക്കി- നിഗടി- ദേഹു റോഡ്‌- തലേഗാവ്‌- വടഗാവ്‌ വഴി പൂനെയോട് വിട പറയുമ്പോള്‍ നേരം പുലര്‍ന്നു വരുന്നതെ ഉണ്ടായിരുന്നുള്ളൂ എന്നത് കൊണ്ട് തന്നെ റോഡില്‍ തിരക്ക്‌ നന്നേ കുറവ്.
       അതുകൊണ്ട് തന്നെ പ്രതീക്ഷിച്ചതിലും നേരത്തെ ലോനെവാല-ഖണ്ടാല എത്തി. മഹാരാഷ്ട്രയിലെ ഏറ്റവും പ്രശസ്തമായ ഹില്‍സ്റേഷനുകളില്‍ ഒന്ന്. പടിഞ്ഞാറൻ മലനിരകളോട് ചേർന്ന് കിടക്കുന ഒരു മലമ്പ്രദേശമാണിത്. മുബൈ-പൂനെ എക്സ്പ്രസ് വേ, ട്രെയിന്‍ പാത എന്നിവ ഒരേ സമയം ദൃശ്യമാകുന്ന മലഞ്ചേരിവും തുരങ്കവും നയനമനോഹാരിത സമ്മാനിക്കുന്ന കാഴ്ച ആയിരുന്നു. 
ഖണ്ടാല ചുരം ഇറങ്ങുമ്പോള്‍  ദൂരത്തു ദൃശ്യമാകുന്ന എക്സ്പ്രസ്സ്‌ വേ 

ഖണ്ടാല മലയിലെ തുരംഗം വഴി ഇറങ്ങി മലയെ ചുറ്റി കടന്നു പോകുന്ന ട്രെയിന്‍ പാത  

ഖണ്ടാല റോഡരികില്‍ ദൃശ്യമാകുന്ന വെള്ളച്ചാട്ടം 
       അവിടെ ഒരല്‍പനേരം ബൈക്ക് നിറുത്തി ഒരു ചായ ഒക്കെ കുടിച്ചു വീണ്ടും ഞാന്‍ യാത്ര തുടര്‍ന്നു.  ഖണ്ടാല ചുരം ഇറങ്ങി ഖോപോലി പട്ടണം വഴി വീണ്ടും സഞ്ചാരം നാലുവരി പാതയിലൂടെ.
വഴിയില്‍ ദൃശ്യമായ ആട്ടിന്‍പറ്റം
        റോഡ്‌ വളരെ നല്ലതായിരുന്നു എന്നത് കൊണ്ടും തിരക്ക് നന്നേ കുറവായിരുന്നു എന്നതിനാലും എന്‍റെ വലതുകൈ ഞാന്‍ അറിയാതെ തന്നെ യാത്ര വേഗത്തിലാക്കുന്നുണ്ടായിരുന്നു. ഖാലപൂര്‍ - ചൌക് വഴി വളരെ പെട്ടെന്ന് തന്നെ പനവേല്‍ എത്തി. മുംബൈ നഗരം അടുത്തടുത്ത് വരുന്നുവെന്നു ഓര്‍മിപ്പിക്കാന്‍ എന്നോണം റോമിംഗ് മെസ്സേജൂകള്‍ വന്നു തുടങ്ങി മൊബൈലില്‍. ലഘുവായ പ്രാതല്‍ കഴിച്ചു ഞാന്‍ യാത്ര തുടങ്ങുമ്പോള്‍ മണി എട്ടാവുന്നത്തെ ഉണ്ടായിരുന്നുള്ളൂ..
     ഇനിയങ്ങോട്ട് ഗൂഗിള്‍മാപ്പ് മാത്രമാണ് എനിക്ക് വഴികാട്ടി. കാരണം ഒട്ടനേകം യാത്രകളില്‍ വഴിയിലെ ട്രാഫിക്‌ കുരുക്കിനെ പറ്റിയും ദൂരവ്യത്യാസത്തെ പറ്റിയും എനിക്ക് മുന്നറിയിപ്പ് തന്നു എന്‍റെ യാത്ര മനോഹരമാക്കിയിട്ടുണ്ട് ഈ അനന്തസാധ്യതകളുള്ള സോഫ്റ്റ്‌വേര്‍. അതില്‍ വിശ്വാസം ഉള്ളത് കൊണ്ട് തന്നെ ആരോടും വഴി ചോദിക്കാതെ യാത്ര തുടര്‍ന്നു. പനവേല്‍ നിന്നും കലുണ്ട്രെ നദിക്ക് കുറുകെയുള്ള പാലം കടന്ന് ഉറാന്‍ റോഡ്‌ വഴി പുതിയ വിമാനതാവളത്തിന് വേണ്ടി നിര്‍ദ്ദേശിക്കപ്പെട്ട സ്ഥലത്തെ തൊട്ടുരുമ്മി പനവേല്‍ ഉള്‍ക്കടല്‍ മുറിച്ചു കടന്ന് നവി മുംബൈയിലേക്ക്.  മുൻപ് ഇത് ന്യൂ ബോംബെ എന്നാണ് അറിയപ്പെട്ടിരുന്നത്. 1972 ൽ വികസിപ്പിക്കപ്പെട്ട മൊത്തത്തിൽ 344 km² വിസ്തീർണ്ണമുള്ള ഈ നഗരം ലോകത്തിലെ തന്നെ വലിയ ആസൂത്രിത നഗരങ്ങളിൽ ഒന്നാണ്. ചണ്ഡിഗഢ് നഗരത്തെ അനുസ്മരിപ്പിക്കും വിധം പല സെക്ടറുകള്‍ ആക്കി തിരിച്ചു രൂപീകരിച്ച നഗരം ഇവിടെ എത്തിച്ചേരുന്ന ഏതു യാത്രികനും ഒരു പുതിയ അനുഭവം ആവും. ചാള്‍സ് കോറിയ എന്ന ആര്‍ക്കിടെക്ട്ടിനും അദ്ദേഹത്തിന്‍റെ കീഴില്‍ പ്രവര്‍ത്തിച്ച നൂറുകണക്കിന് എഞ്ചിനീയറിംഗ് വിദഗ്ദര്‍ക്കും അഭിമാനിക്കാവുന്ന രീതിയില്‍ അമ്പരചുംബികളായ കെട്ടിടങ്ങളുടെ നീണ്ട നിര. വാഷി റെയില്‍വേ സ്റ്റേഷന്‍ കഴിഞ്ഞു യാത്ര ഇനി 1837 മീറ്റര്‍ നീളമുള്ള വാഷി പാലം വഴി താനെ ഉള്‍ക്കടലിനു കുറുകെ. നവി മുംബൈ ഉള്‍പ്പെടുന്ന ഇന്ത്യന്‍ തെക്കേഉപഭൂഖണ്ട മേഖലയെ മുബൈ മഹാനഗരവുമായി ബന്ധിപ്പിക്കുന്ന പ്രധാന സഞ്ചാരപാതയാണിത്. പാലം കടന്നു മാന്‍ഖുര്ദ്‌ എത്തിയിരിക്കുന്നു. അതെ ഞാന്‍ മഹാനഗരമാന്ത്രികത ആവാഹിച്ച മുബൈയുടെ സ്വപ്നസ്പര്‍ശം ഏറ്റു നില്‍ക്കുകയാണ്.
മുംബൈ നഗരത്തിന്‍റെ മനോഹര ദൃശ്യം
       1കോടി 30ലക്ഷം ആളുകൾ വസിക്കുന്ന മുംബൈ ഇന്ത്യയിലെ ഏറ്റവുമധികം ജനസംഖ്യയുള്ളതും ഏറ്റവും ജനസാന്ദ്രതയുള്ളതുമായ നഗരമാണ്. ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനം എന്ന പേരിലും അറിയപ്പെടുന്നു. ഒരിക്കലും ഉറങ്ങാത്ത ഈ നഗരം ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം കൂടിയാണ്‌. നഗരപ്രാന്തം കൂടി ഉൾപ്പെടുന്ന മുംബൈ മെട്രോപൊളിറ്റൻ പ്രദേശം 25 ദശലക്ഷം ജനസംഖ്യയോടുകൂടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ആറാമത്തെ മെട്രോ നഗരമാണ്‌. മുംബൈയിലെ ആഴക്കടൽ തുറമുഖത്തിലൂടെയാണ്‌ ഭാരതത്തിലെ 50 ശതമാനത്തോളം ചരക്കുഗതാഗതവും നടക്കുന്നത്‌. മുംബൈ ഇന്ത്യയുടെ വ്യപാര വിനോദ തലസ്ഥാനം കൂടിയാണ്‌. റിസർവ്‌ ബാങ്ക്‌ ഓഫ് ഇന്ത്യ, ബോംബേ സ്റ്റോക്ക്‌ എക്സ്ചേഞ്ച്‌, നാഷണൽ സ്റ്റോക്ക്‌ എക്സ്ചേഞ്ച്‌ എന്നിവയും, പലരാജ്യങ്ങളുടെ എംബസി മന്ദിരങ്ങളും, പല ഇന്ത്യൻ കമ്പനികളുടെയും കോർപ്പറേറ്റ്‌ ആസ്ഥാന മന്ദിരങ്ങളും മുംബൈയിലാണുള്ളത്‌. അദമ്യമായ തൊഴിൽ-വ്യവസായ സാധ്യതകൾ കാരണം ഇന്ത്യയുടെ എല്ല ഭാഗങ്ങളിൽ നിന്നും അനേകം പ്രവാസികളെ ആകർഷിക്കാൻ മുംബൈക്കു കഴിഞ്ഞിട്ടുണ്ട്‌. അതുകൊണ്ടു തന്നെ മുംബൈ വളരെ ഉയർന്ന ജീവിത നിലവാരം പുലർത്തുന്ന നഗരങ്ങളിൽ ഒന്നാണ്‌. നഗരത്തിലെ സംസ്കാരം ഇന്ത്യയിലെ വിവിധ മതങ്ങളുടെയും പ്രദേശങ്ങളുടെയും സംസ്കാരങ്ങൾ കൂടിച്ചേർന്നു രൂപപ്പെട്ട ഒരു സങ്കരസംസ്കാരമാണ്.
          മുംബൈ എന്ന പേര്‌ ഹിന്ദു ദേവതയായ മുംബാദേവിയുടെ പേരിൽ നിന്നും ആവിർഭവിച്ചതാണെന്നാണ്‌ വിശ്വാസം. പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ മുംബൈ കൈവശപ്പെടുത്തിയപ്പോൾ അവർ മുംബൈയെ പല പേരുകളിലും വിളിച്ചെങ്കിലും 'ബോംബൈം' എന്ന പേരാണ്‌ അവർ രേഖകളിൽ ഉപയോഗിച്ചിരുന്നത്‌. ബൊംബ എന്ന വാക്കിന്റെ പോർച്ചുഗീസ്‌ ഭാഷയിലെ അർത്ഥം 'നല്ല ഉൾക്കടൽ' എന്നാണ്‌. പതിനേഴാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാരുടെ ആഗമനത്തോടെ അവർ ആംഗ്ലേയവത്കരിച്ച്‌ ബോംബൈം -നെ ബോംബെ എന്നു വിളിച്ചു. എന്നിരുന്നാലും മറാത്തികൾ മുംബൈ എന്നും ഗുജറാത്തികൾ മംബൈ എന്നും ഹിന്ദിയിൽ ബംബൈ എന്നുമാണ്‌ ഈ നഗരം അറിയപ്പെട്ടിരുന്നത്‌. 1995-ഇൽ ഔദ്യോഗികമായി നഗരത്തിന്റെ പേര്‌ വീണ്ടും മുംബൈ എന്നാക്കിത്തീർത്തു. എന്നിരുന്നാലും പല നഗരവാസികളും നഗരത്തിലെ പല പ്രസിദ്ധ സ്ഥാപനങ്ങളും നഗരത്തെ ഇന്നും ബോംബെ എന്നു തന്നെ വിളിച്ചു വരുന്നു.
          യാത്ര തുടര്‍ന്നു. ചെമ്പുര്‍- ശിവാജിനഗര്‍ - ബൈക്കുളള വഴി വിക്ടോറിയ ടെര്‍മിനല്‍ എന്ന പേരില്‍ പ്രസിദ്ധമായ ചത്രപതി ശിവാജി റെയില്‍വേസ്റ്റേഷന്‍ പരിസരത്തേക്ക്‌.
             ഇടത് :  ബോംബെ മഹാനഗരസഭാകാര്യാലയം 
             വലത് :  ചത്രപതി ശിവാജി ടെര്‍മിനല്‍ റെയില്‍വേ സ്റ്റേഷന്‍ 
       ലോകത്തിന്റെ മുഖഛായ മാറ്റിയ ഒരു നൂറ്റാണ്ടിനു നെടുനായകത്വം വഹിച്ച സ്ത്രീയാണ് വിക്ടോറിയ രാജ്ഞി. 1837 ജൂൺ 20 മുതൽ 1901 ജനുവരി 22 വരെ ഗ്രേറ്റ് ബ്രിട്ടന്റേയും അയർലന്റിന്റേയും രാജ്ഞിയായിരുന്നു.
(1876 മേയ് 1 മുതൽ ബ്രിട്ടീഷ് ഇന്ത്യയുടേയും രാജ്ഞിയായിരുന്നു.) വിക്ടോറിയ രാജ്ഞിയെ 'യൂറോപ്പിലെ മുത്തശ്ശി' എന്നും വിളിച്ചിരുന്നു. അവരുടെ ഓര്‍മക്കായി പേരിടപ്പെട്ട വിക്ടോറിയ ടെര്‍മിനല്‍, സി എസ് ടി (ചത്രപതി ശിവാജി ടെര്‍മിനല്‍) എന്ന പേര് സ്വീകരിച്ചിട്ട് അധികം വര്‍ഷം ആയിട്ടില്ല. എന്നാല്‍ 2008 ലെ അറുപതു മണിക്കൂര്‍ നീണ്ട ഭീകരാക്രമണത്തിന്‍റെ പേരിലാവും ഈ റെയില്‍വേ സ്റ്റേഷന്‍ ഇന്ന് കൂടുതല്‍ പ്രസിദ്ധം എന്നത് ഒരു ദുഃഖസത്യം.
ചത്രപതി ശിവാജി ടെര്‍മിനല്‍ (വിക്ടോറിയ ടെര്‍മിനല്‍)
         കുറേവര്‍ഷങ്ങളായി മുംബൈയിലെ പ്രധാനപ്പെട്ട ഒരു വ്യാപാര കേന്ദ്രമാണ് ഛത്രപതി ശിവജി സ്റ്റേഷന്‍ എന്ന വിടി സ്റ്റേഷന്‍. യുവാക്കള്‍ക്ക് ഏറെ താല്‍പര്യമുള്ള ഇലക്ട്രോണിക്‌സ്
, കമ്പ്യൂട്ടര്‍ തുടങ്ങിയ ഉല്‍പന്നങ്ങലും വസ്ത്രങ്ങളും ഇവിടെ ലഭിയ്ക്കും. ആന്റിക് സ്റ്റോറുകള്‍, പുസ്തകക്കടകള്‍, സ്റ്റാമ്പ് വില്‍പ്പനകേന്ദ്രങ്ങള്‍, പഴയ നാണയങ്ങള്‍ വില്‍ക്കുന്ന സ്ഥലങ്ങള്‍ എന്നിവയെല്ലാമുണ്ട് ഇവിടെ. തൊട്ടു മുന്നില്‍ തന്നെ അമ്പരചുംബിയായ മറ്റൊരു കെട്ടിടം. ബോംബെ മഹാനഗരസഭ കാര്യാലയം ഇവിടെയാണ്‌ പ്രവര്‍ത്തിക്കുന്നത്.  
         സമയം ഉച്ചയാവാറായി. വെയിലിന്‍റെ കാഠിന്യം ഏറി വരുന്നു. ദാദാഭായ് നവറോജി റോഡ്‌ വഴി മഹാത്മാഗാന്ധി റോഡിലേക്ക്‌. ഇന്ത്യയിലെ ഏതു നഗരത്തിലും കാണാം രാഷ്ട്രപിതാവിന്‍റെ പേരില്‍ ഒരു റോഡ്‌. ബൈക്ക് പാര്‍ക്ക് ചെയ്തു ഒരല്‍പം നടന്നു. നല്ല വിശപ്പ്. ഉച്ചഭക്ഷണം കഴിഞ്ഞു നേരെ പോയത് വാങ്കടെ സ്റ്റേഡിയം വഴി പ്രശസ്തമായ മറൈന്‍ ഡ്രൈവിലേക്ക്. ഈയടുത്ത കാലത്ത് സച്ചിന്റെ വിടവാങ്ങല്‍ മത്സരത്തിനും അതിനു മുന്‍പ് ലോകകപ്പ്‌ ക്രിക്കറ്റുഫൈനലിനും വേദിയായ ലോകപ്രസിദ്ധ ക്രിക്കറ്റ്‌ സ്റ്റേഡിയം. അടുത്തു തന്നെ മുംബൈ യുനിവേഴ്സിറ്റി ഗ്രൌണ്ട്. ബൈക്ക് പാര്‍ക്ക് ചെയ്തു നടന്നു മറൈന്‍ ഡ്രൈവിലൂടെ. ഒബ്രോയ് ഹോട്ടല്‍ അടക്കം കൂറ്റന്‍ കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്നു തീരത്ത്.
മറൈന്‍ ഡ്രൈവ് കടല്‍ത്തീരം
     
മറൈന്‍ ഡ്രൈവില്‍ നിന്നും വല്‍ക്കെശ്വാര്‍ ഭാഗത്തിന്റെ കാഴ്ച
      'രാജ്ഞിയുടെ നെക്കലാസ്' എന്ന വിളിപ്പേരുണ്ട് ഈ സ്ഥലത്തിന്. അതിനു കാരണം
C- ഷേപ്പില്‍ ഉള്ള കടല്‍തീരം രാത്രികാലത്ത് സ്വര്‍ണം പോലെ തിളങ്ങി നില്‍ക്കും ദൂരത്തു നിന്നും നോക്കുമ്പോള്‍ എന്നത് തന്നെ. ഒരറ്റത്ത് ഗിർഗാവ് ചൗപ്പാട്ടി ബീച്ച്. ഗണേശ ചതുർത്ഥിക്ക് ഈ ബീച്ചിലാണ് മുംബൈ നിവാസികൾ ഗണേശ വിഗ്രഹങ്ങൾ നിമഞ്ജനം ചെയ്യുന്നത്. വർഷാവർഷം ഇവിടെ രാം ലീ‌ലയും അരങ്ങേറാറുണ്ട്. ഭേൽപൂരി, പാനിപൂരി, ശേവ്പൂരി, പാവ്ബജി തുടങ്ങിയ മറാട്ടി വിഭവങ്ങള്‍ മത്സരിച്ചു വില്‍ക്കപ്പെടുന്നുണ്ട്. തിരിച്ചു നടന്നു. ഉച്ചഭക്ഷണത്തിന്‍റെ ആലസ്യത്തില്‍ ഒരു സിമെന്റ് ബെഞ്ചില്‍ കടല്‍ക്കാറ്റേറ്റ് കുറച്ചു നേരം മയങ്ങിപ്പോയി ഞാന്‍.
    സമയം നാലുമണി. ഒരു ചായ കുടിച്ചു നേരെ പുറപ്പെട്ടു പ്രസിദ്ധമായ ജൂഹു കടപ്പുറത്തേക്ക്. ദാദര്‍- ബാന്ദ്ര- സാന്ദ്രാക്രൂസ് വഴി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി ജൂഹു എത്തി. ജൂഹു വിമാനത്താവളം വേറെ ഉണ്ട്. അതിന്‍റെ പരിസരത്തായി ബൈക്ക് പാര്‍ക്ക് ചെയ്തു ബീച്ചിലേക്ക് നടന്നു.
ജൂഹു ബീച്ച് പ്രവേശന തീരത്തെ ശിവാജി പ്രതിമ
    വൈകുന്നേരം ആയത് കൊണ്ട് തന്നെ നല്ല തിരക്ക്. എല്ലാം സാധാരണക്കാരായ ജനങ്ങള്‍. ബീച്ചിലേക്ക് കടക്കുമ്പോള്‍ തന്നെ കുറെ ഭക്ഷണശാലകള്‍. ഗിർഗാവ് ചൗപ്പാട്ടി ബീച്ചില്‍ കണ്ട പോലെ തന്നെ ഭേൽപൂരി, പാനിപൂരി, ശേവ്പൂരി എന്നിവ തന്നെയാണ് പ്രധാന ആകര്‍ഷണം.
ജൂഹു കടല്‍ത്തീരം      
വഴിയോരവാണിഭക്കാര്‍
      ജുവേം എന്ന് പോര്‍ച്ചുഗീസുകാര്‍ വിളിച്ച ഒരു ദ്വീപ്‌ ആയിരുന്നു ജൂഹു മുന്‍പ്‌. ഗാന്ധിജിയുടെ വാസം കൊണ്ടും ഈ സ്ഥലം സ്വാതന്ത്ര്യസമരകാലത്ത് ലോകശ്രദ്ധ ആര്‍ജിച്ചിരുന്നു. ഇന്നിവിടം മുതല്‍ അന്ധേരി വരെ ബോളിവുഡ് താരങ്ങളുടെ വസതികള്‍ കൊണ്ട് പ്രസിദ്ധമാണ്. അടുത്തു തന്നെയാണ്
മുംബൈ അന്താരാഷ്ട്ര വിമാനത്താവളം എന്നതാവാം കാരണം. സന്ധ്യ ആകും വരെ അവിടെ സമയം ചിലവഴിച്ചു മടങ്ങി. ഇനി ലക്‌ഷ്യം രാത്രി വിശ്രമം. ഹോട്ടല്‍ റൂം തപ്പി എത്തിയത് മുംബൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത്. പിറ്റേന്നത്തെ യാത്രക്ക് അധികം ദൂരമാവരുത് എന്നത് കൂടി അവിടെ എത്തിച്ചേരാനുള്ള കാരണം ആയിരുന്നു. റൂം തരപ്പെടുത്തി. കുളിച്ചു ഭക്ഷണം കഴിച്ചു കുറച്ചു നേരം പിറ്റേന്നത്തെ യാത്രയുടെ ഏകദേശരൂപം മനസ്സില്‍ തയ്യാറാക്കി പുറത്തേക്കിറങ്ങി. ഉറക്കമില്ലാത്ത രാത്രിയാണ് മുംബൈക്ക് എന്ന് തോന്നും. അത്രക്ക് തിരക്ക് റോഡില്‍. ഇവിടെയെത്തുന്ന ഏതു യാത്രികനും പകച്ചുനിന്നു പോകും മുംബൈയുടെ രാത്രിയിലെ നിറം മാറ്റം കണ്ടാല്‍. ടാക്സികളില്‍ ഒക്കെ ചായം പൂശി വില്‍പ്പനചരക്കാക്കി മാറ്റിയ, അല്ലെങ്കില്‍ സ്വയം മാറപ്പെട്ട സ്ത്രീകളുടെ വിരാമാമില്ലാത്ത സഞ്ചാരം. ചിലതില്‍ ഒരാള്‍ മാത്രം. മറ്റു ചിലതില്‍ കുറെ പേര്‍. എനിക്ക് ഉള്‍ക്കൊള്ലാനാകുന്നതിനു അപ്പുറമായിരുന്നു ആ നഗരപ്രാന്തത്തിന്‍റെ ഈ നിറം മാറ്റം. മൊബൈലില്‍ സ്ഥലത്തിന്‍റെ ചുറ്റുപാടുമുള്ള പ്രദേശങ്ങളെ പറ്റി പഠിച്ചപ്പോള്‍ കാര്യം പിടികിട്ടി. വെറും രണ്ടു കിലോമീറ്റര്‍ ദൂരത്താണ് കാമാത്തിപുര എന്ന ഏഷ്യയിലെ ഏറ്റവും വലിയ വേശ്യതെരുവ്‌. 19-ആം നൂറ്റാണ്ടിലും 20-ആം നൂറ്റാണ്ടിന്റെ ആദ്യവും മനുഷ്യക്കടത്തിന്റെ ഫലമായി യൂറോപ്പിൽ നിന്നും ജപ്പാനിൽ നിന്നും എത്തി ചേർന്നവരാണ് ഇവിടത്തെ ലൈംഗിക തൊഴിലാളികളുടെ മുൻഗാമികൾ. അവർ ബ്രിട്ടീഷുകാർക്ക് വേണ്ടിയും ഇന്ത്യക്കാർക്ക് വേണ്ടിയും ലൈംഗിക വൃത്തിയിൽ ഏർപ്പെട്ടു. പിന്നീട് തദ്ദേശീയരായ സ്ത്രീകൾ ഈ തൊഴിലിൽ ഏർപ്പെട്ട് ഉപജീവനം നടത്താനാരംഭിച്ചു. ഇന്ന് ഭീകരമായ അവസ്ഥയിലേക്ക് അവിടം എത്തപ്പെട്ടിരിക്കുന്നു. പിഞ്ചുകുഞ്ഞുങ്ങളെ വരെ റൂമില്‍ അടച്ചു പൂട്ടി വളര്‍ത്തിയെടുത്തു വേശ്യകള് ആക്കി മാറ്റുന്ന ഇവിടുത്തെ അവസ്ഥാവിശേഷത്തെ ഗൗരവത്തോടെ ഒരു പാശ്ചാത്യമാധ്യമം ചര്‍ച്ച ചെയ്യുന്നത് ഈയടുത്ത കാലത്ത് എന്‍റെ ശ്രദ്ധയില്‍ പെട്ടിരുന്നു. രാഷ്ടീയസാമൂഹ്യ രംഗത്തെ പ്രമുഖരുടെ ഒത്താശയോടെയാണ് ഈ പ്രവര്‍ത്തനങ്ങള്‍ എന്നത് കൊണ്ട് തന്നെ ആകണം നമ്മുടെ സര്‍ക്കാര്‍ നിയമസംവിധാനങ്ങള്‍ക്ക് കൈകെട്ടി നോക്കി നില്‍ക്കേണ്ടി വരുന്നത്. ഈയടുത്ത് റിയല്‍എസ്റ്റേറ്റ്‌ ഭീമന്മാര്‍ കൈപിടിയില്‍ ഒതുക്കിയ ഈ പ്രദേശത്ത് നിന്നും ഇവിടുത്തെ തൊഴിലാളികള്‍ നഗരത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്ക്‌ പാലായനം നടത്തപ്പെട്ടു കൊണ്ടിരിക്കയാണ്. എന്നാല്‍ അവരെ പുനരധിവസിപ്പിക്കാനോ മറ്റു തൊഴില്‍അവസരങ്ങളില്‍ വ്യാപൃതരാക്കാനോ വീണ്ടും ഉത്തരവാദപ്പെട്ടവര്‍ പരാജയപ്പെടുകയാണ് എന്ന് അവിടെ കണ്ട ഒരു മലയാളിസുഹൃത്തിനോട്‌ സംസാരിച്ചപ്പോള്‍ മനസ്സിലായി.
           നേരം വൈകി. നേരെ റൂമിലെത്തി. രാവിലെ നേരത്തെ തന്നെ എണീറ്റു. റൂം ചെക്ക്‌ ഔട്ട്‌ ചെയ്തു ഏഴു മണിക്ക് തന്നെ ഗേറ്റ് വേ ഓഫ് ഇന്ത്യ ലക്ഷ്യമാക്കി ഞാന്‍ പുറപ്പെട്ടു. കൊളാബയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. വളരെപ്പെട്ടെന്നു തന്നെ അവിടെ എത്തി. കടലോരത്തോട്‌ ചേര്‍ന്ന് നില്‍ക്കുന്ന ഗേറ്റ് വേയും താജ്‌ ഹോട്ടല്‍ സമുച്ചയങ്ങളും മുംബൈ മഹാനഗരത്തിന്‍റെ എല്ലാ സൗന്ദര്യവും തങ്ങളില്‍ ആവാഹിച്ചു അങ്ങനെ ഉദയസൂര്യന്‍റെ പ്രഭയില്‍ കുളിച്ചു നില്‍ക്കുന്നു.
താജ്‌ ഹോട്ടല്‍ സമുച്ചയങ്ങള്‍
         മുന്‍പ് ഞാന്‍ ഇവിടം സന്ദര്‍ശിച്ചപ്പോള്‍ ഇല്ലാത്ത വിധം സെക്യൂരിറ്റി സംവിധാനങ്ങള്‍ സജ്ജം. നവംബര്‍
26 എന്ന ആ കറുത്ത ദിനത്തിന്‍റെ ഓര്‍മയ്ക്ക് മുന്നില്‍... അന്ന് ജീവന്‍ നഷ്ടപ്പെട്ട വിദേശികളുള്‍പ്പെടെ 31 പേരുടെ ഓര്‍മയ്ക്ക് മുന്നില് ഇതൊന്നും ഒന്നുമാവില്ല. ലോകത്തിന്‍റെ മുന്നില്‍ ഭാരതത്തിന്‍റെ അഭിമാനം കാത്തുസൂക്ഷിക്കാന്‍ ജീവന്‍ വെടിഞ്ഞ സൈനികര്‍ക്ക് സ്മരണാഞ്ജലി.
ആകെ 565 മുറികളാണ് താജ് മഹൽ പാലസ് ഹോട്ടലിന് ഉള്ളത്. ഇൻഡോ സ്സാർസനിക് ശൈലിയിലാണ് താജ് ഹോട്ടലിന്റെ നിർമാണം. 1903-ലാണ് ഈ ഹോട്ടൽ അതിഥികൾക്ക് ആദ്യമായി തുറന്നുകൊടുക്കുന്നത്. വെള്ളക്കാരെ മാത്രം പ്രവേശിപ്പിച്ചിരുന്ന ബോംബയിലെ അക്കാലത്തെ ഒരു പ്രമുഖ ഹോട്ടലായ വാട്സൺ ഹോട്ടലിൽ ജംഷഡ്ജി ടാറ്റ്യ്ക്ക് പ്രവേശനം നിഷേധിക്കപ്പെടുകയുണ്ടായി. അതിനു പകരമായാണ് താജ് ഹോട്ടൽ പണിതുയർത്തിയത് എന്നാണ് പൊതുവെ പ്രചരിക്കുന്ന ഒരു കഥ.
          ഗേറ്റ്‌വേയ്ക്ക്മുന്നില്‍ തന്നെ ഉള്ള ബോട്ട്ടിക്കറ്റ്‌ കൌണ്ടറില്‍ നിന്നും 150 രൂപ കൊടുത്തു എലഫന്റ ദ്വീപിലേക്ക് ഒരു ടിക്കറ്റ്‌ കരസ്ഥമാക്കി. മടക്കയാത്ര അടക്കമാണ് ഈ ചാര്‍ജ്. സെക്യൂരിറ്റി ചെക്ക്‌ കഴിഞ്ഞു ഗേറ്റുവേയുടെ അങ്കണത്തിലേക്ക് പ്രവേശിച്ചു. രാവിലെ ആയതിനാല്‍ അധികം തിരക്കില്ല. 
     
ഗേറ്റ് വേ ഓഫ് ഇന്ത്യ 

     
    ബസാൾട്ട്, കോൺക്രീറ്റ് എന്നിവയാൽ നിർമ്മിക്കപ്പെട്ട ഈ കമാനത്തിന്റെ ഉയരം 26 മീറ്ററാണ്. ജോർജ്ജ് അഞ്ചാമൻ രാജാവും, മേരി രാജ്ഞിയും 1911 ൽ നടത്തിയ ഇന്ത്യാസന്ദർശനത്തിന്റെ ഓർമ്മക്കായി പണികഴിക്കപ്പെട്ടു. 1911-ലാണ് തറക്കല്ലിട്ടത്. പൂർത്തീകരണം 1924-ൽ. ഇന്തോ-സറാസെനിക് ശൈലിയിലാണ് നിർമ്മിതി. തൊട്ടു മുന്നില്‍ കടലില്‍ ഒട്ടനേകം കപ്പലുകളും ബോട്ടുകലും ദൃശ്യമാണ്. ചെറുബോട്ടുകളും കുറവല്ല. ഗേറ്റ്‌വേയ്ക്ക് തൊട്ടു മുന്നില്‍ നിന്നും തന്നെയാണ് എലഫന്റ ദ്വീപിലേക്ക് ബോട്ട് പുറപ്പെടുന്നത്. ആദ്യ ബോട്ട് രാവിലെ ഒന്‍പതു മണിക്ക് പുറപ്പെടും. ഞാന്‍ ബോട്ടിന്‍റെ മേല്‍നിലയില്‍ സീറ്റ്‌ പിടിച്ചു. പുറം കാഴ്ചകള്‍ നന്നായി കാണാവുന്ന രീതിയില്‍. ദ്വീപിലേക്കുള്ള ഒന്നര മണിക്കൂര്‍ യാത്രയില്‍ ബോട്ട് ഗെറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് ദൂരത്ത്‌ പോകും തോറും വിക്ടോറിയ ടെര്‍മിനസ് ടവര്‍, യൂനിവേര്‍സിടി  ടവര്‍, താജ് ഹോട്ടല്‍ തുടങ്ങിയയവ മുംബൈ നഗര പശ്ചാത്തലത്തില്‍ പ്രൌഡിയില്‍ നില്‍ക്കുന്നതു  കാണാനാകും.
താജ്‌ ഹോട്ടലും ഗേറ്റ്‌വേയും കടലില്‍ നിന്നും കാണുമ്പോള്‍ 
     നാവികസേനയുടെ കപ്പലുകള്‍ നങ്കൂരം ഇട്ടിരിക്കുന്നു കടലില്‍. അതില്‍ ഒരു വിമാനവാഹിനിക്കപ്പലും ഉണ്ടായിരുന്നു.  ഫോട്ടോ എടുക്കുന്നത് ഇന്ത്യന്‍നാവികനിയമപ്രകാരം ശിക്ഷാര്‍ഹമാണ്. അത്കൊണ്ട് തന്നെ പല നയനമനോഹരദൃശ്യങ്ങളും എനിക്ക് ക്യാമറയില്‍ പകര്‍ത്താന്‍ കഴിഞ്ഞില്ല. വഴിയില്‍ ജവഹര്‍ ദ്വീപ്‌ എന്ന ഒരു ചെറു ദ്വീപും പിര്‍പയു കപ്പല്‍ ജെട്ടിയും അടുത്ത്‌ കാണാമായിരുന്നു.
   
ബോട്ട് എലെഫന്ട ദ്വീപിനോട് അടുക്കുന്നു
      അങ്ങനെ ഒന്നരമണിക്കൂര്‍ ബോട്ടില്‍ സഞ്ചരിച്ചു എലഫന്റ ദ്വീപിലേക്ക് ബോട്ട് അടുത്തു. സ്വാഗതം ആശംസിച്ചു കൊണ്ടുള്ള കുറെ ബോര്‍ഡുകള്‍. കൂടെ ഒരു വലിയ മോദി കട്ട്‌ഔട്ടും.... തിരഞ്ഞുടുപ്പു ചൂടില്‍ മുക്കും മൂലയും ഒഴിവാക്കതെയുള്ള പ്രചരണം തന്നെയാണ് ഭാരതീയ ജനതാ പാര്‍ട്ടിയുടെ വിജയത്തിന്‍റെ നെടുംതൂണ്‍ എന്ന് വ്യക്തമാക്കാന്‍ ആളൊഴിഞ്ഞ ദ്വീപിലെ സഞ്ചാരി വോട്ടര്‍മാരെ മാത്രം ലക്ഷ്യമാക്കി ഉള്ള കട്ട്‌ഔട്ട്‌ വ്യക്തമാക്കിതന്നു.
എലെഫന്ടയിലേക്ക് സ്വാഗതം
      ജെട്ടിയില്‍ നിന്നും കയറി ചെല്ലുന്നിടത്ത് ടോയ് ട്രെയിന്‍ തയ്യാറാണ്. എലഫന്റ എക്സ് പ്രസ്‌ എന്ന ചെറു തീവണ്ടി. അത് നമ്മളെ തീരത്തേക്ക് ഉള്ള
500 മീറ്റര്‍ ദൂരം കൊണ്ട് ചെന്ന് വിടും.
എലെഫന്ട എക്സ്പ്രസ്സ്‌
   
വഴിയിലെ ഭക്ഷണവില്‍പ്പന ശാലകളില്‍
കണ്ട രസകരമായ പരസ്യവാചകങ്ങള്‍ 
പിന്നീട് അങ്ങോട്ട്‌ പടികള്‍ പണിതിരിക്കുന്നു. ഇരുവശത്തും ചെറിയ വില്‍പ്പനശാലകള്‍. കരകൌശല വസ്തുക്കളും ഭക്ഷണപദാര്‍ത്ഥങ്ങളും ഒക്കെ സുലഭം. എന്നിട്ടും വാനരന്മാരുടെ സ്വര്യവിഹാരഭൂമി. കുറച്ചു നടന്നു. എലെഫന്ട ഗുഹയിലേക്ക് സ്വാഗതം ചെയ്യുന്ന ബോര്‍ഡ്‌. ടിക്കറ്റ്‌ എടുത്തു ഉള്ളില്‍ കയറി.
   എലഫന്റയില്‍ രണ്ടു തരം ഗുഹകളുണ്ട്. ഒന്ന് ഹൈന്ദവവും മറ്റൊന്ന് ബൌദ്ധവുമാണ്. ഈ ദ്വീപിനു ഘരാപുരി അഥവാ ഗുഹകളുടെ നഗരം എന്നും പേരുണ്ട്. ഈ ദ്വീപിന്‍റെ പേര് എലെഫന്ട എന്ന് വന്നത് പോര്‍ച്ചുഗീസ് ആധിപത്യത്തിന് ശേഷമാണ്. ഗുഹക്കു മുന്നില്‍ കണ്ട ബ്രഹത്‌ രൂപമാര്‍ന്നു നിന്ന ആനയുടെ ശില്‍പ്പമാണ് അതിനു ഹേതു. ആ കല്‍ശില്‍പ്പം  അവിടെ നിന്നും ബ്രിട്ടനിലേക്ക് കൊണ്ടുപോകാന്‍ ബ്രിട്ടീഷുകാര്‍ ശ്രമിച്ചു. എന്നാല്‍ അതിനുപയോഗിച്ച ക്രെയിന്‍ തകര്‍ന്നു ആ ശില്‍പ്പം കടലില്‍ താഴ്ന്നു പോയി. ശേഷം അവര്‍ ഇതിനെ കരയില്‍ എത്തിച്ചു. ഇന്ന് ബൈകുള്ളക്കടുത്തുള്ള ഡോ. ബാവു ദാജി ലാദ്‌ മ്യുസിയത്തിലാണ് ആ ഭീമന്‍ ആനപ്രതിമ ഉള്ളത് (മടക്കയാത്രയില്‍ അവിടം സന്ദര്‍ശിക്കാന്‍ മനസ്സില്‍ ഉറപ്പിച്ചു).
       
പ്രധാനഗുഹാകവാടം 
     ആദ്യം പ്രധാന ഗുഹ. ത്രിമൂര്‍ത്തിയുടെയും നടരാജന്റെയും ശില്‍പ്പങ്ങള്‍ ഇടതും വലതും. നടരാജ ശിവനും യോഗാസനങ്ങളില്‍ ഇരിക്കുന്ന അനേകം മനോഹര ശിവശില്‍പ്പങ്ങളും ഗുഹയെ അലങ്കരിക്കുന്നു.
ശിവന്റെയും പാര്‍വതിയുടെയും വിവാഹവേളയില്‍ മറ്റു ദേവന്മാര്‍ സാക്ഷിയാകുന്ന വലിയ കല്‍സൃഷ്ടി ആരെയും അദ്ഭുതപ്പെടുത്തും.

    വെട്ടിമാറ്റിയ കല്ലിനെ ഭീമന്‍ തൂണുകള്‍ പണിത് താങ്ങി നിര്‍ത്തിയിരിക്കയാണ്. എ .ഡി അഞ്ചാം നൂറ്റാണ്ടിനും എട്ടാം നൂറ്റാണ്ടിനും ഇടക്ക് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ഈ ഗുഹകള്‍  പണി കഴിപ്പിച്ചത് ആരെന്നുള്ളത് ഇപ്പോഴും അജ്ഞാതമാണ്‌. 
പ്രധാനഗുഹയുടെ നടുമുറ്റം 
       ഗുഹക്ക് ഉള്ളില്‍ ജലസംപുഷ്ടമായ ഒരു കുളവും ഉണ്ട്. ശില്‍പ്പങ്ങള്‍ മിക്കവാറും കാലപ്പഴക്കത്തില്‍ തകര്‍ന്നിട്ടുണ്ട്.
      അധികം ദൂരെ അല്ലാതെ മൂന്നു ഗുഹകള്‍ വേറെയും. അവയ്ക്കടുത്തായി നിര്‍മ്മാണം പൂര്‍ത്തിയാവാത്ത ഒരു കൊച്ചു ഗുഹയും.
രണ്ടാം ഗുഹ 


മൂന്നാം ഗുഹ

നാലാം ഗുഹ 

പണി തീരാത്ത അഞ്ചാം ഗുഹ 
     ശിവലിംഗ പ്രതിഷ്ട്ടകളാണ് മറ്റു ഗുഹകളിലെല്ലാം കാണാവുന്നത്. ഹൈന്ദവസംസ്ക്കാരത്തിന്‍റെ അമൂല്യമായ സ്മാരകങ്ങളാണ് ഓരോ നിര്‍മ്മിതികളും. ചരിത്രകാരന്മാര്‍ക്കും ഇനിയും ഒരുപാട് പഠിച്ചെടുക്കാനുണ്ട് ഈ സഹസ്രാബ്ദങ്ങള്‍ പഴകിയ നിര്‍മ്മിതികളില്‍ നിന്നും. അങ്ങ്താഴെ ഒരു ഡാം കാണാമായിരുന്നു. ദ്വീപിലെ നിവാസികളായ അഞ്ഞൂറോളം പേര്‍ അവിടെയാണ് വസിക്കുന്നത്. എന്തായാലും അങ്ങോട്ട്‌ പ്രവേശനം ഇല്ല. തിരിച്ചു നടന്നു.
     
ഗുഹാപരിസരത്ത് നിന്നും ദൂരെ ദൃശ്യമാകുന്ന എലെഫന്ട ജെട്ടി
    ഗുഹയ്ക്ക് പുറത്തേക്കുകടന്ന ഉടന്‍ തന്നെ എതിര്‍ ദിശയില്‍ മറ്റൊരു ബോര്‍ഡ്‌. പീരങ്കിമല(
Cannon Hill) യിലേക്ക്. വീണ്ടും കയറ്റം തന്നെ. വഴി ആകെ തകര്‍ന്നു കിടക്കുന്നു. സംരക്ഷിക്കാന്‍ ടൂറിസം വകുപ്പ്‌ ഒരു നടപടിയും എടുക്കുന്നതിന്റെ ലക്ഷണങ്ങള്‍ കാണുന്നില്ല. ഗുഹ കാണാന്‍ എത്തുന്ന സഞ്ചാരികളുടെ എണ്ണം വച്ച് നോക്കുമ്പോള്‍ പീരങ്കി മലയിലേക്ക് പോകുന്നവരുടെ എണ്ണം നന്നേ കുറവ്. ഒരു കിലോമീറ്റര്‍ നടന്നു കാണും. ഒരു ചെറിയ ട്രെക്കിംഗ് അനുഭവം എന്ന് വേണമെങ്കില്‍ അവകാശപ്പെടാം. മലമുകളില്‍ എത്തി. അവിടെ നിന്നും നോക്കിയാല്‍ മുംബൈ മഹാനഗരത്തിന്റെ വിദൂരദൃശ്യം അതിമനോഹരമായി കാണാമായിരുന്നു.
പീരങ്കി മലമുകളില്‍ നിന്നും കാണാവുന്ന ജെട്ടിയുടെ ദൃശ്യം
         ആംഗലേയ ആധിപത്യത്തിന്റെ അവശേഷിപ്പായി രണ്ടു കൂറ്റന്‍ പീരങ്കികളും ഒന്ന് രണ്ടു കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. പീരങ്കി വളരെ അധികം വലിപ്പമുള്ളതും ഏതു ദിശയിലേക്ക് വേണമെങ്കിലും തിരിച്ചു വച്ച് വെടിവെക്കാനുള്ള സാങ്കേതിക വിദ്യ ഉള്ളതും ആയിരുന്നു.
പീരങ്കി മലയിലെ കൂറ്റന്‍ പീരങ്കി 
മരങ്ങള്‍ മൂടപ്പെട്ടതിനാല്‍ ശത്രുക്കള്‍ക്ക് ദൂരെ നിന്നും ഈ പീരങ്കി കാണാന്‍ കഴിയുകയുമില്ല. പീരങ്കി സ്ഥിതി ചെയ്യുന്നിടത്തു താഴത്തായി കുറെയധികം ഇടനാഴികളും മുറികളും പണിതിരിക്കുന്നു. പീരങ്കിയുണ്ടകള്‍ ശേഖരിച്ചു വയ്ക്കാനുള്ള ഇടമായിരുന്നിരിക്കണം. മലയുടെ എതിര്‍ വശത്ത് ഇതേ രീതിയില്‍ തന്നെ പണി കഴിച്ച മറ്റൊരു പീരങ്കി കൂടെ ഉണ്ട്. നൂറ്റാണ്ടുകള്‍ക്കു മുന്‍പ്‌ ഈ കൂറ്റന്‍ പീരങ്കികളെ മലകയറ്റി കൊണ്ട് വന്ന യൂറോപ്യന്റെ കഴിവ്‌ അപാരം തന്നെ.
      തിരിച്ചു മലയിറങ്ങുമ്പോള്‍ രണ്ടു സ്പാനിഷ് വനിതകളും അവരുടെ ഗൈഡും ഉണ്ടായിരുന്നു. തിരിച്ചു ബോട്ട് ജെട്ടിയില്‍ എത്തി. ബോട്ടില്‍ യാത്ര ചെയ്യവേ ആ വിദേശീയ യാത്രികര്‍ക്ക് ഗൈഡ് മുംബൈയുടെ ചരിത്രം പറഞ്ഞു കൊടുക്കുകയായിരുന്നു. ഇംഗ്ലീഷില്‍ പറഞ്ഞ കാര്യങ്ങള്‍ വച്ച് മുബൈയുടെ കുറെ ഞാനും മനസ്സിലാക്കി. കാന്തിവ്‌ലിക്കു സമീപം കണ്ടെത്തിയ ശിലാഫലകങ്ങൾ സൂചിപ്പിക്കുന്നത്‌ ബി.സി.250-ഇൽ തന്നെ ഇവിടെ മനുഷ്യർ ജീവിച്ചിരുന്നു എന്നാണ്. അന്ന് ഹെപ്തനേഷ്യ (പുരാതന ഗ്രീക്ക്‌ ഭാഷയിൽ ഏഴു ദ്വീപുകളുടെ സമുച്ചയം എന്നർത്ഥം) എന്നാണ് ഈ പ്രദേശം അറിയപ്പെട്ടിരുന്നത്‌. ബി.സി മൂന്നാം നൂറ്റാണ്ടിൽ ബുദ്ധ ചക്രവർത്തിയായ അശോകന്റെ കീഴിലുള്ള മൗര്യ സാമ്രാജ്യത്തിന്റെ ഭാഗമായിത്തീർന്നു. ആദ്യ നൂറ്റാണ്ടുകളിൽ മുംബൈയുടെ നിയന്ത്രണം ഭാരതീയരുടെയും, ഇറാനിയരുടെയും, സാതവാഹനരുടെയും കൈകളിൽ മാറിമറിഞ്ഞു കൊണ്ടിരുന്നു. പിൽക്കാലത്ത്‌ ഹിന്ദു ചക്രവർത്തിയായ സിടര ഡയനസ്റ്റി 1343 വരെ മുംബൈ ഭരിച്ചു. അന്ന് മുംബൈ ഗുജറാത്തിന്റെ ഭാഗമായിരുന്നു. എലിഫന്റാ കേവ്‌സ്‌, വാൾക്കേശ്വർ ക്ഷേത്രം എന്നിവ ഈ കാലഘട്ടത്തിൽ രൂപീകൃതമായതാണ്‌. പതിനാറാം നൂറ്റാണ്ടിൽ ഈ തീരദേശപ്രദേശത്തിന്റെ പ്രാധാന്യവും പ്രത്യേകതയും മനസ്സിലാക്കിയ പോർച്ചുഗീസുകാർ 1534-ഇൽ ഗുജറാത്തിന്റെ ബഹദൂർ ഷായിൽ നിന്നും മുംബൈ കൈപ്പറ്റി ഇവിടെ ഒരു നഗരം പണിതുയർത്തി. നല്ല ഉൾക്കടൽ എന്നർത്ഥത്തിൽ ബോം ബാഹിയ എന്ന പോർച്ചുഗീസ് നാമം ഈ നഗരത്തിനു നൽകുകയും ചെയ്തു. പോർച്ചുഗീസ് രാജാവിന്റെ പുത്രി ബ്രാഗൻസായിലെ കാതറീനിനെ ബ്രിട്ടണിലെ ചാൾസ് രണ്ടാമൻ രാജാവ് വിവാഹം ചെയ്തപ്പോൾ സ്ത്രീധനമായി ബോംബെ നഗരം 1661-ൽ പോർച്ചുഗീസുകാർ ബ്രിട്ടനു കൈമാറി. കിഴക്കുള്ള ഈ പ്രദേശത്തിന്റെ നിയന്ത്രണം ഒരു ബാദ്ധ്യതയാകുമെന്നു തോന്നിയ ചാൾസ് രണ്ടാമൻ രാജാവ് 1668-ൽ ഈ നഗരം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് പാട്ടത്തിനു നൽകി. 687-ഇൽ ബ്രിട്ടീഷ്‌ ഈസ്റ്റിൻഡ്യാ കമ്പനിയുടെ ആസ്ഥാനം സൂറത്തിൽ നിന്നും ബോംബേയിലേക്ക്‌ മാറ്റി. ബോംബേ പ്രസിഡൻസിയുടെ ആസ്ഥാനം എന്ന സ്ഥാനവും ഈ നഗരത്തിനു ലഭിച്ചു. 1817 മുതൽ ഏഴു ദ്വീപുകളെയും കൂട്ടിയൊജിപ്പിക്കുന്ന വൻ പ്രൊജക്ടുകൾക്ക്‌ നഗരം സാക്ഷിയായി. 1869-ഇൽ സൂയസ്‌ കനാൽ തുറന്നതോടു കൂടെ, ബോംബേ അറബിക്കടലിലെ ഏറ്റവും വലിയ തുറമുഖങ്ങളിൽ ഒന്നായി മാറി. തുടർന്നുള്ള 30 വർഷങ്ങളിൽ നഗരം ഒരു പ്രധാന നഗര കേന്ദ്രമായി വളർന്നു.
      ചരിത്രം കുറിച്ച്എടുക്കവേ ബോട്ട് യാത്ര ഗേറ്റവേയില്‍ ചെന്ന് അവസാനിച്ചത് ഞാന്‍ അറിഞ്ഞേ ഇല്ല. തിരിച്ചു ബൈക്ക് പാര്‍ക്ക് ചെയ്തിടത്തേക്ക്. അവിടെ നിന്നും നേരെ ഉച്ചഭക്ഷണം കഴിക്കാന്‍ ദാദാഭായ് നവ്രോയി റോഡിലേക്ക്‌. കേരള സ്റ്റൈല്‍ ഒരു നാടന്‍ ഉച്ചഭക്ഷണവും കഴിച്ചു.
       ഇനി പോകേണ്ടത് ഡോ. ബാവു ദാജി ലാദ്‌ മ്യുസിയത്തിലാണ്. അവിടെയാണല്ലോ എലെഫന്ട ദ്വീപിനു ആ പേര് സമ്മാനിച്ച കൂറ്റന്‍ ആനപ്രതിമ ഉള്ളത്. ഒരിക്കല്‍ക്കൂടി സിഎസ്ടി സ്റ്റേഷന്‍ മുന്നിലൂടെ സഞ്ചരിച്ചു ബൈക്കുല്ല റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഉള്ള മ്യുസിയത്തിലേക്ക് ഞാന്‍ എത്തി.
ഡോ. ബാവു ദാജി ലാദ്‌ മ്യുസിയം
    മ്യുസിയസമുച്ചയത്തിന്റെ പ്രവേശനകവാടത്തില്‍ തന്നെ വലതുവശത്തായി എലെഫന്ട ദ്വീപിലെ കൂറ്റന്‍ ആന പ്രതിമ സ്ഥാപിതമാണ്. കാലപ്പഴക്കം നിര്‍ണ്ണയിക്കാന്‍ പോലും വിഷമകരമായ കാലത്തെ ഒറ്റക്കല്‍ശില്‍പ്പം.
എലെഫന്ട
       അതും കണ്ടു മ്യുസിയത്തിന്റെ ഉള്ളില്‍ പ്രവേശിക്കാനുള്ള ടിക്കറ്റ്‌ കൌണ്ടറില്‍ എത്തി. ബാഗും മറ്റു സാമഗ്രികളും അവിടെ ഡിപോസിറ്റ് ചെയ്തു ഉള്ളിലേക്കു കയറുമ്പോള്‍ ഫോട്ടോഗ്രാഫിക്കുള്ള പ്രത്യേക നിബന്ധനകല്‍. വീഡിയോ എടുക്കുന്നത് നിരോധിച്ചിരിക്കുന്നു. ഫോട്ടോ കൊമേര്‍ഷ്യല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്. എല്ലാം സമ്മതിച്ചു ക്യാമറ മാത്രം കയ്യിലെടുത്തു ഉള്ളിലേക്ക് കയറി. വരവേറ്റത് ചെമ്പ് നിര്‍മ്മിതമായ കൂറ്റന്‍ പള്ളി വാതില്‍.
പള്ളി വാതില്‍
     യൂറോപ്പില്‍ നിര്‍മ്മിക്കപ്പെട്ടതു തന്നെ. ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പാരമ്പര്യത്തിന്റെയും സംസ്ക്കാരത്തിന്‍റെയും തെളിവ്‌ എന്നോണം നൂറുകണക്കിന് വില മതിക്കാനാവാത്ത ആയുധങ്ങളും ഉപകരണങ്ങളും ഒക്കെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട് അവിടെ. പലകാലഘട്ടത്തിലെ ജീവിത രീതിയും കാര്‍ഷിക വ്യാവസായിക വളര്‍ച്ചയെയും ചിത്രീകരിക്കുന്ന രൂപങ്ങളും പെയിന്റിംഗ്കളും കണ്ടു പുറത്തിറങ്ങി.
തൊട്ടടുത്തായി മുംബൈ മൃഗശാല. മുന്‍പ് വിക്ടോറിയ ഗാര്‍ഡന്‍ എന്നും ഇന്ന് ജീജമാത ഉദ്യാനം എന്നും അറിയപ്പെടുന്ന ഈ മൃഗശാല 1861ല്‍ സ്ഥാപിതമായതാണ്. പ്രവേശിക്കുമ്പോള്‍ തന്നെ ജീജമാതയുടെയും ശിവാജിയുടെയും ഒരു മനോഹര ശില്‍പ്പം കാണാം.
ജീജമാതയുടെയും ശിവാജിയുടെയും ശില്‍പ്പം
      വ്യത്യസ്ത ജീവി വര്‍ഗത്തിലുള്ള ഒട്ടനേകം മൃഗങ്ങളും പക്ഷികളും ഇവിടെ സംരക്ഷിക്കപ്പെട്ടുപോകുന്നു. വെള്ളമയില്‍, വെള്ളകാക്ക എന്നിവയെ ഞാന്‍ ആദ്യമായാണ്‌ കണ്ടത്. ചില അപൂര്‍വയിനം സസ്യങ്ങളും അവിടെ കാണുകയുണ്ടായി.
നാഗലിംഗം (cannonball tree, Couroupita guianensis)

           അതും കണ്ടു പുറത്തിറങ്ങുമ്പോള്‍ സമയം നാലുമണി. വളരെപ്പെട്ടെന്നു തന്നെ മടങ്ങേണ്ടിയിരിക്കുന്നു എനിക്ക്. പനവേല്‍ വരെയുള്ള ട്രാഫിക്കില്‍ ഇഴഞ്ഞു നീണ്ടി, പിന്നെ സ്വദസിദ്ധമായ വേഗത കൈവരിച്ചു എന്റെ വാഹനം പൂനെയിലേക്ക് എത്തിച്ചേര്‍ന്നു.
വഴിയില്‍ കണ്ട ആകാശദൃശ്യമനോഹാരിത
    സമയം രാത്രി പത്തുമണിയായിട്ടുണ്ടാവും അധികം യാത്രാക്ഷീണം അനുഭവിപ്പിക്കാത്ത മറാട്ടചരിത്രം തേടിയുള്ള യാത്ര പര്യവസാനിക്കുമ്പോള്‍. ഏതൊരു യാത്രയും പോലെ പലതും കണ്ടും പഠിച്ചും ഇനി പഠിക്കാന്‍ ഒരുപാടു ബാക്കി ഉണ്ടെന്നു മനസ്സിലാക്കിയും ഈ ചരിത്രം തേടിയുള്ള ബൈക്ക് യാത്ര അങ്ങനെ അവസാനിച്ചു. 

10 comments:

  1. മറാട്ടചരിത്രം തേടിയുള്ള യാത്ര പര്യവസാനിക്കുമ്പോള്‍. ഏതൊരു യാത്രയും പോലെ പലതും കണ്ടും പഠിച്ചും ഇനി പഠിക്കാന്‍ ഒരുപാടു ബാക്കി ഉണ്ടെന്നു മനസ്സിലാക്കിയും..........

    ഏറെ അറിയാനും, പഠിക്കാനും, അകക്കണ്ണിൽ കാണാനുമുള്ള ഈ അവിസ്മരണീയയാത്ര പങ്കുവെച്ചതിന് നന്ദി പറയുന്നു. മുബൈയ് നഗരത്തെക്കുറിച്ച് ചിലതൊക്കെ വായിച്ചിട്ടുണ്ടെങ്കിലും, ഇത്ര വിശദമായി ഈ നഗരത്തെ വായിക്കുന്നത് ആദ്യമായാണ്. നേർരേഖയിലുള്ള നല്ല ഭാഷയിൽ എഴുതിയതുകൊണ്ട് നല്ല വായനാസുഖവും തരന്നുണ്ട് ഈ യാത്രയെഴുത്ത് .... യാത്രക്ക് അനുബന്ധമായി ചേർത്ത ചിത്രങ്ങളിൽ ജീവൻ തുടിക്കുന്നുണ്ട്....

    ഇനിയും ഇനിയും ഒരുപാട് യാത്രകൾ ചെയ്യാൻ കഴിയട്ടെ.......

    ReplyDelete
  2. ഓ മുംബൈ
    മേരി പ്യാരി മുംബൈ

    വിശദമായ വിവരണത്തിനും നല്ല ഫോട്ടോകള്‍ക്കും നന്ദി സുഹൃത്തേ

    ReplyDelete
  3. സഞ്ചാരികളുടെ ലോകം എന്നും വ്യത്യസ്തമാണ് ..പണ്ടൊരിക്കൽ ബോംബെയിൽ പോയപ്പോൾ അവിടെ എന്തൊക്കെ കാണാനുണ്ടെന്ന് വര്ഷങ്ങളായി അവിടെ താമസിക്കുന്ന പലരോടും ചോദിച്ചതിൽ ഈ പറഞ്ഞ സ്ഥലങ്ങള ഒന്നും മറുപടിയായി കിട്ടിയിരുന്നി ല്ല എന്നത് നഷ്ടബോധം ഉണ്ടാക്കുന്നു . ഇത്ര മനോഹരമായി ഈ കാഴ്ചകളിലൂടെ എന്നെ കൊണ്ട് പോയതിനു ഒരു പാട് നന്ദി ....കഴ്ച്ചകല്ക്കും അപ്പുറം ചരിത്രത്തെ കൂടി വിശദമാക്കിയത് വായനക്ക് ഹരം പകര്ന്നു ...അജു വിന്റെ ഫോട്ടോ ഞാൻ വിലയിരുത്തുന്നില്ല അത്രമേൽ മനോഹരം ....

    ReplyDelete
  4. നല്ല യാത്രാ വിവരണം. ഫോട്ടോകൾ യാത്രയുടെ സുഖം പകര്ന്നു നല്കുന്നു..

    ReplyDelete
  5. ചരിത്രത്തിനു പിന്നാലെ വര്‍ത്തമാനത്തിനൊപ്പം നല്ലൊരു യാത്രാനുഭവം....നന്നായിരുക്കുന്നു....

    ReplyDelete