യാത്രകള്‍ അത് വിനോദപ്രധമോ വിജ്ഞാനപ്രധമോ ആവട്ടെ, പുതുമകള്‍ തേടി ആവണം. ആരും അറിഞ്ഞിട്ടില്ലാത്ത ലോകത്തേക്ക് യാത്ര ചെയ്യുന്നുവര്, എല്ലാവര്ക്കും പരിചിതമായ ഇടങ്ങളിലേക്ക് മാത്രം കുടുംബമായി ചെന്നെത്തുന്നവര്‍ അങ്ങനെ ഒക്കെ പലതരക്കാരാണ് നാം. എങ്കിലും ചില സ്ഥലങ്ങള്‍ ഏതു തരം യാത്രക്കാരനും ജീവിതത്തില്‍ തീര്‍ച്ചയായും എത്തിച്ചേരേണ്ടതായി ഉള്ളവ ആവും. ഉദാഹരണത്തിന് കാശ്മീരിലെ ഗുല്മാര്ഗ് ഉദ്യാനം, മണാലി നിന്നും ലേയിലെക്ക് ഒരു റോഡ് സഞ്ചാരം, ആഗ്രയിലെ താജ്മഹല്, കല്ക്കത്തയിലെ ഹൗറപാലം, ഗോവന്‍ ബീച്ചുകള്‍, കന്യാകുമാരിയിലെ സൂര്യോദയം, ഥാര്‍ മരുഭൂമിയിലെ അസ്തമയം, റാന്‍ ഓഫ് കച്ചിലെ ഉപ്പുമരുഭൂമി, ലക്ഷദ്വീപിലെ പവിഴപ്പുറ്റുകള്, ആന്ടമാനിലെ ഏകാന്തദ്വീപുകള്..... അങ്ങനെ ആരെയും അദ്ഭുതപ്പെടുത്തുന്ന ഏതെല്ലാം സ്ഥലങ്ങള്‍ നമ്മുടെ ഇന്ത്യയില്‍ ഉണ്ട്... എന്നാല്‍ ഇതൊന്നും അല്ലാതെ അധികം ആരും അറിയപ്പെടാത്ത ചില അദ്ഭുതങ്ങളും ഉണ്ടാവും നമുക്ക് അധികം ദൂരത്തല്ലാതെ. ജീവിതത്തില്‍ തീര്‍ച്ചയായും അനുഭവിച്ചറിയേണ്ട അത്തരം ഒരു യാത്രയാണ് എനിക്കിന്ന് പറയാനുള്ളത്.
മണ്‍സൂണ്‍ തെക്കേഇന്ത്യയ്ക്ക് ഒരനുഗ്രഹവര്‍ഷം ആണ്. പ്രത്യേകിച്ച് പശ്ചിമഘട്ടത്തിന് പടിഞ്ഞാറ് ഉള്ള നമ്മള് മലയാളികള്‍ക്ക്. ആ ഒരൊറ്റ കാരണം കൊണ്ടാവണം കേരളത്തിന് ഇത്ര നല്ല കാലാവസ്ഥയും 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന വിളിപ്പേരും വന്നത്. മണ്‍സൂണ്‍ കാലത്ത് പശ്ചിമഘട്ടത്തില്‍ അനേകം വലിയ വെള്ളച്ചാട്ടങ്ങള്‍ രൂപപ്പെടാറുണ്ട്. എന്നാല്‍ മലയിടുക്കില്‍ നിന്നും ഒരു പുഴ ഒഴുകി വീഴുന്നത് കണ്ടാലോ. അതും ആയിരം അടി ഉയരത്തില്‍ നിന്നും... വിശ്വസിക്കാന്‍ പ്രയാസമാണോ. എന്നാല്‍ അങ്ങനെ ഒന്നുണ്ട്. നമ്മുടെ കേരളത്തില്‍ അല്ല എന്ന് മാത്രം. ഒരല്പം സഞ്ചരിക്കേണ്ടി വരും ഗോവ വരെ. ഇപ്പോള്‍ പലര്‍ക്കും മനസ്സിലായി കാണും ഞാന്‍ ഏതിനെപ്പറ്റിയാണ് പറഞ്ഞു തുടങ്ങിയതെന്ന്. അതെ പാലരുവി എന്ന് വിളിപ്പേരുള്ള ദൂദ്സാഗര് വെള്ളച്ചാട്ടം.
ഇവിടേക്ക് ഒരു മണ്‍സൂണ്‍ ട്രെക്കിംഗ് നടത്തണമെന്ന ആഗ്രഹം വര്‍ഷങ്ങള്‍ മുന്‍പേ മനസ്സില്‍ രൂപപ്പെട്ടതാണ്. എന്നാല്‍ അതങ്ങു വളര്ന്നു പന്തലിച്ചു ശരീരത്തിന് നിര്ദ്ദേശം നല്കിയത് കഴിഞ്ഞ മണ്‍സൂണ്‍ കാലത്ത് മാത്രമാണ്. ഒരു ട്രെക്കിംഗ് ആവുമ്പോള്‍ ഒറ്റയ്ക്ക് പോവുക എന്നത് പ്രായോഗികമല്ല. ആരാവണം കൂടെ എന്നാലോചിച്ചു അധികം വിഷമിക്കേണ്ടി വന്നില്ല. ആദ്യത്തെ ഫോണ്‍വിളിയില്‍ തന്നെ കാര്യം ഒത്തു. വിലമതിക്കാനാവാത്ത ഹൃദയബന്ധം ഉള്ള എന്റെ പ്രിയ ചങ്ങാതി രാഹുല്‍ അക്കോട്ടില്ലം. ആഗസ്റ്റ് മാസത്തെ കാലാവസ്ഥ പ്രവചനം കൂടെ ഇന്റര്‍നെറ്റില്‍ പരിശോധിച്ചു മഴ ഉണ്ടാകും എന്ന് നോക്കി ഒരു തീയ്യതി ഉറപ്പിച്ചു. ഇനി യാത്ര പ്ലാന്‍ ചെയ്യണം. ഞാന്‍ പൂനെ നിന്നും ഗോവ എക്സ്പ്രസ്സില്‍ ഒരു ടിക്കറ്റ് എടുത്തു. പൂനെ നിന്നും ദൂദ്സാഗര് വഴി കടന്നു പോകുന്ന ഒരേഒരു ദിവസട്രെയിന് അത് മാത്രമാണ്. ബെങ്കലുരു നിന്നും വരുന്ന ഒരു ലിങ്ക് എക്സ്പ്രസ്സ് ലോണ്ട ജങ്ക്ഷനില്‍ വച്ച് ഒന്നായി മാറും. അതില്‍ രാഹുലും റിസര്‍വേഷന്‍ തരപ്പെടുത്തി. ഇനി ഞങ്ങളുടെ മുന്നില്‍ രണ്ടു വഴി ഉണ്ട്. ആദ്യം എത്തുന്ന കാസ്റ്റില്‍ റോക്ക് സ്റ്റേഷനില്‍ ഇറങ്ങി പതിമൂന്നു കിലോമീറ്റര്‍ ട്രെക്കിംഗ്, അല്ലെങ്കില് കുലേം ജങ്ഷനില്‍ ഇറങ്ങി ഏകദേശം ഇത്രത്തോളം ദൂരം തന്നെ തിരിച്ചു നടക്കുക. അന്വേഷിച്ചപ്പോള്‍ അറിഞ്ഞു കുലേം ജങ്ക്ഷനില്‍ നിന്നുള്ള യാത്ര മദ്ധ്യേ മാത്രമേ വെള്ളച്ചാട്ടത്തിന്റെ വിദൂര മനോഹര ദൃശ്യം ക്യാമറയില്‍ പകര്‍ത്താന്‍ കഴിയൂ എന്ന്. എന്നാല്‍ കാസ്റ്റില്‍ റോക്കില്‍ നിന്നും പോകുന്ന വഴി കുറെ അധികം നീളത്തില്‍ തുരംഗം ഉണ്ട്. വനഭംഗി ആസ്വദിക്കാനും ഈ വഴിയാണ് ഉത്തമം. എന്തായാലും ഞങ്ങള്‍ ആദ്യവഴി സ്വീകരിക്കാന്‍ തീരുമാനിച്ചു.
ഞങ്ങള്‍ കുലേമില്‍ ഇറങ്ങി. നേരം പുലര്ന്നു വരുന്നതെ ഉള്ളൂ.. തീരെ ഒഴിഞ്ഞ ഒരു റെയില്വേ സ്റ്റേഷന്‍.
മനുഷ്യന്മാരെക്കാള്‍ കൂടുതല്‍ കുരങ്ങന്മാരാണ് പ്ലാറ്റ്ഫോമില്‍ ഇരിക്കുന്നത്. തീര്ത്തും ഒരു വനമേഘല തന്നെ. ഗോവയുടെ ഇത്തരം ഒരു പ്രദേശത്ത് ഞാന്‍ ആദ്യമായിട്ടായിരുന്നു എത്തിച്ചേരുന്നത്. ചെറിയ ചാറ്റല്‍ മഴ ഉണ്ട്.
റെയില്വേസ്റ്റേഷന് പരിസരത്ത് കണ്ട ഒരു ചായക്കടയില്‍ നിന്നും പ്രഭാതഭക്ഷണം കഴിച്ചു, കുറച്ചു പാക്കും ചെയ്തു. അന്വേഷിച്ചപ്പോള്‍ അറിഞ്ഞു എട്ടുമണിക്ക് ഒരു വണ്ടി ദൂദ്സാഗര് വഴി കടന്നു പോകും എന്ന്. എന്നാല്‍ അതില്‍ കയറിപ്പറ്റണോ അതോ നടക്കണോ എന്ന് സംശയിച്ചിരിക്കുമ്പോള്‍ കുറെ പയ്യന്മാര് വട്ടംകൂടി. റെയില്വേ ട്രാക്കിലൂടെ ബൈക്ക് ഓടിച്ചു അവര്‍ നമ്മളെ ദൂദ്സാഗര് വരെ എത്തിക്കും എന്ന്. അതെന്തായാലും വേണ്ടെന്നു തീരുമാനിച്ചു. ഇനി നടക്കാമെന്ന് തീരുമാനിച്ചാല്‍ മൊത്തം മുപ്പതുകിലോമീറ്ററിന് മേലെ ആവും ദൂരം. എനിക്ക് വൈകീട്ട് തിരിച്ചുപോകേണ്ടാതായും ഉണ്ട്. ട്രെയിനില്‍ കയറുക തന്നെ അഭികാമ്യം, തിരിച്ചു നടന്നു സമയമെടുത്ത് വരാമല്ലോ.
ട്രെയിനില്‍ കയറി. ഞങ്ങളെപ്പോലെ കുറെ അധികം പേരുണ്ടായിരുന്നു ദൂദ്സാഗര് വരെ പോകാന്‍. വഴി മനോഹരം തന്നെ. കാനനഭൂവില്‍ ഇടക്ക് ചില തുരങ്കങ്ങള്‍.
വഴിയില്‍ പുഴ കടന്നു പോകുന്നുണ്ടായിരുന്നു. 'ദൂദ്സാഗര്' സ്റ്റേഷനില്‍ ഒരു ട്രെയിനിനും സ്റ്റോപ്പ് ഇല്ല. എന്നാല്‍ കയറ്റം ഇറങ്ങി വരുന്നതിനാല്‍ ഇവിടെ ബ്രേക്ക് ചെക്കിനായി എല്ലാ വണ്ടികളും കുറച്ചു നിമിഷം നിര്ത്തിയിടും. ഒരര്‍ത്ഥത്തില്‍ അത് ദൂദ്സാഗറില്‍ സഞ്ചാരികളെ എത്തിക്കാനുള്ള ലോക്കോപൈലറ്റിന്റെ തന്ത്രം തന്നെ എന്ന് തോന്നും. ഞങ്ങള്‍ സ്റ്റേഷനില്‍ ഇറങ്ങി.
മഴ ചെറുതായി പെയ്യുന്നുണ്ടായിരുന്നു. കുറച്ചുമീറ്റര് നടന്നു വേണം വെള്ളച്ചാട്ടത്തില്‍ എത്താന്‍. പുലര്ച്ചെ ഞങ്ങള്‍ കടന്നു പോയ അതെ റൂട്ട് തന്നെ. ഇരുട്ടില്‍ പതിയിരുന്നു ഇടിമുഴക്കത്തോടെ അഗാതതയിലേക്ക് പതിക്കുന്ന ജലപ്രവാഹത്തിന്റെ അവിസ്മരണീയത ഇതിനു മുന്പും ഞാന്‍ പാതിമയക്കത്തില്‍ കേട്ടറിഞ്ഞിട്ടുണ്ട്. കാണാന്‍ കഴിഞ്ഞില്ലെന്നു മാത്രം. എന്തായാലും സ്വപ്നം സഫലമായിരിക്കുന്നു.. ഇതാ ദൂധസാഗര് എന്റെ മുന്നില്‍..
ട്രെയിന്‍ കടന്നു പോകുന്ന പാലം വെള്ളച്ചാട്ടത്തിന്റെ ഉയരം തട്ടിച്ചു നോക്കിയാല് ഏകദേശം പാതിയിലായി വരും. ജൂണ്‍ മുതല്‍ കുറച്ചു മാസത്തേക്ക് ഇവിടെ നിര്ത്താതെ മഴപെയ്യും. മനസ്സിലായില്ലേ, കൂറ്റന്‍ ജലപ്രവാഹം ഒരു വലിയ പ്രദേശത്ത് മഴ സൃഷ്ടിക്കും എന്ന്. ചെറിയ ഒരു വാച്ച്ടവര്‍ ഒഴികെ ഒന്നും അവിടെ കണ്ടില്ല. കുറച്ചു സമയം ഭീകരമായ ജലപ്രവാഹത്തെ നോക്കിക്കണ്ടു. ജീവിതയാത്രയില്‍ മറ്റെവിടെയും ഒന്നിച്ചനുഭിക്കാന് കഴിയാത്ത വികാരസമ്മേളന സമ്മാനിത നിമിഷം.. ഭീതിയും ആഘോഷവും പ്രകൃതിസ്നേഹവും ഒന്നിച്ചു ചേര്‍ന്നാല്‍ അതും നിര്ത്താതെ പെയ്യുന്ന മഴയില്‍.. വാനരന്മാര് തങ്ങളുടെ അതീനതയില്‍ ഉള്ള സ്ഥലം എന്ന അഹങ്കാരത്തോടെ സ്വച്ഛന്തവിഹാരം നടത്തുന്നു.
ഒരു നിത്യഹരിത വനത്തിന്റെ എല്ലാ മനോഹാരിതയും ആവാഹിച്ച ഭൂമിയെ കീറിമുറിച്ചു ബ്രിട്ടീഷ് നിര്‍മ്മിത റെയില്പ്പാത. ഗോവയെ ബാംഗളൂരും ബോംബയും ആയി ബന്ധിപ്പിക്കാന്‍ നിര്‍മ്മിച്ച ആംഗലേയ എഞ്ചിനീയറിംഗ് വൈഭവം പ്രശംസനീയം തന്നെ. അതങ്ങു നീണ്ടു പോകുന്നു. ഒരു മണിക്കൂറോളം അവിടെ ചിലവഴിച്ചു ഞങ്ങള്‍ കുലേം ജങ്ക്ഷന് ലക്ഷ്യമാക്കി നടന്നു തുടങ്ങി. വെള്ളച്ചാട്ടത്തില്‍ നിന്നും കുറച്ചു മാറി ഒരു ചെറിയ തട്ടുകട. ഒരു ചായ കുടിക്കാന്‍ അവിടെ ഞങ്ങള്‍ കേറി.
ഞങ്ങള്‍ പരസ്പരം സംസാരിക്കുന്നത് കേട്ടിട്ടാവണം 'ഞാന്‍ തൃശൂര്കാരന് ആണെന്ന്' അദ്ദേഹം സ്വയം പരിചയപ്പെടുത്തി. ചന്ദ്രനില്‍ പോയാലും മലയാളി ചായക്കട നടത്തും എന്ന് പറയണത് എത്ര സത്യം. അല്ലെങ്കില് ഈ ഒറ്റപ്പെട്ട വനമേഖലയില്‍ ആരേലും വന്നു കച്ചവടം ചെയ്യുമോ എന്ന് എന്റെ മനസ്സ് സ്വയം പറഞ്ഞു. അദ്ദേഹം ദശകങ്ങളായി അവിടെ അടുത്തു കുടുംബമായി താമസമാണ് പോലും.
ചായ കുടിച്ചു നടത്തം തുടര്ന്നു.
ആദ്യതുരംഗം... വശങ്ങളിലൂടെ പെയ്തിറങ്ങുന്ന മഴ അതിനൊരു അനിര്വചനീയ സൗന്ദര്യം ആവാഹിച്ചു നല്കിയിരിക്കുന്നു. റെയില്പ്പാളം ചേര്ന്നുള്ള നടത്തം ഒരല്പം പ്രയാസമേറിയതാണ്. കരിങ്കല്‍ കൊണ്ടുള്ള പാത അല്ലെ. മാത്രമല്ല ഓരോ നിമിഷവും ശ്രദ്ധിച്ചു വേണം നടക്കാന്‍. അബദ്ധവശാല്‍ വല്ല ട്രെയിനും വന്നാലോ. എന്നാല്‍ യാത്രാവണ്ടികള്‍ ഈ റൂട്ടില്‍ നന്നേ കുറവാണ് പോലും. ഇടക്ക് കുറെ എന്ജിന് മാത്രം കടന്നുപോയി. ദൂധസാഗര് പരിസരത്ത് ഞങ്ങള്‍ കണ്ട സഞ്ചാരികള്‍ ഒക്കെ അതില്‍ പലിടത്തും തൂങ്ങിപ്പിടിച്ചു ഇരിക്കുന്നത് കണ്ടു.
വഴിയില്‍ കുറെ തുരങ്കങ്ങള്‍ ഉണ്ടായിരുന്നു. മാത്രമല്ല കാനനഭംഗി ഏതു ഫോട്ടോഗ്രാഫരെയും അഭിരമിപ്പിക്കാന്‍ പോന്നതായിരുന്നു. അങ്ങ് ദൂരെ ദൂദ്സാഗര് ദൃശ്യമായി തുടങ്ങി. ഞങ്ങള്‍ വളരെ ദൂരം നടന്നു കാണും. ദൂരെ നിന്നും നോക്കിയാല് ഒരു പാല്പ്രവാഹം പോലെ തോന്നും മുന്നൂറുമീറ്റര്‍ ഉയരത്തില്‍ നിന്നുള്ള കൂറ്റന്‍ ജലവര്‍ഷം.
അതാവാം ദൂദ്സാഗര് എന്ന പേര് ലഭിക്കാന്‍ കാരണം. കൂറ്റന്ജലവര്ഷം അന്തരീക്ഷത്തില്‍ നിക്ഷേപിക്കുന്ന ജലകണങ്ങള്‍ ദൂരത്തു നിന്നും നോക്കിയാല് സ്ട്രാട്ടസ്മേഘപാളികള് പോലെ തോന്നും. കുലേം യാത്ര തിരഞ്ഞെടുക്കാന്‍ കാരണം തന്നെ ഈ മനോഹരസൗന്ദര്യം ക്യാമറയില്‍ ആക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു. അതിനു മാറ്റുകൂട്ടാനെന്നവണ്ണം ഒരു ട്രെയിന്‍ വെള്ളച്ചാട്ടത്തെ കീറി കുറിച്ച് കടന്നു വരുന്നു. ലോകത്ത് അധികം ഇടത്തൊന്നും ഉണ്ടാവും എന്ന് തോന്നുന്നില്ല ഇത്തരം മനോഹരദൃശ്യസമ്മിതി.
എന്തായാലും യാത്രയുടെ ഉദ്ദേശം സഫലമായ സംതൃപ്തിയോടെ ഞങ്ങള്‍ നടത്തം തുടര്ന്നു. കേരളത്തിലെ വനമേഖലയോട് സമാനമായ സസ്യലതാതികള്‍. ഉത്തരകേരളത്തിലേതിനും കര്ണ്ണാടകയിലെ പശ്ചിമതീരത്തിനോടും സമാനമായ ഭൂവിന്യാസം. അതെ കൊങ്കണ്‍ തീരത്തെ ഇന്ത്യയിലെ മറ്റു പ്രദേശങ്ങളോട് അകറ്റിനിര്ത്തുന്നത് ഈ മലയിടുക്കുകള്‍ തന്നെ ആണല്ലോ.
മഴക്കാലത്തു ഒഴികെ ദൂദ്സാഗരിലേക്ക് റോഡ് വഴി എത്താം. എന്നാല്‍ ജീപ്പ് പോലുള്ള 4X4 വാഹനങ്ങള്‍ അല്ലെങ്കില് SUVകള് മാത്രമേ ഈ യാത്രക്ക് അഭികാമ്യം ആകൂ. അത്തരം റോഡ് ഇടക്ക് ദൃശ്യമാകുന്നുണ്ടായിരുന്നു. ഒടുവില്‍ നേരം ഇരുട്ടിത്തുടങ്ങിയപ്പോള്‍ ഞങ്ങള്‍ കുലെം സ്റ്റേഷനില്‍ എത്തി. അവിടെ നിന്നും ഗോവയ്ക്കും പിന്നെ നാട്ടിലേക്കും.
മുംബൈ, പൂനെ ഭാഗത്ത് നിന്നും നാട്ടിലേക്ക് ഓണം ആഘോഷിക്കാന്‍ വരുന്നവര്ക്കും ഗോവ കാണാന്‍ ഓണം അവധിക്കു നാട്ടില്‍ നിന്നും വരുന്നവര്ക്കും അധികം മെനക്കേട് ഇല്ലാതെ നടത്താവുന്ന ഒരു ചെറിയ മണ്‍സൂണ്‍ ട്രെക്കിംഗ് ആയി ദൂദ്സാഗറിനെ കാണാം. വെറും ട്രെക്കിംഗ് അല്ല, ഇന്ത്യയിലെ ഉയരം കൂടിയ വെള്ളച്ചാട്ടങ്ങളില്‍ ഒന്നിനെ അതിന്റെ എല്ലാ ഭംഗിയോടെയും അടുത്താസ്വദിക്കാന് ലഭിക്കുന്ന സുവര്ണ്ണ അവസരം.
യാത്രയെ പറ്റി കൂടുതല്‍ അറിയാന്‍ എന്നെ ബന്ധപ്പെടാം.
FACEBOOK : ajeshkottur
വളരെ മനോഹരമായ വരികൾ നന്നായി എഴുതി ബ്രദർ ..കേൾക്കുമ്പോൾ തന്നെ കാണാൻ കൊതിയാവുന്നു പോണം ഒരുനാൾ അത് മഴക്കാലത്ത് അത് നിറവേറ്റും എന്ന പ്രതീക്ഷയോടെ
ReplyDeleteനന്ദി. തീർച്ചയായും പോവുക...
Delete