വേഷത്തിലും ഭാഷയിലും രൂപത്തിലും സംസ്ക്കാരത്തിലും വളരെ വ്യത്യസ്തതകള്‍ വച്ച് പുലര്‍ത്തുന്ന ഒരുപാട് പ്രദേശങ്ങളുടെ കൂടിച്ചേരലുകള്‍ ആണല്ലോ നമ്മുടെ മഹാരാജ്യം. എന്നാല്‍ ഇതിലൊക്കെ അധീതമായി ഭൂപ്രകൃതിയിലെ വൈവിധ്യം ആണ് ഒരു സഞ്ചാരി എന്ന രീതിയില്‍ എന്നെ എപ്പോഴും അദ്ഭുതപ്പെടുത്താറ്. ഹിമാലയത്തിലെ മഞ്ഞുമൂടിയ കൂറ്റന്‍മലനിരകളും പൈന്‍ മരക്കാടുകളും, ഉത്തരമധ്യേന്ത്യയിലെ നോക്കെത്താദൂരത്തു പരന്നുകിടക്കുന്ന കൃഷിയിടങ്ങളും, രാജസ്ഥാന്‍ മരുഭൂമിയും, പച്ചപുതച്ചു നില്‍ക്കുന്ന തെക്കേപടിഞ്ഞാറന്‍ സഹ്യാദ്രി മലനിരകളും, ആയിരക്കണക്കിനു കിലോമീറ്റര്‍ സമുദ്രതീരവും, പവിഴപ്പുറ്റുകള്‍ നിറഞ്ഞ ലക്ഷദ്വീപ് സമൂഹവും, നീലക്കടലില്‍ വിസ്മയം തീര്‍ക്കുന്ന ആന്ടമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹങ്ങളും അങ്ങനെ വാക്കുകള്‍ക്കതീതമായ എന്തെല്ലാം വ്യത്യസ്തതകള്‍ ആണ് നമ്മുടെ രാജ്യത്തെ ലോകസഞ്ചാരികള്‍ക്ക് മുന്നില്‍ ഏറ്റവും മനോഹരമായ വിനോദോദ്ധിഷ്‌ടസ്ഥാനം ആക്കി മാറ്റുന്നത്. എന്നാല്‍ നമ്മുടെ രാജ്യത്തിന്‍റെ സൗന്ദര്യം ആവോളം നുകരുന്നതില്‍ നാം പലപ്പോഴും വിദേശികള്‍ക്ക് മുന്നില്‍ പരാജിതരാകാറുണ്ട്..... വ്യത്യസ്തതകള്‍ തേടിയുള്ള യാത്രകള്‍ ആവണം അവരെ നൂറ്റാണ്ടുകള്‍ മുന്പ് തന്നെ പല മലമുകളിലും എത്തിച്ചിരിക്കുക.
പശ്ചിമഘട്ടത്തിലെയും ഹിമാലയന്‍മലനിരകളിലെയും ആരും എത്തിപ്പെടാതിരുന്ന മിക്ക പ്രദേശങ്ങളും ലോകത്തിനു പരിചയപ്പെടുത്തിയത് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഇന്ത്യയിലേക്കുള്ള വരവിനു ശേഷം മാത്രമാണ്. അത്തരത്തില്‍ 1850ല്‍ അന്നത്തെ താനെ കളക്ടര്‍ ആയിരുന്ന ഹുഗ് പോളിന്‍സ് മാല്ലെറ്റ് ലോകത്തിനു പരിചയപ്പെടുത്തിയ ഒരു വനമേഖല ആണ് മാഥേരാന്‍. അന്നത്തെ ബോംബെ ഗവര്‍ണര്‍ ആയിരുന്ന ലോര്‍ഡ് എല്ഫിന്‍സ്ടോന്‍ മാഥേരാനെ ഒരു വേനല്‍ക്കാലവിനോദകേന്ദ്രമാക്കി മാറ്റാന്‍ പദ്ധതി തയ്യാറാക്കുകയും ചെയ്തു. 1907 ആയപ്പോഴേക്കും നീരാവി എഞ്ചിനില്‍ പ്രവര്‍ത്തിക്കുന്ന തീവണ്ടിസര്‍വീസ് കൂടി ആരംഭിച്ചു അങ്ങോട്ടേക്ക്. അതോടെ മാഥേരാന്‍ കൂടുതല്‍ പ്രശസ്തി ആര്‍ജ്ജിച്ചു. 2016 വരെ ആ തീവണ്ടി സര്‍വ്വീസ് പ്രവര്‍ത്തിക്കുകയുണ്ടായി.
സഹ്യാദ്രി മലനിരകളില്‍ സമുദ്രനിരപ്പില്‍ നിന്നും 2630 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മാഥേരാന്‍ കാലികപ്രസക്തി ആര്‍ജ്ജിക്കുന്നത് വേറൊരു പ്രത്യേകത കൊണ്ടാണ്. മോട്ടോര്‍ വാഹനങ്ങള്‍ അനുവദനീയം അല്ലാത്ത ഏഷ്യയിലെ തന്നെ ഒരേയൊരു ടൂറിസ്റ്റ് കേന്ദ്രമാണ് ഇന്നീ പ്രദേശം.

മാഥേരാന്‍ യാത്ര മനസ്സില്‍ കാണാന്‍ തുടങ്ങിയിട്ട് കുറെ നാളായി. എന്നാല്‍ സഹ്യാദ്രി മലമുകളില്‍ മഴ ആസ്വദിച്ചൊരു ട്രെക്കിംഗ് അതായിരുന്നു മനസ്സില്‍. അതിനു മണ്‍സൂണ്‍ മഴയുടെ വരവിനായി കാത്തിരിക്കേണ്ടി വന്നു. ഇക്കഴിഞ്ഞ ജൂലായ് അവസാനവാരം ഒരു ശനിയാഴ്ച പുലര്‍ച്ചെ തന്നെ ഞാനും ഭാര്യയും യാത്ര തിരിച്ചു. പൂനെ നിന്നും നേരല്‍ വരെ ട്രെയിനില്‍.. ഏകദേശം മൂന്നുമണിക്കൂര്‍ എടുത്തുകാണും. (പൂനെ-കല്യാണ്‍ പാതയിലെ ഒരു ചെറിയ സ്റ്റേഷന്‍ ആണ് നേരല്‍. നാട്ടില്‍ നിന്നും വരുന്നവര്‍ക്ക് കല്യാണ്‍ വന്നിട്ട് കര്‍ജട്ട് റൂട്ടില്‍ ഉള്ള മുംബൈ ലോക്കല്‍ട്രെയിനില്‍ എളുപ്പം നേരല്‍ എത്തിച്ചേരാം.)
 |
നേരല്‍ റെയില്‍വേ സ്റ്റേഷന്‍റെ പരിസരം |
പത്തുമണി ആയപ്പോള്‍ ഞങ്ങള്‍ നേരല്‍ എത്തി. മാഥേരാന്‍ ഹില്‍ റെയില്‍വേയിലേക്ക് സ്വാഗതം ആശംസിക്കുന്ന ബോര്‍ഡും 2016 വരെ സര്‍വീസ് നടത്തിയ ഒരു ട്രെയിനും ആണ് അവിടെ ഞങ്ങളെ വരവേറ്റത്. സ്റ്റേഷനില്‍ നിന്നും പുറത്തിറങ്ങി. ടാക്സിക്കാരുടെ ബഹളം. അവിടെ എത്തിച്ചേരുന്ന യാത്രികരില്‍ തൊണ്ണൂറുശതമാനം പേരും മാഥേരാന്‍ കാണാന്‍ വരുന്നവര്‍ തന്നെ. അടുത്തുള്ള ഒരു കടയില്‍ ചെന്ന് ബസ് സമയം ചോദിച്ചു. രണ്ടു മണിക്കൂര്‍ ഇടവേളയില്‍ മാത്രമേ മാഥേരാന്‍ ബസ് കിട്ടുകയുള്ളൂ. ഷെയര്‍ ടാക്സി തന്നെ രക്ഷ. ഒരാള്‍ക്ക് 80 രൂപ നിരക്കില്‍ അര മണിക്കൂര്‍ യാത്ര. വഴിയില്‍ കുറെ അധികം വെള്ളച്ചാട്ടങ്ങള്‍... നാരോഗേജു ട്രെയിന്‍ പാത രണ്ടു മൂന്നു തവണ റോഡിനെ മുറിച്ചു കടന്നു പോകുന്നുണ്ടായിരുന്നു. ദസ്തുരി പാര്‍ക്കിംഗ് ആണ് വാഹനങ്ങള്‍ അനുവദനീയം ആയ അവസാന സ്ഥലം. അവിടെ നിന്നും മാഥേരാന്‍ വരെ നടന്നോ കുതിരപ്പുറത്തോ കാലാള്‍റിക്ഷയിലോ പോകാം. 50രൂപ കൊടുത്തു ടിക്കറ്റ് എടുത്ത് കളിമണ്‍പാതയിലേക്ക് പ്രവേശിച്ചു. കുതിരകളുമായി ഒരുപാട് പേര്‍ ചുറ്റുംകൂടി. എന്നാല്‍ അവരെ ഒന്നും വകവെയ്ക്കാതെ മുന്നോട്ട് നടന്നു. വായിച്ചും കേട്ടും മാത്രം പരിചയമുള്ള ഒരു ലോകത്ത് എത്തിയ പോലെ.. വാഹനങ്ങള്‍ ഒരിക്കലും എത്തപ്പെടാത്ത ചെങ്കല്‍പ്പാതകള്‍ ! പത്തൊമ്പതാം നൂറ്റാണ്ടിലോ മറ്റോ എത്തപ്പെട്ട പ്രതീതി സൃഷ്ടിക്കുന്ന ഭൂപ്രകൃതി.
കുറച്ചു ദൂരം നടന്നപ്പോള്‍ മാഥേരാനിലേക്ക് സ്വാഗതം ആശംസിക്കുന്ന കമാനകവാടം. അടുത്ത് തന്നെ മോടിയേറിയ ഒരു റെയില്‍വേ സ്റ്റേഷന്‍. പേര് അമന്‍ ലോഡ്ജ്. അടുത്ത കാലത്ത് എപ്പോഴോ പുതുക്കിപ്പണിതതാണ്.
 |
മാഥേരാനിലേക്ക് സ്വാഗതം... പുറകില്‍ അമന്‍ ലോഡ്ജ് റെയില്‍വേ സ്റ്റേഷന്‍ |
ഇവിടെ വച്ച് രണ്ടു വഴി തിരഞ്ഞെടുക്കാം തുടര്‍ന്നുള്ള യാത്രക്ക്. ട്രെയിന്‍ പാത വഴിയും കുതിരകള്‍ സഞ്ചരിക്കുന്ന കളിമണ്‍പാത വഴിയും പ്രധാന മാര്‍ക്കെറ്റില്‍ എത്തിച്ചേരാം. ഞങ്ങള്‍ റെയില്‍പ്പാത വഴി പോകാന്‍ തീരുമാനിച്ചു. വീക്ക്‌ഏന്‍ഡ് ആയിരുന്നതിനാല്‍ മുംബൈ, പൂനെ നഗരങ്ങളില്‍ നിന്നുള്ള ഒട്ടനേകം യാത്രക്കാര്‍ കൂടെയുണ്ട്. നിര്‍ത്താതെ പെയ്ത മഴ തുടക്കം തന്നെ മനോഹരമാക്കി. നാല്‍പ്പതുമിനുട്ടോളം നടന്നു പ്രധാന മാര്‍ക്കെറ്റില്‍ എത്തിച്ചേരാന്‍. ഒട്ടനേകം ഹോട്ടലുകളും കച്ചവടസ്ഥാപനങ്ങളും... ഒരു ചായ ഒക്കെ കുടിച്ചു അടുത്ത് കണ്ട ഒരു ഹോട്ടലില്‍ റൂം തരപ്പെടുത്തി. സാധനങ്ങള്‍ തലച്ചുമടായും കുതിരപ്പുറത്തായും കൊണ്ടുവരേണ്ടത് കൊണ്ടാവാം എല്ലാറ്റിനും വലിയ വിലയാണിവിടെ. റെയിന്‍കോട്ടും ക്യാമറയും അത്യാവശ്യസാധനങ്ങളും മാത്രം കയ്യില്‍ കരുതി. വലിയ ബോര്‍ഡുകളില്‍ മാഥേരാന്‍ മാപ്പ് പലിടത്തും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. അതിന്റെ ഫോട്ടോ ആദ്യം ക്യാമറയില്‍ ആക്കി. ഹോട്ടല്‍ റൂമില്‍ വച്ച് തന്നെ ഓഫ്‌ലൈന്‍ മാപ്പ് ഗൂഗിളില്‍ ഡൌണ്‍ലോഡ് ചെയ്തു വച്ചിരുന്നു.
 |
മാഥേരാന്‍ ഹില്‍ റെയില്‍ - ഒരു ഫയല്‍ ചിത്രം (കടപ്പാട് : ഗൂഗിള്‍) |
 |
മാഥേരാന്‍ സ്റ്റേഷനില്‍ കണ്ട ഒരു നീരാവി എഞ്ചിന്‍- 1912 മുതല്‍ 77 വര്ഷം ഉപയോഗിച്ചത് |
 |
ഞങ്ങള്‍ മാഥേരാന്‍ സ്റ്റേഷനില്‍ |
 |
മാഥേരാന്‍ മാര്‍ക്കെട്ടിനു 1919 ല്‍ തീര്‍ത്ത കവാടം |
മാര്‍ക്കെറ്റ് വഴി യാത്ര തുടങ്ങി. ആദ്യം സ്വാഗതമേകിയത് മാധവ്ജി പോയിന്റ്. അടുത്ത് തന്നെ ഒരു പാര്‍ക്കും. വിദൂരദൃശ്യങ്ങള്‍ കോടമഞ്ഞില്‍ മൂടപ്പെട്ടിരിക്കുന്നു. കുറച്ചു സമയം അവിടെ ചിലവഴിച്ചു യാത്ര തുടര്‍ന്നു. ചെങ്കല്‍പ്പാതകള്‍ പലിടത്തും വേര്‍പിരിയുന്നു. ഡൌണ്‍ലോഡ് ചെയ്തു വച്ച മാപ്പ് തന്നെ ആശ്രയം. അടുത്ത ലക്‌ഷ്യം അലക്സാണ്ടര്‍ പോയിന്റ്. ഇവിടുത്തെ മിക്ക പ്രധാന വ്യൂപോയിന്‍ടുകളും തമ്മില്‍ രണ്ടും മൂന്നും കിലോമീറ്റര്‍ ദൂരം ഉണ്ട്. നല്ല മഴ ഉണ്ടായിരുന്നത് കൊണ്ട് തന്നെ ക്ഷീണം ഒട്ടും അനുഭവപ്പെട്ടില്ല. നിമിഷനേരം കൊണ്ട് മാറിവരുന്ന കോടയും വെയിലും മഴയും അവിസ്മരണീയമായ യാത്രാനുഭൂതി സമ്മാനിക്കുന്നത് ആയിരുന്നു. വഴിയില്‍ പ്രൌഢഗംഭീരമായ ഒട്ടനേകം കെട്ടിടങ്ങള്‍ കണ്ടു. മിക്കവയും പൂട്ടിക്കിടക്കുന്നു. ആങ്ങ്ളോഇന്ത്യന്‍ വംശീയരുടെയും പാര്സികളുടെയും ഉടമസ്ഥതയില്‍ ഉള്ളവയാണ് മിക്ക കെട്ടിടങ്ങളും. അലക്സാണ്ടര്‍ പോയിന്ടില്‍ എത്തി. മനോഹരമായ താഴ്വാരം ദൃശ്യമാകുന്നു. നല്ല കാറ്റും ഇടക്ക് പെയ്യുന്ന ചാറ്റല്‍ മഴയും. മേഘങ്ങള്‍ പലപ്പോഴും ഞങ്ങള്‍ നില്‍ക്കുന്നതിനു താഴെ കൂടി ആയിരുന്നു സഞ്ചരിക്കുന്നത്. മലെഞ്ചെരിവുകള്‍ക്ക് മനോഹാരിത ഏകുന്ന ഒട്ടനേകം കൊച്ചുജലധാരകള്‍.
 |
കോടമഞ്ഞിന്‍ പുതപ്പിട്ട വനഭൂമി |
യാത്ര തുടര്‍ന്നു. വഴിയില്‍ പാര്സികളുടെയും ഹിന്ദുക്കളുടെയും ശ്മശാനഭൂമി കൂടി കണ്ടു. ഇനി ചൌക്ക് പൊയന്റിലേക്ക്. നയനമനോഹരമായ താഴ്വാരഭൂമിയുടെ കണ്ടാലും കണ്ടാലും മതിവരാത്ത മനോഹരദൃശ്യം.
 |
ചൌക്ക് പോയന്റില്‍ നിന്നുള്ള ദൃശ്യം |
എല്ലാ വ്യൂപോയന്റുകളിലും ചെറിയകടകള്‍ കാണാം. ചായയും കാപ്പിയും മറാട്ടിവിഭവങ്ങളും ലഭ്യം.
 |
മണ്‍സൂണ്‍ മഴയില്‍ വിരുന്നെത്തുന്നവര്‍ |
അടുത്ത ലക്‌ഷ്യസ്ഥാനം വണ്‍ട്രീ ഹില്‍. രണ്ടു കിലോമീറ്റര്‍ നടന്നു കാണും. പച്ചപ്പുല്‍നിറഞ്ഞ ഒരു കൊച്ചുമല. മുകളില്‍ സ്ഥലത്തിന്റെ പേര് സൂചിപ്പിക്കും പോലെ ഒരു കൊച്ചുമരം മാത്രം!
 |
വണ്‍ ട്രീ ഹില്‍ |
ദൂരത്തു മോര്‍ബെ ഡാമും ഇര്‍ഷാല്‍ഘട് മലയും മനോഹരമായ പാശ്ചാത്തലഭംഗി സമ്മാനിക്കുന്നു. യാത്ര അക്ഷീണം തുടരുന്നു. ഇനി ലക്‌ഷ്യം ലോര്‍ഡ് പോയിന്റ്. വഴിയില്‍ വലതു വശത്തേക്ക് ഒരു ബോര്‍ഡ് കണ്ടു. ഒളിമ്പിയ ഗ്രൌണ്ട്. മാഥേരാനിലെ പ്രധാന കളിസ്ഥലം. അത്യാവശ്യത്തിനു ഹെലികോപ്റ്റര്‍ ഇറക്കാനുള്ള ഇടം കൂടിയാണിത്. എന്തായാലും സമയം ഇല്ലാത്തതിനാല്‍ ഞങ്ങള്‍ അവിടേക്ക് പോയില്ല.
 |
വഴിയിലെ ഒരു ചായക്കടയില്‍ |
കുറച്ചു കൂടി നടന്നു. വഴിയില്‍ ഒരു വെള്ളച്ചാട്ടം താഴേക്കു കുതിക്കുന്നു. അതിനോട് ചേര്‍ന്നാണ് ഹൈക്കിങ്ങും റോക്ക്ക്ലൈമ്പിങ്ങും നടത്തുന്നവര്‍ക്ക് പ്രിയപ്പെട്ട ശിവാജിസ് ലാഡര്‍. മഴക്കാലത്ത് അതുവഴി സഞ്ചാരം സാധ്യമല്ല. പെട്ടെന്ന് തന്നെ ഞങ്ങള്‍ ലോര്‍ഡ് പൊയന്റില്‍ എത്തി. കുറച്ചു മാറി ഒരു വലിയ വെള്ളച്ചാട്ടം ദൃശ്യമാകുന്നു. അടുത്ത് തന്നെ മാഥേരാനിലെ പ്രധാന ജലസംഭരണി ഷാര്‍ലോട്ട് തടാകവും ഡാമും.
 |
ഷാര്‍ലോട്ട് തടാകം |
 |
ഷാര്‍ലോട്ട് തടാകത്തില്‍ ഉള്ള കൊച്ചുഡാം |
ഡാം മുറിച്ചു കടന്നു. മറുഭാഗത്ത് കുറേപേര്‍ കുതിരയുമായി കാത്തുനില്‍ക്കുന്നു. സമയം വൈകുന്നു.. ഞങ്ങള്‍ ആദ്യ ദിവസത്തെ സഞ്ചാരം അവസാനിപ്പിച്ചു മാര്‍ക്കറ്റ് ലക്ഷ്യമാക്കി നടത്തം തുടര്‍ന്നു...
 |
മഴക്കാടുകള്‍ |
 |
മഴയില്‍ കുതിര്‍ന്നു... |
അടുത്ത ദിവസം ഒരു ഒന്‍പതു മണിക്ക് യാത്ര തുടങ്ങി. രാവിലെ വളരെ വൈകി മാത്രമേ കടകള്‍ തുറക്കുന്നുള്ളൂ.. മാര്‍ക്കെറ്റില്‍ നിന്ന് തന്നെ മറാട്ടി രുചിയുള്ള പ്രഭാതഭക്ഷണം കഴിച്ചു. ആദ്യലക്‌ഷ്യം ഇക്കോ പോയിന്റ്. നല്ല ജനത്തിരക്ക്. മുന്നില്‍ പ്രകൃതിദത്ത പുല്‍ത്തകിടിയാല്‍ അലംകൃതമായ ലൂയിസ പോയിന്റ്. ഇടതു വശത്ത് അങ്ങുദൂരെ ഷാര്‍ലോട്ട് തടാകത്തില്‍ നിന്നും ഒഴുകി വരുന്ന കൂറ്റന്‍ വെള്ളച്ചാട്ടം. തലേദിവസം ലോര്‍ഡ് പൊയന്റില്‍ നിന്നും ദൃശ്യമായാത് ഇതേ ജലപ്രവാഹം തന്നെ ആയിരുന്നു. അടുത്ത് തന്നെ എട്വാര്‍ഡ് പോയന്റും കിംഗ് ജോര്‍ജ്ജ് പോയന്റും. രണ്ടും ഇക്കോ പൊയന്റിനേക്കാള്‍ മികച്ച കാഴ്ച്ചഭംഗി സമ്മാനിക്കുന്നതു ആയിരുന്നു എന്ന് വേണം പറയാന്‍.
 |
എട്വാര്‍ഡ് പോയിന്റ് |
 |
കിംഗ് ജോര്‍ജ്ജ് പോയിന്റില്‍ നിന്നുള്ള ദൃശ്യം |
അടുത്ത് തന്നെ ആയി ലാന്‍ഡ്‌സ്കേപ്പ് പോയന്റും ഹണിമൂണ്‍ പോയന്റും. പറയത്തക്ക പ്രത്യേകതകള്‍ ഒന്നും ഇല്ല. നടത്തം തുടര്‍ന്നു. ഇനി ലക്‌ഷ്യം ലൂയിസ പോയിന്റ് തന്നെ.
 |
ലാന്‍ഡ്‌സ്കേപ്പ് പോയിന്റ് |
കുറച്ചധികം ദൂരം നടക്കേണ്ടി വന്നു. ഇടയില്‍ ദൂരം ദൂരമായി പൂട്ടിക്കിടക്കുന്ന പഴഞ്ചന്‍ കെട്ടിടങ്ങള്‍.
 |
വഴിയില്‍ കണ്ട പഴഞ്ചന്‍ ബംഗ്ലാവുകള്‍ |
അവ ഒഴിച്ച് നിര്‍ത്തിയാല്‍ മനുഷ്യസ്പര്‍ശം ഏല്‍ക്കാത്ത ഭൂമി ആണെന്ന് തോന്നി പോകും. ഒടുവില്‍ ലൂയിസ പോയിന്റ് എത്തി. അതിമനോഹരമായ പ്രദേശം. നല്ലൊരു മഴയും ആസ്വദിച്ചു കുറച്ചു നേരം അവിടെ വിശ്രമിച്ചു. അങ്ങു ദൂരെ പ്രഭല്‍ഘട് കോട്ടയുടെ മനോഹരദൃശ്യവിസ്മയം. ഷാര്‍ലോട്ട് തടാകത്തില്‍ നിന്നും താഴേക്കു കുതിക്കുന്ന വെള്ളച്ചാട്ടം കാറ്റിന്‍റെ ശക്തിയില്‍ തിരിച്ചു ആകാശത്തേക്ക് ഒരു മഴയായി മാറുന്ന അപൂര്‍വ ദൃശ്യവും അവിടെ നിന്നും കാണാന്‍ കഴിഞ്ഞു. ആദ്യമായിട്ടായിരുന്നു ഞാന്‍ അത്തരത്തിലൊരു പ്രകൃതിപ്രതിഭാസം നേരിട്ട് കണ്ടത്.
 |
ലൂയിസ പോയന്റില്‍.. |
 |
Freezed on air |
 |
വെള്ളച്ചാട്ടം കാറ്റില്‍ തിരിച്ചു ആകാശത്തേക്ക്... |
 |
ലൂയിസ പോയിന്റില്‍ വച്ചെടുത്ത ടൈമര്‍ ഫോട്ടോ |
അടുത്ത ലക്ഷ്യം മലങ്ങ് പോയിന്റ്. കോടമഞ്ഞില്‍ മൂടിയ മനോഹരദൃശ്യാനുഭൂതി ആയിരുന്നു അവിടെ ഞങ്ങളെ വരവേറ്റത്.
 |
മലങ്ങ പോയിന്റ് |
അധികം ദൂരത്ത് അല്ലാതെ കൊറോനേഷന്‍ പോയിന്റ്, റുസ്ടോംജെ പോയിന്റ്, ഷേണായ് പോയിന്റ്. വിദൂര ദൃശ്യാനുഭൂതി അല്ലാതെ വേറെ വലിയ വിശേഷണങ്ങള്‍ ഒന്നും അവകാശപ്പെടാന്‍ ഇല്ലാത്ത സ്ഥലങ്ങള്‍. ഇനി ലക്‌ഷ്യം സണ്സെറ്റ് പോയിന്റ്.
 |
പ്രകൃതിയുടെ വികൃതികള്‍ |
മഴക്കാലത്ത് ഒഴികെ മനോഹരമായ സൂര്യാസ്തമയം ദൃശ്യമാകും ഇവിടുന്നു. എന്തായാലും കനത്ത കോടമഞ്ഞില്‍ ഞങ്ങള്‍ക്ക് ആ കാഴ്ച കാണാന്‍ കഴിഞ്ഞില്ല.
 |
സണ്‍സെറ്റ് പോയിന്റ് |
സമയം ഉച്ച കഴിഞ്ഞിരിക്കുന്നു. മത്തുങ്ക പോയിന്റ്, മങ്കി പോയിന്റ് ഹാര്‍ട്ട് പോയിന്റ്, മേരി പോയിന്റ്, പനോരമ പോയിന്റ് എന്നിവ കൂടി സന്ദര്‍ശിക്കാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും സമയപരിമിധി മൂലം ആ ശ്രമം ഉപേക്ഷിക്കേണ്ടി വന്നു, ഇതില്‍ പനോരമ പോയിന്റ് അതിമനോഹരം ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. പെബ് ട്രെക്കിംഗ് വഴി ഇവിടേക്കാണ് വന്നു ചേരുന്നത്.
മൂന്ന് മണി ആയപ്പോള്‍ തിരിച്ചു മാര്‍ക്കെറ്റില്‍ എത്തി. ഭക്ഷണം കഴിച്ചു ഹോട്ടല്‍ ചെക്കൌട്ട് ചെയ്തു തിരിച്ചു നടന്നു. നാലേകാലിന് നേരല്‍ എത്തി.
രണ്ടു ദിവസത്തെ മാഥേരാന്‍ യാത്രയില്‍ നടന്നുതീര്‍ത്തത് ഏകദേശം നാല്‍പ്പതു കിലോമീറ്റര്‍.
 |
റെയില്‍പ്പാത |
വാഹനങ്ങള്‍ കടന്നു ചെല്ലാത്ത ലോകത്തേക്കുള്ള യാത്ര ഒരു വ്യത്യസ്തമായ അനുഭവം ആയിരുന്നു. അതും മുംബൈ മഹാനഗരത്തില്‍ നിന്നും വെറും തൊണ്ണൂറുകിലോമീറ്റര്‍ മാത്രം അകലെ.... കേരളത്തിലേതിനു സമാനമായ ഭൂപ്രകൃതി, മണ്‍സൂണ്‍ മഴയുടെയും കോടമഞ്ഞിന്റെയും സുഖം അനുഭവിച്ച രണ്ടു ദിനങ്ങള്‍... മാഥേരാന്‍ മലമുകളിലെ മഴഭംഗി ആസ്വദിക്കേണ്ടത് തന്നെ....!!!
No comments:
Post a Comment