യാത്ര ഒരു അനുഭൂതി ആണ്.. പ്രത്യേകിച്ച് അത് ബൈക്കില്‍ ഒരു രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്ക് ഒരു വീക്ക് എന്‍ഡ് ട്രിപ്പ് ആയാല്‍ !!!
പിലിബിത്ത് - ഉത്തര്‍ പ്രദേശ് |
എന്റെ മറ്റു മിക്ക ഉത്തരേന്ത്യന്‍ യാത്രക്കും ഇടത്താവളമായ ബറേലി തന്നെയാണ് ഈ യാത്രയുടെയും തുടക്കവേദി. നാല് പേര്‍.. രണ്ടു ബൈക്കില്‍... ഡിസംബര്‍ മാസത്തിലെ ഒരു കുളിരണിഞ്ഞ പ്രഭാതം. പ്രതീക്ഷിച്ചത്ര മൂടല്‍മഞ്ഞ് ഇല്ലാഞ്ഞത് കൊണ്ട് തന്നെ തുടക്കം പതിന്മടങ്ങ് രസകരമായി. ബറേലി നിന്നും പിലിബിത്ത് വരെ 48 കിലോമീറ്റര്‍ ദൂരം എന്‍ എച്ച് 74. ഒരു മണിക്കൂര്‍ കൊണ്ട് തന്നെ ആ ദൂരം പിന്നിട്ട് പ്രഭാതഭക്ഷണം കഴിക്കാന്‍ ഒരു ഹോട്ടലിലേക്ക് കയറി. എല്ലാ വിശ്രമകേന്ദ്രങ്ങളും എന്നെ സംബന്ധിച്ച് തുടര്‍യാത്രയുടെ അന്വേഷണകേന്ദ്രങ്ങളാവുകയാണ് പതിവ്. ആശ്രയം ഗൂഗിള്‍ മാപ്പ് തന്നെ. വഴി മനസ്സില്‍ പറഞ്ഞുറപ്പിച്ചു. ഖത്തിമ - ബനവാസ - ടണക്ക്പുര്‍ - മഹേന്ദ്രനഗര്‍ മാര്‍ക്കെറ്റ്. ഇതാണ് പ്ലാന്‍. യാത്ര തുടര്‍ന്നു. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ആയി പരന്നു കിടക്കുന്ന പിലിബിത്ത് കടുവാസംരക്ഷണ കേന്ദ്രം റോഡിന്‍റെ വലതു വശം ചേര്‍ന്ന് കാണാമായിരുന്നു.
പിലിബിത്ത് കടുവാസംരക്ഷണ കേന്ദ്രത്തിന്‍റെ അരികത്തു കൂടെ |
ബനവാസ നിന്നും വലത്തേക്ക് തിരിഞ്ഞു. ശാരദ നദിക്കു കുറുകെ ഉള്ള അണക്കെട്ടില്‍ നിന്നും കൃഷി ആവശ്യത്തിന് വെള്ളം ഇന്ത്യയിലേക്ക് എത്തിക്കുന്ന വലിയ കനാല്‍ കാണാം മുന്നില്‍ . ഇന്ത്യയുടെ ഇമിഗ്രേഷന്‍ ഓഫീസും ബിഎസ്എഫിന്‍റെ ചെക്കുപോസ്റ്റും കാണാം ദൂരത്ത്.
ഇന്ത്യ - നേപ്പാള്‍ അതിര്‍ത്തി |
ഞങ്ങള്‍ വണ്ടി നിര്‍ത്തി. നദീതീരത്ത് അല്‍പ്പം വിശ്രമം.. സൈക്കിള്‍റിക്ഷയിലും കാളവണ്ടിയിലും ചരക്കുമായി വരുന്ന സാധാരണക്കാരായ ജനങ്ങളുടെ ഒരു പ്രവാഹം തന്നെ ആയിരുന്നു അതുവഴി. കനാല്‍ വെള്ളത്തില്‍ ഇറങ്ങി മുഖം കഴുകി. ഹിമാലയസാനുക്കളുടെ ഔഷുദ ഗുണം അപ്പാടെ ആവാഹിച്ചിരുന്നു ആ തണുത്ത ശുദ്ധജലം എന്ന് തോന്നുന്നു. മനസ്സിന് അനിര്‍വചനീയമായ ഒരു സുഖം.
കനാലിന്‍റെ ഓരത്ത് കൂടെ ഇന്ത്യ ഇമിഗ്രേഷന്‍ ഓഫീസിന്‍റെ അടുത്തെത്തി. എന്നെ വളരെ അധികം നിരാശപ്പെടുത്തിയ ഒരു ഇന്‍ഫോര്‍മേഷന്‍ ബോര്‍ഡ് ആണ് വരവേറ്റത്. 'അതിര്‍ത്തിയില്‍ ഫോട്ടോഗ്രാഫി കര്‍ശനമായി നിരോധിച്ചിരിക്കുന്നു'. അനുസരിക്കുക തന്നെ. ഡാമിന് മുകളിലൂടെ അപ്പുറത്ത് എത്തി. നേപ്പാള്‍ പട്ടാളത്തിന്‍റെ ചെക്കുപോസ്റ്റ്. റോഡ് അടച്ചിട്ടിരിക്കുന്നു. അടുത്തുള്ള ഊടുവഴിയിലൂടെ കുറെപേര്‍ ബൈക്കും ആയി പോകുന്നുണ്ട്. ഞങ്ങളും അത് വഴി തിരിച്ചു. റോഡ് ഒന്നും ഇല്ല. കല്ല് പതിച്ച ഒരു ഇടുങ്ങിയ പാത. ഒന്ന് രണ്ടു കിലോമീറ്റര്‍ കഴിഞ്ഞു കാണും. നേപ്പാള്‍ ഇമിഗ്രേഷന്‍ ഓഫീസ്. ബൈക്കിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കൊടുത്ത് അവിടുത്തെ റോഡില്‍ പ്രവേശിക്കാനുള്ള കരം കെട്ടണം. ഒരു പകല്‍ മാത്രമേ തങ്ങാന്‍ ആകൂ.. അതും മഹേന്ദ്രനഗര്‍ വരെ മാത്രം പോകാനേ ഇന്ത്യന്‍ രജിസ്ട്രേഷന്‍ വാഹനങ്ങള്‍ക്ക് അനുമതി ഉള്ളൂ. പട്ടാളത്തിന്‍റെ കര്‍ശനപരിശോധന കഴിഞ്ഞ് നേപ്പാളില്‍... 'അക്കോഷെട്ടാ... അമ്പട്ടന്‍'. യോദ്ധ സിനിമയിലെ ഉണ്ണിക്കുട്ടന്മാര്‍ ഒരുപാടുണ്ട്. ഹ ഹ.. അതെ തീര്‍ത്തും രസകരം. മോഹന്‍ലാലും ജഗതി ശ്രീകുമാറും മത്സരിച്ചു അഭിനയിച്ചു നമ്മുടെ ഹൃദയത്തില്‍ ഏറ്റിയ ആ സിനിമയിലെ രംഗങ്ങള്‍ തന്നെയാണ് എന്‍റെ മനസ്സിലേക്ക് പെട്ടെന്ന് ഓടിയെത്തിയത്.
ഒരു പത്തു കിലോമീറ്റര്‍ പോയിക്കാണും. മഹേന്ദ്രനഗര്‍ പട്ടണം എത്തിയിരിക്കുന്നു. അതെ ഞങ്ങള്‍ വിജയകരമായി അതിര്‍ത്തി താണ്ടി പുറംരാജ്യത്തു ബൈക്കുമായി...!!! മനസ്സില്‍ മുന്‍പെങ്ങും അനുഭവിക്കാത്ത ഒരു പ്രത്യേക അനുഭൂതി. ബൈക്ക് പാര്‍ക്ക് ചെയ്ത് നടക്കാന്‍ തുടങ്ങി. ഒരു സാധാരണഉത്തരേന്ത്യന്‍ പട്ടണത്തെ പോലെ തന്നെ. ചെറിയ കടകള്‍.. വഴിയോരവാണിഭക്കാര്‍.. എല്ലാം സാധാരണം. എന്നാല്‍ ജനങ്ങളുടെ വേഷം, ഭാഷ എല്ലാം തീര്‍ത്തും വ്യത്യസ്തവും.ഖൂര്‍ക്കകള്‍.. ടിബറ്റന്‍ വംശക്കാര്‍... മുന്‍പെങ്ങും കണ്ടു പരിചയമില്ലാത്ത ഒരു ജനവംശം. മനസ്സില്‍ ഒരു ചെറിയ പേടി തോന്നി. കുറെ ദൂരം നടന്നു. ദൂരെ ഹിമാലയത്തിന്‍റെ പര്‍വതശ്രിംഗങ്ങള്‍ തല ഉയര്‍ത്തി നില്‍ക്കുന്നു. ഒരു ചായക്കടയില്‍ കയറി.
കുറച്ചു നേരം ഇരുന്നു. മൊബൈല്‍ എടുത്തു മാപ്പ് നോക്കാമെന്ന് വച്ചപ്പോഴും നിരാശ തന്നെ ഫലം. ഇന്റര്‍നാഷണല്‍ റോമിംഗ് !!!! മൊബൈല്‍ വെറുമൊരു കാഴ്ച വസ്തുവായി മാറിയിരിക്കുന്നു. ചായ കുടിച്ചു. ഹിന്ദി നന്നായി അറിയുന്നവരാണ് അവിടുത്തെ കച്ചവടക്കാറൊക്കെ. നൂറു രൂപ കൊടുത്തപ്പോള്‍ ബാക്കി ആയി നൂറ്റിനാല്‍പ്പതു നേപ്പാളി രൂപ തിരിച്ചു തന്നു.. ഇരുപതു നേപ്പാളി രൂപ ആയി ചായക്ക് എന്നും പറഞ്ഞു. അങ്ങനെ ഇതും വ്യത്യസ്തതകളുടെ കണക്കില്‍ പെടുത്തേണ്ട കാര്യമായി മാറി.
പുറത്തിറങ്ങിയപ്പോള്‍ ദൂരെ ഒരു ആള്‍ക്കൂട്ടം. കാര്യം അറിയാന്‍ ഞങ്ങളും അങ്ങോട്ടേക്ക് പോയി. ഒരു ചെറിയ താല്‍ക്കാലിക സ്റേജില്‍ സ്കൂള്‍ കുട്ടികളുടെ നാടകം അരങ്ങേറുകയാണ്. കുറെ നേരം കണ്ടു നിന്നു, കേള്‍ക്കുന്നതൊന്നും മനസ്സിലാകുന്നില്ല. 'സ്ത്രീ സംരക്ഷണത്തെ'ക്കുറിച്ചുള്ള ബോധവല്‍ക്കരണം ആണെന്ന് മനസ്സിലായി. കുറച്ചു ദൂരം കൂടെ നടന്നു. എല്ലാ കടയിലും വില രണ്ടു തരത്തില്‍. 1000 ഇന്ത്യന്‍ രൂപ = 1600 നേപ്പാള്‍ രൂപ എന്നതാണ് ഏകദേശകണക്ക്. ഇന്ത്യക്കാരനായി ജനിക്കാന്‍ കഴിഞ്ഞതില്‍ ഒരല്‍പം അഹങ്കാരം എനിക്ക് ഉള്ളില്‍ തോന്നാതിരുന്നില്ല.
ഉച്ച കഴിഞ്ഞിരിക്കുന്നു. ലഘുവായ ഉച്ചഭക്ഷണം മതിയെന്ന് വച്ചു. വേഗം തന്നെ മടങ്ങി. തിരിച്ചു വരുമ്പോള്‍ വഴിയില്‍ ചില ഗ്രാമങ്ങള്‍ കണ്ടു. ഞങ്ങള്‍ ഒരു ചെറിയ റോഡിലൂടെ മുന്നോട്ട് നീങ്ങി. ദൂരെ ഹിമാലയം. ഒരു ഇരുപതു കിലോമീറ്റര്‍ പോയി കാണും. റോഡ് അവസാനിച്ചു. മുന്നില്‍ ഒരു ഉണങ്ങി വരണ്ട നദി. മുന്നോട്ടു പോകാന്‍ തന്നെ മനസ്സ് പറഞ്ഞു. കുറെ ദൂരം ചെന്നപ്പോള്‍ മനോഹരമായ ഒരു ഭൂപ്രദേശത്ത് ഞങ്ങള്‍ എത്തി, മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത ഹിമാലയന്‍ മനോഹാരിത..
എന്‍റെ ക്യാമറക്ക് ഒരു വിരുന്നു തന്നെ ആയിരുന്നു അവിടം. ഒരുപാട് ഫോട്ടോ എടുത്തു. വ്യത്യസ്തമായ ചിലവ താഴെ ചേര്‍ക്കുന്നു.
സമയം വൈകിയിരിക്കുന്നു. പെട്ടെന്ന് തന്നെ തിരിച്ചു. അതിര്‍ത്തി കടന്നു ഇന്ത്യയില്‍ എത്തിയപ്പോള്‍ മനസ്സില്‍ വല്ലാത്ത ശാന്തി . ദീര്‍ഘയാത്രക്ക് ശേഷം സ്വന്തം വീട്ടില്‍ തിരിച്ചെത്തിയ പോലെ ഉള്ള ഒരാശ്വാസം മനസ്സിന്.
ഞങ്ങള്‍ കൃതാര്‍ത്ഥരായിരുന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് നിന്നും ലോകത്തെ ഏറ്റവും പുതിയ ജനാധിപത്യ രാജ്യത്തെക്ക് ഇരു ചക്ര വാഹനത്തില്‍ സഞ്ചരിച്ചു എന്നത് ഇങ്ങുദൂരെ മലയാളഭൂമിയില്‍ ഇരുന്നു ചിന്തിക്കുമ്പോള്‍ അല്‍പ്പം അഹങ്കാരവും എന്നിലെ യാത്രികനു സമ്മാനിച്ചു എന്നത് തികച്ചും സാധാരണം തന്നെ എന്ന വിശ്വാസത്തോടെ.........
അസൂയ തോന്നുന്ന കുറെ ആള്കരുണ്ടായിരുന്നു എസ് കെ , സന്തോഷ് ജോര്‍ജ് കുളങ്ങര ,ലക്ഷ്മി നായര്‍ ദാ ഇപ്പൊ നീയും ..............ഇതെന്റെ മനസിന്റെ കുഴപ്പമാണോ ................? നീ തകര്‍ത്തു അജൂ ഫോട്ടോയെ കുറിച്ച് ഞാനൊന്നും പറയില്ല ..........എഴുത്ത് വളരെ നന്നയിരിക്കുന്നു കുറച്ചു കൂടി ഒഴുക്ക് കൂട്ടാം............
ReplyDelete:-) <3
ReplyDeletewow!! its good to see...
ReplyDeletethnks
Deletekeep going...wonderful attempt.
ReplyDeletethnks
Delete